നിത്യസഹായമാതാവിനോടുള്ള നൊവേന ഇന്ന് മുതൽ – നിത്യസഹായ മാതാവിന്റെ ചിത്രത്തിനുള്ള ആഴമേറിയ അർഥതലങ്ങൾ അറിയുമോ ??

“ഫലം വേണമെങ്കിൽ വൃക്ഷത്തിന്റെ അടുത്ത് പോകണം; യേശുവിനെ വേണ്ടവർ മാതാവിന്റെ അടുത്തും”. (വിശുദ്ധ അൽഫോൻസസ് മരിയ ഡി ലിഗോരി) ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് പരിശുദ്ധ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രം എന്ന് പറയുന്നത് നിത്യസഹായ മാതാവിന്റെ ഛായാചിത്രം ആണ്. ലോകം മുഴുവനും മാതൃഭക്തിയിൽ വളരുവാൻ നിത്യസഹായ മാതാവിനോടുള്ള നൊവേന ഏറെ സഹായകരമായിട്ടുണ്ട്.

നിത്യസഹായ മാതാവിന്റെ ചിത്രം ഒരു ഐക്കൺ ആണ്. ആഴമേറിയ അർഥതലങ്ങൾ ആണ് ഇതിനുള്ളത്. ലോകത്തിന്റെ രക്ഷ മാതാവിന്റെ കരങ്ങളിൽ സുരക്ഷിതമാണ്. മാതാവിന്റെ ഇടതു കരത്തിൽ ഉണ്ണീശോ ഇരിക്കുന്നത് തന്നിൽ ആശ്രയിക്കുന്ന എല്ലാവരെയും കാത്തു പരിപാലിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മാതാവിന്റെ ദൃഷ്ടി പതിഞ്ഞിരിക്കുന്നത് നാം ഓരോരുത്തരിലും ആണ്. ഏത് പ്രതിസന്ധികളിലും മാതാവിന്റെ സംരക്ഷണത്തിലാണ് നമ്മൾ എന്ന് ഇത് അർത്ഥമാക്കുന്നു.         

“ഇവളെ ലോകമെങ്ങും അറിയിക്കുവിൻ” എന്ന ഔദ്യോഗിക കല്പന 1867 ജൂൺ 23 തീയതി ഒൻപതാം പീയൂസ് മാർപാപ്പയിൽ നിന്ന് സ്വീകരിച്ച അന്നുമുതൽ അതിന്റെ പ്രചാരകരായി ദിവ്യരക്ഷകാ സഭാംഗങ്ങൾ (REDEMPTORISTS) മാറി. പരിശുദ്ധ അമ്മയുടെ ഈ ചിത്രം പരസ്യമായി വണങ്ങുന്നതിനുള്ള അനുമതിയും അതോടൊപ്പം ലഭിക്കുകയുണ്ടായി. ഈ കൽപന പ്രകാരം ദിവ്യരക്ഷകാ സഭാംഗങ്ങൾ പരിശുദ്ധ അമ്മയുടെ ഈ അത്ഭുത ചിത്രവും, പരിശുദ്ധ അമ്മയുടെ വണക്കത്തിനായിട്ടുള്ള നൊവേനയും ലോകമെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തു.

എല്ലാ വർഷവും ജൂൺ 27നാണ് നിത്യസഹായ മാതാവിന്റെ തിരുനാൾ നാം ആഘോഷിക്കുന്നത്. കോവിഡ് 19ന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച്, ഈ വർഷത്തെ പ്രത്യേകമായ നൊവേന പ്രാർത്ഥനകൾ ഓൺലൈനിൽ നടത്തപ്പെടുന്നു. ഇന്ന് മുതൽ ഒൻപത് ദിവസത്തേക്ക് നടത്തപ്പെടുന്ന ആഘോഷമായ പ്രാർത്ഥനയിൽ ലോകം മുഴുവനുവേണ്ടിയും, നമ്മുടെ വ്യക്തിപരമായ നിയോഗങ്ങൾക്ക് വേണ്ടിയും പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കാം.

Fr.Biju Kunnupuram C.Ss.R

Nithyasahaya Bhavan, Chowaraമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.