മധ്യപ്രദേശ്; കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി ദേവിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് നിവേദനം

സത്‌ന: ക്രിസ്തു ജ്യോതി സീനിയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ സരസ്വതി ദേവിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെയും നിവേദനം. സ്‌കൂള്‍ അധികൃതര്‍ക്ക് 15 ദിവസത്തെ സാവകാശമാണ് നല്കിയിരിക്കുന്നത്. മാനേജര്‍ ഫാ. അഗസ്റ്റ്യന്‍ ചിറ്റുപറമ്പിലാണ് ഇക്കാര്യം അറിയിച്ചത്.

വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ നിവേദനവുമായി തന്നെ വന്നുകണ്ടുവെന്നും സരസ്വതി ദേവിയുടെ പ്രതിമ സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിക്കണമെന്നാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് സരസ്വതി ദേവിയുടെ ക്ഷേത്രം ഉണ്ടായിരുന്നതായിട്ടാണ് അവരുടെ അവകാശവാദം.

49 വര്‍ഷം മുമ്പാണ് സ്‌കൂള്‍ ആരംഭിച്ചത്. ഇന്നുവരെ അത്തരമൊരു അവകാശവാദം ആരും ഉന്നയിച്ചിട്ടില്ലെന്ന് ഫാ. അഗസ്റ്റ്യന്‍ അറിയിച്ചു. വീണ്ടും വരുമെന്ന് ഭീഷണി മുഴക്കിയാണ് അവര്‍ പോയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി സീറോ മലബാര്‍ , സത്‌ന രൂപതയിലാണ് സ്‌കൂള്‍.

ഭോപ്പാലില്‍ നിന്ന് 455 കിലോമീറ്റര്‍ അകലെയാണ് സത്‌ന. ഈ വര്‍ഷം തന്നെ രണ്ടാം തവണയാണ് ഇവിടെയുള്ള കത്തോലിക്കാ സ്‌കൂളിന് നേരെ ഹൈന്ദവമതമൗലികവാദികളുടെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായ സിസ്റ്റര്‍ ഭാഗ്യക്കെതിരെയായിരുന്നു ആദ്യ ആരോപണം. മുന്‍ സ്റ്റാഫിനെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. കേസ് ഇപ്പോഴും നിലവിലുണ്ട്.

ഭാരതീയ ജനതാപാര്‍ട്ടിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.