മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഈശോസഭാ വൈദികനെ അറസ്റ്റ് ചെയ്തു, നാളെ ഉപവാസ പ്രാര്‍ത്ഥനാദിനം

റാഞ്ചി: ഈശോസഭ വൈദികന്‍ ഫാ. സ്റ്റാനിസ്ലാവൂസ് ലൂര്‍ദ്ദ്‌സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തു. റാഞ്ചിക്ക് സമീപം താമസസ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

വൈദികന്റെ അറസ്റ്റ് ജനാധിപത്യ രീതികള്‍ക്ക് വിരുദ്ധമാണെന്ന് ഫോറം ഓഫ് റിലിജീയസ് ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് ആരോപിച്ചു. മനുഷ്യത്വരഹിതമായ സമീപനമാണ് ഇത്. ആദിവാസികള്‍ക്കും ഗോത്രസമുദായങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന വൈദികനാണ് ഇദ്ദേഹം. വ്യവസ്ഥകള്‍ പാലിക്കാതെ എത്രയും പെട്ടെന്ന് വൈദികനെ വിട്ടയ്ക്കണമെന്നും വൈദികനോടുള്ള ഐകദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്നും ഫോറം പറഞ്ഞു. ഫാ. ലൂര്‍ദ്ദ്‌സ്വാമി ഇരയായി മാറിയിരിക്കുകയാണ്.അടിയന്തിരമായി അദ്ദേഹത്തെ വിട്ടയക്കണം. ഫോറം ആവശ്യപ്പെട്ടു.

മാവോയിസ്റ്റുകളും ഇതര നിരോധിതസംഘടനകളുമായി വൈദികന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2018 ല്‍ പൂനെയില്‍ നടന്ന ഭീമാ കോറിഗാനോന്‍ അക്രമവുമായി വൈദികന് ബന്ധമുണ്ട് എന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഭീമാ കോറിഗാനോന്‍ യുദ്ധത്തിന്റെ ഇരുനൂറാം ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് 2018 ജനുവരി ഒന്നിനാണ് അക്രമം നടന്നത്. ആഘോഷം അക്രമത്തിലേക്ക് വഴിമാറുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

മാവോയിസ്റ്റ് ബന്ധമുള്ള ചില ആക്ടിവിസ്റ്റുകളാണ് ഇതിന് പിന്നിലുള്ളതെന്നാണ് പോലീസ് കണ്ടെത്തല്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.