നോര്‍ത്തലര്‍ട്ടണില്‍ താമസിക്കുന്ന പതിനൊന്നു വയസുകാരന്‍ ഡാനിയേല്‍ തന്റെ ഡാഡിയുടെ രോഗസൗഖ്യത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. കോവിഡ് 19 ല്‍ നിന്ന് അത്ഭുതകരമായി തന്റെ ഡാഡി മാത്യു രോഗവിമുക്തനായി തിരിച്ചെത്തിയത് എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടും മാതാവിന്റെ പ്രത്യേക സംരക്ഷണം വഴിയാണെന്നും ഡാനിയേല്‍ ഉറച്ചുവിശ്വസിക്കുന്നു.
ഏപ്രിലിന്റെ ആദ്യ ദിവസങ്ങളിലാണ് മാത്യു കോവിഡ് 19 രോഗബാധിതനായത്. സ്വഭാവികമായും ആ വാര്‍ത്ത കുടുംബത്തെ മുഴുവന്‍ തളര്‍ത്തിക്കളഞ്ഞു. പത്തു ക്രിക്കറ്റ് ബാറ്റുകള്‍ കൊണ്ട് ഒരുമിച്ച് തലയ്ക്കടിക്കുന്നതുപോലെയുള്ള അനുഭവം എന്നാണ് ആവാര്‍ത്ത കേട്ടതിനെക്കുറിച്ച് വീഡിയോയില്‍ ഡാനിയേല്‍ വിശദീകരിക്കുന്നത്.
ബ്രിട്ടനില്‍ മലയാളികളടക്കം പലരും മരിച്ചൂവീണുകൊണ്ടിരിക്കുന്ന സമയം. മാത്രവുമല്ല മാത്യുവിന് ഒരു ഓപ്പറേഷനെ തുടര്‍ന്ന് സ്പീളിന്‍ എടുത്തുകളഞ്ഞതിനാല്‍ രോഗപ്രതിരോധ ശേഷി തീരെയുണ്ടായുമിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരെക്കാള്‍ അപകടസാധ്യത കൂടുതലുമായിരുന്നു.
പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുക മാത്രമേ ആ കുടുംബത്തിന്റെ മുമ്പില്‍ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഡിവൈന്‍ മിനിസ്ട്രിയുള്‍പ്പടെ വിവിധ കരിസ്മാറ്റിക് ശുശ്രൂഷകളില്‍ ഗായകനായിരുന്നു മാത്യു എന്നതിനാല്‍ അദ്ദേഹത്തിന് വേണ്ടി നിരവധി പേര്‍ പ്രാര്‍ത്ഥിച്ചുതുടങ്ങി. വ്യക്തിപരമായും കൂട്ടായ്മയിലും അദ്ദേഹത്തിന്റെ രോഗസൗഖ്യത്തിന് വേണ്ടി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നുപൊങ്ങി.
ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു മാത്യുവിനെ പ്രവേശിപ്പിച്ചിരുന്നത്. മാത്യു ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ അവരുടെ ഭവനം യഥാര്‍ത്ഥത്തില്‍ ഒരു ദേവാലയം തന്നെയായി. ഭാര്യ ജോളിയും ഡാനിയേലും സഹോദരി ഡിയോസയും കൈകകള്‍ വിരിച്ചുപിടിച്ചു പ്രാര്‍ത്ഥിച്ചു. ഡാനിയേല്‍ പറഞ്ഞത് താന്‍ മെറ്റല്‍ നിലത്തുവിരിച്ചു അതില്‍ മുട്ടുകുത്തിയാണ് ഡാഡിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതെന്നാണ്. ആ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം കൊടുത്തു. ഒടുവില്‍ മാത്യു പഴയതുപോലെ തിരികെയെത്തി.
അത്ഭുതകരമായ രോഗസൗഖ്യം എന്നാണ് മാത്യു അതിനെ വിശേഷിപ്പിക്കുന്നത്. ഡോക്ടര്‍മാരുടെ നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി പറയുന്നതിനൊപ്പം ദൈവത്തിന്‌റെ ഇടപെടലും താന്‍ അനുഭവിച്ചിരുന്നുവെന്ന് മാത്യു സാക്ഷ്യപ്പെടുത്തുന്നു. തൊട്ടടുത്ത കിടക്കയിലുണ്ടായിരുന്ന പലരും മരണത്തിന് കീഴടങ്ങുന്നതിന് മാത്യു സാക്ഷിയായിരുന്നു. അപ്പോഴെല്ലാം മാതാവ് എന്നെ കാ്ത്തുരക്ഷിക്കും എന്ന വിശ്വാസം ഉള്ളില്‍ ശക്തമായിട്ടുണ്ടായിരുന്നു. തികഞ്ഞ മരിയഭക്തനായ മാത്യു പറയുന്നു.
ഡാഡി ആശുപത്രിയിലായിരുന്നപ്പോള്‍ രാവും പകലും ഭേദമില്ലാതെ പ്രാര്‍ത്ഥനയില്‍ അഭയം തേടിയ ഡാനിയേല്‍ ഒരു കാര്യം ദൈവത്തോട് പറഞ്ഞിരുന്നു. ഡാഡി പൂര്‍ണ്ണആരോഗ്യവാനായി തിരികെയെത്തുമ്പോള്‍ പ്രാര്‍തഥനവഴി നേടിയെടുത്ത ഈ അത്ഭുതരോഗസൗഖ്യത്തിന്റെ കഥ ഞാന്‍ ലോകത്തോട് പങ്കുവയ്ക്കും. അങ്ങനെയാണ് ഡാനിയേല്‍ വീഡിയോ ചെയ്തത്. കോവിഡ് 19 ന്റെ സൗഖ്യം പ്രാര്‍ത്ഥനകൊണ്ട് നടക്കുമോ എന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടിയാണ് മാത്യുവിന്റെ രോഗസൗഖ്യം.
ജീവിതത്തില്‍ എന്തെല്ലാം നേരിടേണ്ടിവന്നാലും അതിനെയെല്ലാം വിശ്വാസത്തിന്റെ കണ്ണില്‍ സ്വീകരിക്കാനും പ്രാര്‍ത്ഥിക്കാനും നമുക്ക് സാധിക്കണമെന്നാണ് ഡാനിയേല്‍ പറയുന്നത്. പ്രാര്‍ത്ഥന വഴി താന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞ രോഗസൗഖ്യം തന്റെ ജീവിതത്തില്‍ ദൈവത്തോടുള്ള അദമ്യമായ സ്‌നേഹവും കടപ്പാടും നിറച്ചിരിക്കുന്നതായും ഈ പതിനൊന്നുകാരന്‍ പറയുന്നു.
വീഡിയോയ്ക്ക് കിട്ടിയ പ്രചാരം ഡാനിയേലിനെ സ്വന്തമായി ഒരു യൂട്യൂബ് ചാനലിന് തുടക്കം കുറിക്കാനും പ്രേരിപ്പിച്ചിരിക്കുകയാണ്. JK Danny എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ പങ്കുവയ്ക്കുന്നത് പ്രചോദനാത്മകമായ സന്ദേശങ്ങളും ജീവിതകഥകളുമായിരിക്കും. നല്ലൊരു ചിത്രകാരന്‍ കൂടിയാണ് ഡാനി. കരാട്ടേയും ഫുട്‌ബോളും ക്രിക്കറ്റും ഇഷ്ടപ്പെട്ട മേഖലകള്‍ തന്നെ. എ ലെവലിന് പഠിക്കുന്ന സഹോദരി ഡിയാസോയും ദൈവികശുശ്രൂഷകളില്‍ കുടുംബത്തോടൊപ്പം പങ്കുചേരുന്നുണ്ട്. 2004 ല്‍ യുകെയിലെത്തിയതാണ് മാത്യുവും ജോളിയും.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിമന്‍സ് ഫോറത്തിന്റെ പ്രസിഡന്റാണ് ജോളി. ദൈവത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ ദൈവത്തിന് ഒരിക്കലും ഉപേക്ഷിക്കാനാവില്ലെന്നും അവരുടെ പ്രാര്‍ത്ഥനയില്‍ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമെന്നുമാണ് മാത്യുവിന്റെഅത്ഭുതരോഗസൗഖ്യം നമ്മോട് പറയുന്നത്. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും( മത്തായി 6:33) എന്നാണല്ലോ തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അതെ, ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല, തളര്‍ന്നുപോയാലും അവര്‍ കഴുകനെ പോലെ ചിറകടിച്ചുയരുകയും ചെയ്യും.
ഡാനിയേലിന്റെ വീഡിയോ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.