ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകളെ എബിവിപി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായ ആരോപണം കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ നിഷേധിച്ചു. കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് അത്തരം ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് മന്ത്രി പറഞ്ഞത്.
കന്യാസ്ത്രീകള്‍ക്കെതിരെ ആരാണ് പോലീസില്‍ പരാതി നല്‍കിയത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് എന്നിവര്‍ കേന്ദ്ര അധികാരികള്‍ക്ക് കത്തെഴുതിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉചിതമായ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് റെയില്‍വേ പോലീസ് അംഗീകരിച്ചിരുന്നു. എന്നാല്‍ അതിന് കടകവിരുദ്ധമായാണ് കേന്ദ്രമന്ത്രി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.