രക്തസാക്ഷികള്‍ തിരുശേഷിപ്പുകളല്ല, നവസുവിശേഷവല്‍ക്കരണത്തിനുള്ള പ്രചോദനങ്ങളാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ

നാഗസാക്കി: രക്തസാക്ഷികള്‍ തിരുശേഷിപ്പുകള്‍ മാത്രമല്ല എന്നും നവ സുവിശേഷവല്‍ക്കരണത്തിനുള്ള പ്രചോദനങ്ങളാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നാഗസാക്കിയിലെ ര്്ക്തസാക്ഷി സ്മാരകത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

വിശുദ്ധ പോള്‍ മിക്കി ഉള്‍പ്പെടെയുള്ളവരുടെ സ്മാരകശിലകള്‍ സന്ദര്‍ശിച്ച പാപ്പ ഈ സ്മാരകങ്ങള്‍ മരണത്തെക്കാള്‍ കൂടുതല്‍ സംസാരിക്കുന്നവയാണെന്ന് അഭിപ്രായപ്പെട്ടു. മരണത്തിന് മേല്‍ ജീവിതം വിജയം നേടിയ കഥകളാണ് ഇവ പറയുന്നത്. രക്തസാക്ഷികളുടെ മലയായിട്ടല്ല വാഴ്ത്തപ്പെട്ടവരുടെ മലയായിട്ടാണ് താന്‍ ഇവയെ കാണുന്നതെന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളും ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ധരിച്ചു.

രക്തസാക്ഷികളുടെ സാക്ഷ്യം വിശ്വാസത്തില്‍ ഉറച്ചുനില്ക്കാനും ശിഷ്യത്വത്തില്‍ കൂടുതല്‍ പ്രതിബദ്ധരാകാനും നമ്മെ പ്രേരിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ചുവടുകളെ പിന്തുടര്‍ന്ന് ജപ്പാനില്‍ മിഷനറിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച ഒരു ഭൂതകാലമുണ്ടായിരുന്നു ബെര്‍ഗോളിയോയ്ക്ക്. എന്നാല്‍ ആരോഗ്യസ്ഥിതി അതിന് അനുവദിച്ചില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍പാപ്പയായി ജപ്പാനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പഴയ ആഗ്രഹത്തിന് സാഫല്യം കൈവന്നിരിക്കുകയാണ് ബെര്‍ഗോളിയോയ്ക്ക്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.