മാര്‍ ജോസഫ് പാംപ്ലാനി തലശ്ശേരി ആര്‍ച്ച് ബിഷപ്, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് ബിഷപ്

കൊച്ചി: തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. സിനഡ് യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ്‌തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്.

തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലേക്കാണ് മാര്‍ പാംപ്ലാനി നിയമിതനായിരിക്കുന്നത്. 2017 നവംബര്‍ എട്ടുമുതല്‍ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായിരുന്നു.

പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനാണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. പാലക്കാട് രൂപതാധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലേക്കാണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിയമിതനായിരിക്കുന്നത്. 2020 ജൂണ്‍ 18 നാണ് പാലക്കാട് രൂപതയുടെ സഹായമെത്രാനായി അദ്ദേഹം അഭിഷിക്തനായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.