സ്വയം ഇംഗ്ലണ്ടില്‍ പൗരത്വം സ്വീകരിക്കുകയും സ്വന്തം ഇഷ്ടപ്രകാരം സന്യാസസമൂഹം ഉപേക്ഷിക്കുകയും ചെയ്ത് ഇംഗ്ലണ്ടില്‍ താമസമാക്കിയിരിക്കുന്ന വ്യക്തിയുടെ പേരില്‍ വയനാട്ടിലുള്ള സന്യാസസമൂഹം പഴികേള്‍ക്കുന്നത് ന്യായമോ?

ആടിനെ പട്ടിയാക്കുകയും പട്ടിയെ ആടാക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയായുടെ ഇക്കാലത്ത് കത്തോലിക്കാസഭയെയും സന്യാസത്തെയും അപമാനിക്കാനും മറ്റുള്ളവരുടെ ഇടയില്‍ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ചില സംഘടിതശക്തികള്‍ വിദ്വേഷത്തിന്റെ കരുക്കള്‍ ഏറ്റവും ഒടുവിലായി നിരത്തുന്നത് മക്കിയാട് സ്‌കൊളാസ്റ്റിക്കാ കോണ്‍വെന്റിന് നേരെയാണ്. ബെനഡിക്ട്ന്‍ സന്യാസസഭാംഗമായിരുന്ന ദീപ ജോസഫിനെ മഠം അധികാരികള്‍ മാനസികരോഗിയാക്കിയിരിക്കുന്നുവെന്നതാണ് ദുരാരോപണം. ഈ സാഹചര്യത്തില്‍ നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ കോണ്‍വെന്റ് സുപ്പീരിയര്‍ ട്രീസാ തോമസിന്റെ പേരില്‍ സന്യാസസമൂഹം കൊടുത്തിരിക്കുന്ന വിശദീകരണക്കുറിപ്പ് ഏറെ സഹായിക്കും. മരിയന്‍ പത്രത്തിന്‌റെ വായനക്കാര്‍ക്കുവേണ്ടി സന്യാസസമൂഹം നല്കുന്ന വിശദീകരണത്തിന്റെ പൂര്‍ണ്ണരൂപം ചേര്‍ക്കുന്നു.

1998 ജൂലൈ 1-ന് മക്കിയാടുള്ള സ്കൊളാസ്റ്റിക്ക കോണ്‍വെന്‍റില്‍ ചേര്‍ന്ന ദീപ ജോസഫ് (ബിന്ദു) 2002 മാര്‍ച്ച് 31-ന് ബാംഗ്ലൂര്‍ വെച്ച് സന്യാസസഭയില്‍ പ്രഥമവ്രതവാഗ്ദാനവും 2007 നവംബര്‍ 10-ന് ഇംഗ്ലണ്ടില്‍ വച്ച് നിത്യവ്രതവാഗ്ദാനവും ചെയ്ത വ്യക്തിയാണ്. 2008 ജൂണില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ദീപ വീണ്ടും സ്വന്തം അഭ്യര്‍ത്ഥനപ്രകാരം 2008-ല്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. 2011-ല്‍ ഒരു വര്‍ഷത്തേക്ക് മഠത്തില്‍ നിന്ന് മാറി സന്യാസജീവിതത്തെക്കുറിച്ച് പുനരാലോചിക്കാന്‍ അവസരം നല്കണമെന്ന് മദര്‍ ജനറലിനോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ അത് അനുവദിക്കുകയും ചെയ്തു.

ഒരു വര്‍ഷത്തോളം സന്യാസജീവിതത്തില്‍ നിന്ന് വിട്ടുനിന്ന ശേഷം 2012 ഓഗസ്റ്റില്‍ തനിക്ക് സന്യാസജീവിതത്തില്‍ നിന്ന് പൂര്‍ണമായും വിടുതല്‍ നല്കണമെന്ന് ദീപ മദര്‍ ജനറലിനോട് കത്ത് മുഖാന്തിരം ആവശ്യപ്പെടുകയും നിയമപ്രകാരം മദര്‍ ജനറലിന്‍റെ ആവശ്യപ്രകാരം അതേമാസം തന്നെ ക്ലിഫ്റ്റണ്‍ രൂപതാ മെത്രാന്‍ ദീപ ചെയ്തിരുന്ന നിത്യവ്രതങ്ങളില്‍ നിന്ന് അവര്‍ക്ക് ഒഴിവുനല്കുകയും ചെയ്തു. സന്യാസജീവിതം ഉപേക്ഷിച്ചശേഷവും 2012 മുതല്‍ 2017 വരെ താന്‍ അംഗമായിരുന്ന അതേ സന്യാസസഭയുടെ സ്ഥാപനത്തില്‍ത്തന്നെയാണ് ദീപ ജോലി ചെയ്യുകയും താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നത്. 2017-ല്‍ തനിക്ക് അവിടെ നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും പലവിധത്തില്‍ സഹായിക്കാന്‍ സന്യാസസമൂഹം ഒരുക്കമായിരുന്നുവെങ്കിലും ദീപ തന്നെ അത് നിഷേധിക്കുകയാണുണ്ടായത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ദീപയുടെ കുടുംബം സന്യാസസമൂഹത്തിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. പത്രവാര്‍ത്തയിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു:

1. നിത്യവ്രതവാഗ്ദാനത്തിന് ശേഷം തിരിച്ച് വയനാട്ടിലെ മക്കിയാട് സന്യാസസമൂഹത്തിലേക്ക് തന്നെ മടങ്ങിയെത്തിയ ദീപ വീണ്ടും ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകുന്നത് സ്വന്തം ഇഷ്ടത്താലും അഭ്യര്‍ത്ഥനയാലുമാണ്. 2008 ജൂലൈ 18-ന് ഇംഗ്ലണ്ടിലുള്ള സന്യാസസമൂഹത്തിന്‍റെ മദര്‍ ജനറലിനയച്ച കത്തില്‍ ദീപ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “I want to come back to England. I want to work with residents. Here I was offered many things – to teach children, singing etc. I am doing all this but find no happiness in them. I am not happy here. I want to come back there. I tried my best, I could not be happy. I was so happy in England”. കത്തിലെ ഈ വരികളിലെ ഗൗരവം മനസ്സിലാക്കിയാണ് വീണ്ടും ദീപയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുന്നത്. ഇംഗ്ലണ്ടില്‍ താന്‍ സന്തോഷവതിയായിരുന്നുവെന്നും തനിക്ക് വീണ്ടും അവിടേക്ക് മടങ്ങിവരണമെന്നുമാണ് ദീപ ആവശ്യപ്പെട്ടിരുന്നത്. അതിനര്‍ത്ഥം മക്കിയാട് തന്‍റെ ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്നല്ല താനും. മക്കിയാട് തനിക്കുണ്ടായിരുന്ന പ്രശ്നം അതേ കത്തില്‍ത്തന്നെ അവര്‍ എഴുതിയിട്ടുണ്ട്: “”If I stay here I cannot be myself. I am a worry to my family now. For they think I am not alright in the convent. I do want to stay away from here.” താന്‍ മഠത്തില്‍ സന്തോഷവതിയല്ലെന്ന് തന്‍റെ കുടുംബം കരുതുന്നതിനാലാണ് മക്കിയാട് നിന്ന് തനിക്ക് മാറ്റം തരണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. സമാനമായ അതേ ആരോപണം തന്നെയാണ് കുടുംബം ഇപ്പോഴും ഉയര്‍ത്തുന്നത് എന്നത് അതിശയകരമാണ്.

2. ദീപ ഇംഗ്ലണ്ടില്‍വച്ചുതന്നെ അവിടെയുള്ള വിദഗ്ദഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനോടുകൂടെ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. തനിക്ക് എന്തിനാണ് മരുന്ന് വേണ്ടതെന്നും തന്‍റെ അവസ്ഥ എന്താണെന്നും അറിയാവുന്ന ദീപ കൃത്യമായും നിയന്ത്രിതമായും തന്‍റെ മരുന്നുകള്‍ കഴിച്ചുകൊണ്ടാണിരുന്നത്. എന്നാല്‍ 2008-ല്‍ മക്കിയാട് മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാരാണ് ഈ മരുന്ന് ആവശ്യമില്ലെന്ന തീരുമാനമെടുത്ത് മരുന്ന് നല്കുന്നത് നിര്‍ത്തിവെച്ചത്. വീട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം മക്കിയാട് മഠത്തിലെ സുപ്പീരിയര്‍ സിസ്റ്റര്‍ മരുന്ന് നല്കുന്നത് നിര്‍ത്തിയത് തന്നെ ദോഷകരമായി ബാധിക്കുന്നുവെന്നും മദര്‍ ജനറലിനയക്കുന്ന കത്തില്‍ ദീപ വ്യക്തമാക്കുന്നുണ്ട്: “They (family) came over to the convent and discussed the matter with Sr. (the then Superior) and decided not to give me tabs, for they thought it is not necessary for me to take tabs. I became ill and I explained the need of taking tabs, but Sr (the then superior) is keeping them and giving me 1/2 tab each day.” ദീപയുടെ തന്നെ വാക്കുകളില്‍ നിന്നും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്വന്തം തീരുമാനപ്രകാരം തന്‍റെ രോഗത്തെക്കുറിച്ച് ബോദ്ധ്യപ്പെട്ട് മരുന്ന് കഴിക്കുന്ന വ്യക്തിയാണ് അവര്‍ എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

3. കോണ്‍ഗ്രിഗേഷനില്‍ നിന്നു പുറത്താക്കിയെന്ന ആരോപണവും തികച്ചും അടിസ്ഥാനരഹിതമാണ്. അഭ്യര്‍ത്ഥനപ്രകാരം 2008-ല്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ച് പോയ ദീപ 2011-ല്‍ തനിക്ക് തന്‍റെ സന്യാസജീവിതത്തേക്കുറിച്ച് പുനരാലോചിക്കാന്‍ ഒരു വര്‍ഷം സമയം നല്കണമെന്ന് ആവശ്യപ്പെടുകയും അത് അനുവദിക്കുകയും ചെയ്തു (exclaustration). തുടര്‍ന്ന് ഒരു വര്‍ഷത്തെ ആലോചനക്ക് ശേഷം 2012 ഓഗസ്റ്റ് 2-ന് സന്യാസസമൂഹത്തിന്‍റെ ജനറാളിന് അയച്ച കത്തില്‍ തനിക്ക് സന്ന്യാസസമൂഹത്തില്‍ നിന്ന് വിടുതല്‍ നല്കണമെന്ന് ദീപ തന്നെയാണ് ആവശ്യപ്പെട്ടിരുന്നത്: “I would like to thank you for all your support and prayers while I was on exclaustration! Now I have come to a conclusion. May I ask you to allow me the dispensation from my vows, as a religious sister.” നിയമപരമായിത്തന്നെ തനിക്ക് സന്യാസജീവിതത്തില്‍ നിന്ന് ഒഴിവുനല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഈ കത്തിലും താന്‍ ആലോചനക്കായി മാറിനിന്ന കാലത്ത് തനിക്ക് സന്യാസസമൂഹം ചെയ്തു തന്ന സഹായങ്ങള്‍ക്ക് ദീപ നന്ദി പറയുന്നുണ്ട്.

കത്തിലൂടെയുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് സന്യാസസമൂഹത്തിന്‍റെ നിയമപ്രകാരം ക്ലിഫ്റ്റണ്‍ രൂപതാമെത്രാന്‍ ദീപക്ക് താനെടുത്തിരുന്ന വ്രതങ്ങളില്‍ നിന്ന് ഒഴിവു നല്കിക്കൊണ്ട് കത്ത് നല്കി. അതിന്‍പ്രകാരം ദീപ അംഗീകരിച്ചാല്‍ മാത്രമേ ഈ ഒഴിവ് വാസ്തവമാവുകയുമുള്ളു:””The indult will come into effect when it is communicated to the petitioner, unless it is rejected by her when she is notified of it.” ഈ കത്ത് ദീപ കൈപ്പറ്റുകയും വ്രതവാഗ്ദാനത്തില്‍ നിന്നുള്ള ഒഴിവ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ത്തന്നെ ദീപയെ മഠത്തില്‍ നിന്ന് പുറത്താക്കിയെന്ന ആരോപണം തികച്ചും വ്യാജമാണ്.

4. ദീപ ഇപ്പോള്‍ ആരും ആശ്രയമില്ലാതെ വീട്ടുതടങ്കലിലെന്ന പോലെ ഇംഗ്ലണ്ടില്‍ ഒറ്റക്ക് താമസിക്കുകയാണ് എന്ന പ്രചാരണവും പൂര്‍ണമായും തെറ്റാണ്. മഠത്തില്‍ നിന്ന് അനുവാദപ്രകാരം സന്യാസജീവിതം ഉപേക്ഷിച്ച ശേഷവും അഞ്ച് വര്‍ഷത്തോളം അവരുടെ ഫ്ളാറ്റില്‍ത്തന്നെ താമസിച്ച് അവരുടെ സ്ഥാപനത്തില്‍ത്തന്നെയാണ് ദീപ ജോലി ചെയ്തിരുന്നത്. പിന്നീട് 2017-ല്‍ നിര്‍ബന്ധബുദ്ധ്യാ അവിടെനിന്ന് മാറുകയായിരുന്നു. മാറുന്ന അവസരത്തില്‍ സ്വന്തം ഫ്ളാറ്റിലേക്കാണ് ദീപ പോയത്. അപ്പോഴും മറ്റൊരിടത്ത് ജോലിക്കുള്ള ഓഫര്‍ സന്യാസസമൂഹം നല്കിയിരുന്നു. എന്നാല്‍ എല്ലാ സഹായങ്ങളും നിരാകരിച്ച ദീപ തന്‍റെ ഫ്ളാറ്റിലേക്ക് താമസം മാറ്റി. അവിടെ താമസിക്കുമ്പോഴും എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച് സിസ്റ്റേഴ്സ് ചെല്ലുമായിരുന്നെങ്കിലും ദീപ തന്നെ അത്തരം സന്ദര്‍ശനങ്ങള്‍ നിരുത്സാഹപ്പെടുത്തി.

പിന്നീട് അടുത്ത നാളുകളില്‍ ദീപയുടെ വീട്ടില്‍ നിന്ന് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെയുള്ള പരാതികള്‍ ലഭിച്ചപ്പോള്‍ വീണ്ടും സന്ന്യാസസഭയുടെ പ്രതിനിധികളും ആശുപത്രിയില്‍ നിന്നുള്ളവരും ദീപയെ സന്ദര്‍ശിച്ചുവെങ്കിലും താന്‍ സന്തുഷ്ടയാണെന്നും തനിക്ക് യാതൊരുവിധ സഹായവും ആവശ്യമില്ലെന്നുമുള്ള ഉത്തരമാണ് ദീപയുടെ ഭാഗത്ത് നിന്നുണ്ടായത്. ദീപ വീട്ടു തടങ്കലിലാണെന്നതും ദാരിദ്ര്യത്തിലാണ് കഴിയുന്നതുമെന്നുമുള്ള ആരോപണങ്ങളും തെറ്റാണ്. ദീപ ഇപ്പോള്‍ സ്വന്തം ഫ്ളാറ്റില്‍ താമസിക്കുകയും ഇംഗ്ലണ്ടില്‍ പൗരത്വമുള്ള വ്യക്തിക്ക് ലഭിക്കുന്ന ഗവണ്‍മെന്‍റ് ആനുകൂല്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അവരെ ഫോണില്‍ ബന്ധപ്പെടാനും സംസാരിക്കാനും ഏതൊരു വ്യക്തിക്കും എപ്പോഴും സാധിക്കുന്നതുമാണ്.

5. ദീപ സന്യാസസമൂഹത്തില്‍ നിന്ന് പോയതിനുശേഷം ഇംഗ്ലണ്ടില്‍ നിന്ന് രണ്ടുതവണ വീട്ടില്‍ വന്നിട്ടുണ്ട്. വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടാതെ ദീപയുടെ മൂത്ത സഹോദരന്‍ വിജു ഇംഗ്ലണ്ടില്‍ വരികയും ദീപയുടെ രോഗാവസ്ഥയും ജീവിതസാഹചര്യങ്ങളും മനസ്സിലാക്കുകയും ചെയ്തിട്ടുള്ളതുമാണ്. ദീപ തന്‍റെ ജീവിതാന്തസ്സ് മാറിയ വിവരം വീട്ടില്‍ അറിഞ്ഞിട്ടുണ്ട്.

വാസ്തവങ്ങള്‍ ഇതൊക്കെയായിരിക്കേ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നാടുകടത്തി പീഡിപ്പിച്ച് മാനസികരോഗിയാക്കി എന്ന മട്ടില്‍ വാര്‍ത്താമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തികച്ചും അപലപനീയമാണ്. മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അതാതുകാലത്തെ രേഖകളായിത്തന്നെ സൂക്ഷിച്ചിരിക്കുന്ന വസ്തുതകളാണ്.

ആ തെളിവുകളൊന്നും തന്നെ കള്ളം പറയുകയുമില്ലല്ലോ. സ്വയം ഇംഗ്ലണ്ടില്‍ പൗരത്വം സ്വീകരിക്കുകയും സ്വന്തം ഇഷ്ടപ്രകാരം സന്യാസസമൂഹം ഉപേക്ഷിക്കുകയും ചെയ്ത് ഇംഗ്ലണ്ടില്‍ താമസമാക്കിയിരിക്കുന്ന ഒരു വ്യക്തിയുടെ കാര്യത്തിലാണ് വയനാട്ടിലുള്ള സന്യാസസമൂഹം പഴികേള്‍ക്കേണ്ടിവരുന്നത്. വളരെ മോശമായ ഭാഷയില്‍ വാട്സാപ്പ് വഴിയായി ടെക്സ്റ്റ് മെസേജുകളും വോയിസ് മെസേജുകളും കത്തുകളും മക്കിയാട് സ്കൊളാസ്റ്റിക്ക കോണ്‍വെന്‍റിലെ സിസ്റ്റേഴ്സിനും മേലധികാരികള്‍ക്കും ദീപയുടെ ഇളയ സഹോദരന്‍ അയച്ചുകൊണ്ടിരിക്കുന്നു.

ദീപ സന്യാസജീവിതം ഉപേക്ഷിച്ച് അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത് വീട്ടിലേക്ക് പണം അയച്ചുകൊണ്ടിരുന്നപ്പോള്‍ യാതൊരുവിധ ആക്ഷേപങ്ങളുമില്ലാതിരുന്നവര്‍ ദീപ ജോലി ഉപേക്ഷിക്കുകയും ഗവണ്‍മെന്‍റ് ആനുകൂല്യങ്ങള്‍ സ്വീകരിച്ച് ജീവിക്കുകയും ചെയ്യുന്നതിനാല്‍ വീട്ടിലേക്ക് പണം അയക്കാതിരിക്കുന്ന ഒരു സാഹചര്യം രൂപപ്പെട്ടപ്പോള്‍ മാത്രം ഈ വിഷയത്തില്‍ അതീവതാത്പര്യം കാണിക്കുന്നതും ആക്ഷേപങ്ങളുന്നയിക്കുന്നതും അതിനാല്‍ത്തന്നെ ആക്ഷേപകരുടെ ഉദ്ദേശം വ്യക്തമാക്കുന്നതാണ്.

മാത്രവുമല്ല, സന്ന്യാസസമൂഹവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ചുകോടി ഇന്ത്യന്‍ രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നതും ഇതിന് പിന്നിലെ സാമ്പത്തികലക്ഷ്യത്തെ വെളിപ്പെടുത്തുന്നു. കുളം കലക്കി മീന്‍പിടിക്കാനുള്ള ശ്രമങ്ങള്‍ ഈ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടോയെന്ന് ന്യായമായും സംശയിക്കാവുന്നതുമാണ്. ആയതിനാല്‍ വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമായ ഇത്തരം പ്രചരണങ്ങളില്‍ നിന്ന് തത്പരകക്ഷികള്‍ നിരുപാധികം പിന്മാറേണ്ടതാണ് എന്ന് അറിയിക്കുന്നു.

സി. ട്രീസാ തോമസ് (സുപ്പീരിയര്‍), സ്കൊളാസ്റ്റിക്കാ കോണ്‍വെന്‍റ്, മക്കിയാട് ‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.