ഉരുള്‍പൊട്ടലില്‍ രണ്ടു ജീവനുകള്‍ രക്ഷിച്ച് ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത്

കഴിഞ്ഞദിവസങ്ങളിലായി ഉരുള്‍പ്പൊട്ടലില്‍ കേരളം വിറങ്ങലിച്ചുനിന്നപ്പോള്‍ അപകടത്തില്‍ പെട്ടവര്‍ക്ക് രക്ഷയും തുണയുമായി നിരവധി പേര്‍ രംഗത്ത് വരികയുണ്ടായി. സ്വന്തം ജീവന്‍ പോലും പണയംവച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ധാരാളം. അത്തരക്കാരുടെ പട്ടികയിലേക്ക് ഇതാ ഒരു യുവ വൈദികനും.

പാലാ രൂപത മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളി സഹവികാരി ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്താണ് ആ വ്യക്തി. മൂലമറ്റം പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ നദീതീരത്ത് താമസിക്കുന്ന അറയ്ക്കല്‍ , പാറയ്ക്കല്‍ കുടുംബാംഗങ്ങളെയാണ് ഫാ. സെബാസ്റ്റ്യന്‍ രക്ഷപ്പെടുത്തിയത്. അച്ചനൊപ്പം ബേബിച്ചന്‍ തട്ടാംപറമ്പില്‍ എന്ന വ്യക്തിയും രക്ഷകനായുണ്ടായിരുന്നു. കിടപ്പുരോഗിയായ പാറയ്ക്കല്‍ അന്നമ്മ, അറയ്ക്കല്‍ ബീന എന്നിവരെ വടം ഉപയോഗിച്ചാണ് ഇരുവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായപ്പോഴേയ്ക്കും ഇരുവീടുകളും വെള്ളം കവരുകയും ചെയ്തു.

വൈദികര്‍ക്ക് പലരീതിയില്‍ വൈറലാകാം. അത്തരം പല വൈദികരെയും നാം ഇതിനകം സോഷ്യല്‍മീഡിയായിലൂടെ കണ്ടിട്ടുമുണ്ട്.

എന്നാല്‍ ക്രിസ്തുവിന്റെ പാതയില്‍ സ്വന്തം ജീവന്‍ പോലും പണയം വച്ച് നിസ്വാര്‍ത്ഥമായ സേവനത്തിലൂടെയും ബോധപൂര്‍വ്വമല്ലാതെയുള്ള പ്രചരണത്തിലൂടെയും വൈറലാകുന്ന വൈദികര്‍ വളരെ കുറവാണ്. ആ കുറവാണ് ഈ യുവവൈദികന്‍ പരിഹരിച്ചിരിക്കുന്നത്. അതിന്റെ പേരില്‍ നമുക്ക് ഈ വൈദികനെ അകമഴിഞ്ഞ് പ്രശംസിക്കാം. ഈ സേവന സന്നദ്ധത ഒരിക്കലും ചോര്‍ന്നുപോകാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.