മാതാവിന്‍റെ ജീവിതത്തെ മനസ്സിലാക്കാന്‍ കഴിയുമോ?

വീട്ടിലെ കുടുംബ പ്രാർത്ഥന കഴിഞ്ഞാൽ വീട്ടിൽ അമ്മ പാടുന്ന എത്രയും ദയയുള്ള മാതാവേ എന്ന പാട്ടിൽ ഒരു പ്രത്യേക ഉണർവ് ഉണ്ടായിരുന്നു. അല്പം വളർന്നു കഴിഞ്ഞപ്പോൾ ചിലർ പറഞ്ഞു, ഒൻപതു തവണ ഈ പ്രാർത്ഥന വിശ്വാസത്തോടെ ഉരുവിടുകയാണെങ്കിൽ ഉദിഷ്ട കാര്യം നടക്കും എന്ന്.

കുറെ ഉണ്ട് ഇത്തരത്തിലുള്ള വിശ്വാസങ്ങൾ.  ഓരോ മനുഷ്യനും  അമ്മയും ആയി ഉള്ള ബന്ധം അതു എത്ര കണ്ടു വർണിച്ചാലും അതിൻ്റെ  പൂർണതയിൽ എത്തില്ല .

ഒരു നാൾ ഒരു പിതാവുമായി  സംസാരിക്കവെ അദ്ദേഹത്തോടു ചോദിച്ചു, ഇത്തവണ വീട്ടിൽ പോയില്ലേ എന്ന്.  ഉത്തരം  വളരെ സിംപിൾ ആയിരുന്നു. പിതാവ് ഇപ്രകാരം പറഞ്ഞു, “അമ്മ മരിച്ചിട്ടു മുപ്പതു  വർഷം  ആയി എന്ന്”.

ഈ ചെറിയ ഉത്തരത്തിൽ എല്ലാം ഉൾക്കൊണ്ടിരുന്നു.  ഇതെല്ലാം ഞാൻ  കുറിച്ചത് അമ്മക്ക് ഒരു ജീവിതത്തിൽ എത്ര കണ്ടു പ്രാധാന്യം   ഉണ്ട് എന്ന് ഓർമ്മിപ്പിക്കാൻ ആണ്. എത്ര കണ്ടു കുറിച്ചാലും  അധികം ആകില്ല എന്നറിഞ്ഞും ഈ ഉദ്യമത്തിന്   പരിശ്രമിക്കുന്നത് വിജയിക്കാൻ അല്ല, മറിച്ചു ചില ‘അമ്മ മുഖങ്ങളെ’ ഓർത്തെടുക്കുന്നതിനു ആണ്.

മംഗളവാർത്തയിലെ  മുഖത്തിൽ തുടങ്ങി കുരിശിൻ ചുവട്ടിലെ അവസാന നിമിഷം വരെ നീളുന്ന മറിയത്തിൻ്റെ   മുഖത്തിലൂടെ മിന്നി മറയുന്ന  മുഖഛായകൾ  ജീവിത്തിനോട് കുറെ  പറഞ്ഞു വയ്ക്കുന്നുണ്ട്. മംഗള വാർത്ത ഒരു മങ്ങൽ  വാർത്തയായി മാറ്റി മറയപെടാൻ കുറെയേറെ സമയം ആവശ്യം ആയിരുന്നില്ല.

പക്ഷെ ഇതാ കർത്താവിൻ്റെ ദാസി എന്ന ഒരു സമ്മതം മൂളൽ കൊണ്ട് കാര്യങ്ങൾ എല്ലാം മാറി മറഞ്ഞിരുന്നു. മറിയത്തിനു ഒരു അപരനാമം ഉണ്ടോ എന്ന് മനസ്സിൽ ചിന്തിച്ചപ്പോൾ  ഉള്ളിൽ തോന്നിയ പേര് “ആമ്മേൻ” ആയിരുന്നു. ആമേൻ എന്ന പദം അമ്മക്ക് നൽകുന്ന വിശേഷണങ്ങൾ കുറച്ചൊന്നും അല്ല. വിശേഷണങ്ങളെക്കാൾ അതിൽ അനുസരണത്തിന്റെ, സ്വയം സമർപ്പണത്തിന്റെ, ഇല്ലാതാകലിൻ്റെ കയ്പു നിറഞ്ഞ അനുഭവങ്ങൾ ഉണ്ടായിരുന്നു. 

ഞാൻ എന്നും കയ്പ് നീരുകളോടു  മറുതലിക്കുന്നവൻ ആണ്.    എന്‍റെ ഹിതങ്ങളോട് ആമ്മേൻ പറയൽ അല്ല മറിച്ചു, ദൈവത്തിന്‍റെ  ഹിതങ്ങളോട് ആമേൻ പറയുന്നതാണ് ഞാനും അമ്മയും തമ്മിലുള്ള വ്യതാസം. എനിക്ക് എന്നും എന്‍റെ ഹിതങ്ങളോടു ആമേമൻ പറയാൻ ആണ് ഇഷ്ടം. മറിച്ചാകുമ്പോൾ ഞാൻ അല്പം ബുദ്ധിമുട്ടാറുണ്ട്. 

ക്രിസ്തുവിന്‍റെ അമ്മയെന്ന പേരിൽ ജീവിതത്തിനു ലഭിക്കാവുന്ന ആനുകൂല്യങ്ങൾ ഒന്നും മേരിയുടെ ജീവിതത്തിൽ കണ്ടിട്ടില്ല. വേദനകൾ മാത്രം നിറഞ്ഞു നിന്ന ഒരു ജീവിതം  ആയിരുന്നു മേരിയുടെ. പക്ഷെ ആ വേദനകൾക്ക് നടുവിലും അവളുടെ ജീവിതത്തിൽ സന്തോഷം കളിയാടിയിരുന്നു എന്നുള്ളത് വ്യത്യസ്തത നിറക്കുന്ന ഒരു കാര്യം ആയിരുന്നു.

ഞാൻ എന്നും ആനുകൂല്യങ്ങൾ തേടിയുള്ള യാത്രയിൽ ആണ്. എന്‍റെ ആനുകൂല്യങ്ങളുടെ നിര ചെറുതൊന്നും അല്ല. അവ നേടിയെടുക്കാനായി ഞാൻ  പറഞ്ഞു വയ്ക്കുന്ന വസ്തുതകൾ എനിക്ക് തന്നെ മനസിലാകാറില്ല. ചുരുക്കത്തിൽ മേരിയെന്ന ക്രിസ്തുവിന്‍റെ അമ്മയുടെ ജീവിതത്തെ മനസ്സിലാക്കൽ ഒരേ സമയം ബുദ്ധിമുട്ടേറിയതും എളുപ്പമുള്ളതും ആണ് എന്ന് സാരം. എളുപ്പമുള്ള കാര്യങ്ങളെങ്കിലും  എന്‍റെ ജീവിതത്തിലേക്ക് പകർത്താൻ ആയെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോകുന്നു. 

   ഫ്രിജോ തറയിൽ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.