മൈതാനത്തിലെ കളി അവസാനിപ്പിച്ച് അള്‍ത്താരയില്‍ ബലി അര്‍പ്പിക്കാന്‍ ഒരുങ്ങുന്ന താരം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആ പേര് സുപരിചിതമായിരിക്കും. ലാന്‍ഡ്രി വെബെര്‍. കാന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലെ വൈഡ് റിസീവര്‍. ഫുട്‌ബോള്‍ ലോകത്തില്‍ ഏറെ പ്രതീക്ഷകളുള്ള ഒരു താരം.

പക്ഷേ ഈ താരത്തെക്കുറിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ വ്യത്യസ്തമാണ്. 23 കാരനായ ലാന്‍ഡ്രി വെബര്‍ സെമിനാരിയില്‍ ചേരാന്‍ പോകുന്നുവെന്നതാണ് ആ വാര്‍ത്ത. അങ്ങനെയെങ്കില്‍ കാന്‍സാസ് സിറ്റി അതിരൂപതയ്ക്ക് ഫുട്‌ബോളറായ ഒരു വൈദികനെ ലഭിക്കും. അഞ്ചുലക്ഷത്തോളം കോളജ് അതലറ്റുകളുണ്ടെങ്കിലും അതില്‍ വെറും രണ്ടു ശതമാനം മാത്രമായിരിക്കും സ്‌പോര്‍ട്‌സിനെ ഒരു കരിയറായി തിരഞ്ഞെടുത്തിരിക്കുന്നവര്‍. മറ്റുള്ളവര്‍ സ്‌പോര്‍ട്‌സിനെക്കാള്‍ മറ്റ് പലതിനും മുന്‍ഗണന നല്കി പല വഴി പിരിഞ്ഞുപോകും. ലാന്‍ഡ്രിക്ക് ജീവിതത്തില്‍ പലസാധ്യതകള്‍ ഉണ്ടായിരുന്നിട്ടും ആ വഴിയെ പോകാതെ വൈദികജീവിതം തിരഞ്ഞെടുത്തത് തന്റെ വിളിയെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യം ഉളളതുകൊണ്ട് തന്നെയാണ്.

കോളജ് ജീവിതത്തിന്റെ തുടക്കകാലത്ത് തന്നെ സെമിനാരിയില്‍ ചേരണമെന്ന ആഗ്രഹം തന്നിലുണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. ഒരു വൈദികനുമായുളള സമ്പര്‍ക്കം കൂടുതല്‍ പ്രാര്‍ത്ഥിക്കാനും ധ്യാനത്തില്‍ പങ്കെടുക്കാനും ഒടുവില്‍ ദൈവവിളി വിവേചിച്ചറിയാനും വഴിയൊരുക്കി. പരിശുദ്ധ കന്യാമറിയം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണെന്നും ലാന്‍ഡ്രി പറയുന്നു.

കോളജ് ജീവിതകാലത്ത് തന്നെ രണ്ടുതവണ പരിശുദ്ധ അമ്മയ്ക്ക് തന്നെ സമര്‍പ്പിച്ചുകൊടുത്തുവെന്നും അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു അതെന്നും ലാന്‍ഡ്രി ഓര്‍മ്മിക്കുന്നു, വൈദികാന്തസിലേക്കുള്ള യാത്രയില്‍ തന്നെ ഏറെ സഹായിച്ചതും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണെന്നും ലാന്‍ഡ്രി പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.