കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ത്ധാന്‍സിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുളള കന്യാസ്ത്രീസംഘത്തെ ട്രെയിനില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകരാണെന്ന് ത്ധാന്‍സി റെയില്‍വേ പോലീസ്.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ പരാതിയും നല്കിയിരുന്നു. എന്നാല്‍ താന്‍ നേരിട്ടു സ്ഥലത്തെത്തിഅന്വേഷണം നടത്തിയെന്നും കന്യാസ്ത്രീകള്‍ക്ക് എതിരെ ഉന്നയിച്ച പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതായും റെയില്‍വേ പോലീസ് ഡിഎസ് പി നയീംഖാന്‍ മന്‍സൂരി പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന സന്യാസാര്‍ത്ഥിനികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ആരോപണം.എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് ഈ രണ്ടു യുവതികളും 2003 ല്‍ മാമ്മോദീസാ സ്വീകരിച്ചവരാണെന്നു വ്യക്തമായി.

ഇതോടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിയുകയായിരുന്നു. കന്യാസ്ത്രീകള്‍ക്കെതിരെ കേസുകളൊന്നും രജിസ്ട്രര്‍ ചെയ്തിട്ടില്ല. കന്യാസ്ത്രീകളായ ലിബിയ തോമസും ഹേമലതയും ഡല്‍ഹി വികാസ്പുരിയില്‍ നിന്നുള്ളവരായിരുന്നു. ശ്വേത , ബി തരംഗ് എന്നീ സന്യാസാര്‍ത്ഥിനികള്‍ ഒഡീഷ സ്വദേശിനികളും. ഇവരെ വീടുകളില്‍ എത്തിക്കാനാണ് മറ്റ് രണ്ട് കന്യാസ്ത്രീകള്‍ ഒപ്പം പോയത്.

ഋഷികേശിലെ പഠനക്യാമ്പില്‍ പങ്കെടുത്ത ശേഷം ഹരിദ്വാറില്‍ നിന്നു പുരിയിലേക്ക് പോകുന്ന ഉത്കല്‍ എക്‌സ്പ്രസില്‍ മടങ്ങുകയായിരുന്നു എബിവിപി പ്രവര്‍ത്തകര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.