സമാധാനത്തിനുള്ള നോബൈല്‍ പുരസ്‌ക്കാരം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്?

സമാധാനത്തിനുളള നോബൈല്‍ സമ്മാനം കിട്ടിയ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്റെ പിന്‍ഗാമിയാകുമോ ഫ്രാന്‍സിസ് മാര്‍പാപ്പ? സമാധാനത്തിനുള്ള നോബൈല്‍ സമ്മാനം ഒക്ടോബര്‍ ഒമ്പതിന് പ്രഖ്യാപിക്കാനിരിക്കുമ്പോള്‍ പാപ്പയ്ക്ക അതിനുള്ള അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നോബൈല്‍ സമ്മാനം കിട്ടുകയാണൈങ്കില്‍ ഈ അവാര്‍ഡ് കിട്ടുന്ന ആദ്യത്തെ പാപ്പയായിരിക്കും ഫ്രാന്‍സിസ്.

സമാധാനത്തിനു വേണ്ടിയുള്ള നിരന്തര ശ്രമമായിരുന്നു 2013 മുതല്ക്കുളള അദ്ദേഹത്തിന്റെ പാപ്പാക്കാലം എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒക്ടോബര്‍ നാലിന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ചാക്രികലേഖനമായ ഏവരും സഹോദരര്‍ വരെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാനശ്രമങ്ങളുടെയും സാഹോദര്യഭാവത്തിന്റെയും പ്രകടനങ്ങളാണ്.

ലോകത്തിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും അടിമത്തം, വധശിക്ഷ, അണ്വായുധ നിര്‍മ്മാണം എന്നിവയെല്ലാം അവസാനിപ്പിക്കാനും നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മുസ്ലീം നേതാക്കന്മാരുമായി പാപ്പ രൂപീകരിച്ച സൗഹൃദവും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള ശബ്ദവും പാപ്പായെ ഈ പുരസ്‌ക്കാരത്തിന് പരിഗണിക്കാന്‍ യോഗ്യനാക്കുമെന്നും പലരും വിശ്വസിക്കുന്നുണ്ട്. സുഡാനിലെ നേതാക്കന്മാരെ വത്തിക്കാനില്‍ വിളിച്ചുവരുത്തിയതും പെട്ടെന്നൊരു നിമിഷത്തില്‍ അവരുടെ കാല്‍പാദം ചുംബിച്ച് സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിച്ചതും ചരിത്രമായി മാറിയ പാപ്പയുടെ ഇടപെടലുകളായിരുന്നു.

ഇസ്രായേല്‍ പാലസ്തീന്‍ പ്രസിഡന്റുമാരെ വത്തിക്കാന്‍ ഗാര്‍ഡനില്‍ ഒരുമിച്ചിരുത്തി പ്രാര്‍ത്ഥിച്ചതാണ് മറ്റൊരു ചരിത്രസംഭവം. സിറിയായിലെ സമാധാനത്തിന് വേണ്ടിയായിരുന്നു ഇത്. ക്യൂബയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാന്‍ പാപ്പ നടത്തിയ ശ്രമങ്ങളും കാണാതെപോകരുത്.

ഇങ്ങനെ ഒന്നിലധികം ഘടകങ്ങള്‍ കൊണ്ടാണ് പാപ്പായുടെ നോബൈല്‍ സമാധാന പുരസ്‌ക്കാരത്തിന് കൂടുതല്‍സാധ്യതകള്‍ പരിഗണിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.