കോവിഡ് പകര്‍ച്ചവ്യാധിയുടെ അന്ത്യം കുറിക്കാന്‍ മനില അതിരൂപതയിലെ വൈദികര്‍ പ്രായശ്ചിത്ത പരിഹാര പ്രവൃത്തികളിലേക്ക്

മനില: കോവിഡ് പകര്‍ച്ചവ്യാധിയുടെ അന്ത്യം കുറിക്കാനായി ദൈവതിരുമുമ്പില്‍ എളിമപ്പെട്ട് പാപങ്ങള്‍ ഏറ്റുപറഞ്ഞും പ്രായശ്ചിത്തപ്രവൃത്തികള്‍ അനുഷ്ഠിച്ചും മനില അതിരൂപതയിലെ വൈദികര്‍ സ്വയം വിശുദ്ധീകരണത്തിനൊരുങ്ങുന്നു. അടുത്ത മാസമാണ് ദൈവതിരുമുമ്പില്‍ ഞങ്ങള്‍ എളിമപ്പെടുന്നു എന്ന പ്രചരണത്തിന് തുടക്കം കുറിക്കുന്നത്. മനില അതിരൂപതയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ബ്രോഡെറിക് പാബില്ലോയാണ് ഇതു സംബന്ധിച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്.

കോവിഡിന്റെ അന്ത്യത്തിനായി എല്ലാ കത്തോലിക്കരും പശ്ചാത്തപിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പകര്‍ച്ചവ്യാധിയുടെ തുടക്കകാലം മുതല്‍ നാം പ്രാര്‍ത്ഥിക്കുന്നു. പക്ഷേ നാം വേണ്ടതുപോലെ പ്രാര്‍ത്ഥിച്ചോ. നാം നമ്മെ തന്നെ എളിമപ്പെടുത്തിയോ, ദൈവഹിതം അന്വേഷി്‌ച്ചോ അദ്ദേഹം ചോദിക്കുന്നു.

വൈദികരോടൊപ്പം വിശ്വാസികളും ജൂണ്‍ ഒന്നിന് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പാപപരിഹാരപ്രവൃത്തികളിലും പങ്കെടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനിലയിലെ ക്വിയാപ്പോ ദേവാലയത്തില്‍ രാവിലെ 8.30 ന് വൈദികരും ആത്മീയനേതാക്കളും ഒരുമിച്ചുകൂടുകയും പാപം ഏറ്റുപറഞ്ഞ് കുമ്പസാരിക്കുകയും ചെയ്യും. പ്രായശ്ചിത്തപ്രവൃത്തികളുടെ സമാപനം സാന്താക്രൂസ് ദേവാലയത്തില്‍ ആയിരിക്കും. രാജ്യത്തിനും കത്തോലിക്കര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ അന്നേ ദിവസം നടക്കും.

ജൂണ്‍ 24 നാണ് മനിലയുടെ 33 ാമത് ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.