അനുദിന ജീവിതത്തില്‍ അനുഭവിക്കുന്ന സകല വ്യാകുലങ്ങളും പരിശുദ്ധ അമ്മ വഴിയായി ഈശോയ്ക്ക്സമര്പ്പിക്കാന് പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന ദിവസമാണ് ഇന്ന്.
അതെ ഇന്ന് സെപ്തംബര്‍ 15. തിരുസഭയില്‍ വ്യാകുലമാതാവിന്റെ തിരുനാള്‍ ആചരിക്കുന്ന ദിനം. പരിശുദ്ധ അമ്മയുടെ ഏഴ് വ്യാകുലങ്ങളും ഈശോയുടെ പീഡാനുഭവങ്ങളും നാം ഈ ദിനം അനുസ്മരിക്കുന്നുണ്ട്. തിരുസങ്കടങ്ങളോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ തിരുനാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
1817 ല്‍ പിയൂസ് ഏഴാമന് മാര്‍പാപ്പയാണ് ആദ്യമായി ഈ തിരുനാള്‍ ആരംഭിച്ചത്. പ്രവാസിയായി കഴിഞ്ഞകാലത്ത് ദൈവമാതാവിന്റെ മാധ്യസ്ഥം വഴിയായി മോചനം ലഭിച്ചതിന്റെ നന്ദിസൂചകമായിട്ടായിരുന്നു തിരുനാള്‍ ആരംഭം. പിന്നീട് പല മാര്‍പാപ്പമാരും വ്യാകുലമാതാവിന്റെ തിരുനാള്‍ സഭയില്‍ ആചരിച്ചിരുന്നുവെങ്കിലും അതെല്ലാം വ്യത്യസ്തതീയതികളിലായിട്ടായിരുന്നു.
1913 മുതല്ക്കാണ് വ്യാകുലമാതാവിന്റെ തിരുനാള്‍ ദിനമായി സെപ്തംബര്‍ 15 നിജപ്പെടുത്തിയത്. മാതാവിന്റെ ജനനത്തിരുനാള്‍ കഴിഞ്ഞുള്ള എട്ട് ദിവസങ്ങള്‍ക്ക് ശേഷം എന്ന രീതിയിലാണ് വ്യാകുലമാതാവിന്റെ തിരുനാള്‍ ദിനം നിശ്ചയപ്പെടുത്തിയിരിക്കുന്നത്.
ശിമയോന്റെ പ്രവചനം, ഈജിപ്തിലേക്കുള്ള പലായനം, യേശുവിന്റെ തിരോധാനം, പീഡാനുഭവയാത്രയില്‍ ഈശോയുമായുള്ള കണ്ടുമുട്ടല്‍, യേശുവിന്റെ കുരിശുമരണം, മൃതസംസ്കാരം എന്നിവയാണ് മാതാവിന്റെ ഏഴു വ്യാകുലങ്ങള്‍.
അമ്മേ മാതാവേ നിത്യജീവിതത്തില്‍ ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളാണ് ഞങ്ങള്‍ ഓരോരുത്തരും. ആസഹനങ്ങളുടെ മേല്‍ കൃപ തോന്നണമേ. ഞങ്ങള്‍ക്കുവേണ്ടി അമ്മ മാധ്യസ്ഥം യാചിക്കണമേ. ആമ്മേന്‍