ഫാ.സ്റ്റാന്‍ സ്വാമി ധീരനായ മനുഷ്യസ്‌നേഹി: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ജാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുംവേണ്ടി പോരാടിയ ഫാ.സ്റ്റാന്‍ സ്വാമിയുടെ ധീരമായ നിലപാടുകള്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുവാന്‍ പ്രചോദനമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.

ദുര്‍ബലവിഭാഗങ്ങളെ ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കുന്നവരുടെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഭരണകൂടസംവിധാനങ്ങളുടെയും പ്രവര്‍ത്തികളില്‍ നിശബ്ദനായ കാഴ്ചക്കാരനാവാതെ സത്യസന്ധമായി പ്രതികരിക്കുകയും തനിക്കുണ്ടാകുന്ന എതിര്‍പ്പുകള്‍ ക്രിസ്തുശിഷ്യനുള്ള സമ്മാനമായി കരുതുകയും ചെയ്ത സ്റ്റാന്‍ സ്വാമി അച്ചന്‍ നമുക്ക് മാതൃകയാണ്. പാവപ്പെട്ട ആദിവാസികളെ വ്യാജകേസുകളില്‍പ്പെടുത്തി നീതി നിഷേധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ അച്ചനെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ജയിലിലടച്ചതും കഠിനമായ രോഗാവസ്ഥയില്‍പോലും പരിഗണന കാട്ടാതിരുന്നതും  ഭരണകൂടഭീകരതയും കടുത്ത നീതിനിഷേധവുമാണ്. സ്റ്റാന്‍ സ്വാമി അച്ചനെ നിശബ്ദമാക്കുവാന്‍ ശ്രമിച്ചവര്‍, എല്ലാവര്‍ക്കും തുല്യഅവസരങ്ങളും തുല്യനീതിയും വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിശബ്ദമാക്കുവാന്‍ ശ്രമിക്കുന്നവരാണ്. പ്രതികരണശേഷി നഷ്ടപ്പെട്ട് നീതിനിഷേധത്തില്‍ നിശബ്ദമാകുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നിഷിപ്തതാല്‍പര്യക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ നാം ജാഗ്രതയുള്ളവരാകണം.

അടുത്ത വെള്ളിയാഴ്ച രൂപതയിലെ എല്ലാ പള്ളികളിലെയും ഭവനങ്ങളിലെയും പ്രാര്‍ത്ഥനാശുശ്രൂഷകളില്‍  ഫാ.സ്റ്റാന്‍ സ്വാമിയെ പ്രത്യേകം അനുസ്മരിക്കണമെന്നും ഫാ.സ്റ്റാന്‍ സ്വാമിയെപ്പോലെ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ അറിയിച്ചു.

ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
പി.ആര്‍.ഓ
കാഞ്ഞിരപ്പള്ളി രൂപത



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.