ഒഹിയോ: ക്യൂന്‍ ഓഫ് ദ മോസ്റ്റ് ഹോളി റോസറി കത്തീഡ്രലിന് നേരെ ആക്രമണം. തീകൊളുത്താന്‍ ശ്രമിച്ചതിന് പുറമെ ദേവാലയഭിത്തിയില്‍ ജീസസ് ഈസ് ബ്ലാക്ക് എന്ന് സ്പ്രേ പെയ്ന്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തില്‍ കുറ്റവാളിയെന്ന് സംശയിക്കുന്ന 24 കാരനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ പോലീസ് ഓഫീസറെ അക്രമി വെടിവച്ചുകൊല ചെയ്തതായും വാര്‍ത്തയുണ്ട്.
പോലീസ് ഓഫീസറുടെ നിര്യാണത്തില്‍ ബിഷപ് ഡാനിയേല്‍ തോമസ് ഖേദം രേഖപ്പെടുത്തി. പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥരുടെ ജീവിതം എപ്പോഴും വെല്ലുവിളികള്‍ നേരിടുന്നതാണെന്നും നിസ്വാര്‍ത്ഥമായ സേവനമാണ് അവര്‍ കാഴ്ചവയ്ക്കുന്നതെന്നും അനുശോചനസന്ദേശത്തില്‍ ബിഷപ് പറഞ്ഞു.
ജനുവരി 18 നാണ് അക്രമം നടന്നത്. സംശയാസ്പദമായ രീതിയില്‍ ഒരാള്‍ പള്ളിക്ക് വെളിയില്‍ നില്ക്കുന്നതും തീ ഉയരുന്നതും കണ്ട അയല്‍വാസി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസില്‍ നിരവധി ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.