പരിശുദ്ധാത്മാവ് എന്നെ കൈവിട്ടിട്ടില്ല: കരിക്കിന്‍വില്ല കൊലക്കേസിലെ പ്രതി റെനി ജോര്‍ജ് മനസ്സ് തുറക്കുന്നു

പഴയ തലമുറയ്ക്ക് പെട്ടെന്നൊന്നും മറക്കാന്‍ കഴിയാത്ത ഒരു പേരാണ് കരിക്കിന്‍വില്ല കൊലക്കേസും പ്രതിയായിരുന്ന മദ്രാസിലെ മോനും. ഒരു പ്രതിയായി മാത്രം കേരള പോലീസിന്റെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തപ്പെട്ടുപോകുമായിരുന്ന റെനി ജോര്‍ജിനെ ഇന്ന് ലോകം മുഴുവന്‍ മറ്റൊരുരീതിയില്‍ നോക്കിക്കാണുന്നതിന് കാരണം അദ്ദേഹത്തിന് സംഭവിച്ച മാനസാന്തരമായിരുന്നു.

അടുത്തയിടെ ഒരു മാധ്യമത്തിന് അദ്ദേഹം നല്കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച മാനസാന്തരാനുഭവത്തെക്കുറിച്ച് സവിസ്തരം പ്രസ്താവിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

പരോളില്‍ ഇറങ്ങി ഒരു മോഷണം കൂടി നടത്തി ജയിലില്‍ സുഖമായി ജീവിക്കാം എന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിതമായി ഒരു പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാന്‍ കാരണമായത്. മനസ്സില്ലാമനസ്സോടെയും അശ്രദ്ധയോടെയും കൂടെയുള്ള ആളുടെ നിര്‍ബന്ധത്തെപ്രതി പങ്കെടുത്തുകൊണ്ടിരിക്കവെ അവിടെ വച്ച് താന്‍ ഇതുവരെ ചെയ്തുകൂട്ടിയതെല്ലാം തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായി.

അദ്ദേഹത്തിന്റെ വാക്കുകള്‍: ആദ്യമായി എന്നില്‍ പശ്ചാത്താപം ഉണ്ടായി. അവിടെ വച്ച് ഞാന്‍ എന്റെ പാപങ്ങളും തെറ്റുകളും കുറ്റങ്ങളും എല്ലാം ഏറ്റുപറഞ്ഞു. എന്റെ മനസ്സ് ദൈവത്തിലര്‍പ്പിച്ച് ഞാന്‍ അവിടുന്ന് തിരിച്ചുപോന്നു. ദൈവത്തോട് ഞാന്‍ മാപ്പ് അപേക്ഷിച്ചു. ഇനിയും ഒരു ജീവിതം ഉണ്ടെങ്കില്‍ നല്ല മനുഷ്യനായി ജീവിക്കും എന്ന് ദൈവത്തിന് വാക്കു കൊടുത്തു. പ്രാര്‍ത്ഥനായോഗത്തില്‍ ഒന്നും ശ്രദ്ധിക്കാതെ അലസമായി ഇരുന്ന എന്നില്‍ ഇങ്ങനെ ഒരു മാറ്റം എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് എനിക്ക് മനസ്സിലായി പരിശുദ്ധാത്മാവ് എന്നെ കൈവിട്ടിട്ടില്ല .എന്റെ പാപങ്ങള്‍ ദൈവം കഴുകിക്കളഞ്ഞു.

അവിടെ നിന്ന് തിരികെ ഒരുപുതിയ മനുഷ്യനായിട്ടാണ് റെനി ജയിലില്‍ എത്തിയത്, കാരണം അപ്പോള്‍ അയാളുടെ കൈയില്‍ വേദപുസ്തകമുണ്ടായിരുന്നു. റെനിയുടെ മാനസാന്തരജീവിതം അവിടെ ആരംഭിക്കുകയായിരുന്നു.

ജയില്‍ മോചിതനായിക്കഴിഞ്ഞ റെനിഇന്ന് ജയില്‍വാസികളുടെ പുനരധിവാസവും അവരുടെ മക്കളുടെ സംരക്ഷണവുമെല്ലാമായി ബാംഗ്ലൂരില്‍ താമസമാക്കിയിരിക്കുകയാണ്. ജയില്‍വാസികളുടെ നൂറിലധികം വരുന്ന മക്കള്‍ക്ക് അദ്ദേഹം സംരക്ഷകനുമാണ്. ജയിലുകളില്‍ തടവുകാര്‍ക്ക് ക്ലാസുകളുമെടുക്കാറുണ്ട്.

തടവുകാരോട് റെനി പറയുന്നത് ഇതാണ്. എന്നെ ഇന്ന് ഈ നിലയില്‍ എത്തിച്ചത് എന്റെ യേശു ആണ്. ആ യേശു നിങ്ങളെയും കൈപിടിച്ചുയര്‍ത്തും.

നന്നായി ജീവിക്കാനും മോശമായി ജീവിക്കാനും നമുക്ക് കഴിയുമെന്നും മനസ്സാക്ഷിയനുസരിച്ച് ജീവിക്കണമെന്നും റെനി പറയുന്നു. ഉള്ളിലുള്ള ദൈവത്തെ കാണാതെ സാത്താന്റെ പിന്നാലെ പോയാല്‍ നമ്മളും സാത്താനും തമ്മില്‍ വ്യത്യാസമെന്ത്? റെനി ചോദിക്കുന്നു.

കടപ്പാട്: മംഗളം



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.