നേപ്പാളില്‍ സുവിശേഷപ്രവര്‍ത്തകനെ ജയിലില്‍ അടച്ചു

കാഠ്മണ്ഡു: മതപരിവര്‍ത്തനം എന്ന കുറ്റം ചുമത്തി സുവിശേഷപ്രവര്‍ത്തകനെ നേപ്പാളില്‍ രണ്ടുവര്‍ഷത്തേക്ക് ജയിലില്‍ അടച്ചു. 16 ഡോളര്‍ പിഴയും വിധിച്ചു. കേശവ് രാജ് ആചാര്യയെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. നവംബര്‍ 30 നാണ് കോടതി ശിക്ഷ വിധിച്ചത്. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെയും പാസ്റ്റര്‍ കേശവ് വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വൈറലായ ഒരു വീഡിയോ ആയിരുന്നു ഇതിന് കാരണം. ക്രൈസ്തവരുടെ പ്രാര്‍ത്ഥന കൊണ്ട് കൊറോണ രോഗം സൗഖ്യപ്പെടും എന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. വീഡിയോ വിവാദമായപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം അദ്ദേഹം ജയില്‍ മോചിതനായിരുന്നു. എങ്കിലും വാറന്റ് പോലും ഇല്ലാതെ അദ്ദേഹത്തെ വീണ്ടും മതപരിവര്‍ത്തനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ഹൈന്ദവരാഷ്ട്രമായിരുന്നു നേപ്പാളെങ്കിലും 2015 ല്‍ സെക്കുലര്‍ ഡിമോക്രസിയായി രാജ്യത്തെ പ്രഖ്യാപിച്ചിരുന്നു. മതപരിവര്‍ത്തനത്തെ ക്രിമിനല്‍കുറ്റമായിട്ടാണ് നേപ്പാള്‍ ഗവണ്‍മെന്റ് കാണുന്നത്. മതപരിവര്‍ത്തനം നടത്തുകയോ മതപരിവര്‍ത്തനത്തിന് പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും. ഇതിന് പുറമെ പിഴയും ഒടുക്കണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.