ഒസര്‍വത്താരോ റൊമാനോയ്ക്ക് 160 വയസ്

റോം: വത്തിക്കാന്റെ ഔദ്യോഗിക മുഖപത്രമായ ഒസര്‍വത്താരോ റൊമാനോ ഈവര്‍ഷം 160 ാംപിറന്നാള്‍ ആഘോഷിക്കുന്നു. ഇറ്റലിയില്‍ ഏറെ സ്വാധീനമുള്ള കത്തോലിക്കാ ദിനപ്പത്രമാണ് ഒസര്‍വത്താരോ റൊമാനോ. പന്ത്രണ്ടു മാര്‍പാപ്പമാരുടെ കാലത്തിന് ഈ പത്രം ഇതിനകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

1861 ജൂലൈ ഒന്നിനാണ് പത്രം ആരംഭിച്ചത്. കത്തോലിക്കാവിശ്വാസത്തിനും മാര്‍പാപ്പയ്ക്കും എതിരെയുളള സംഭവങ്ങളില്‍ പ്രതിരോധം തീര്‍ക്കുകയും കത്തോലിക്കാവിശ്വാസത്തിന്റെ പടയാളിയായി നിലയുറപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വച്ചത്. ഇന്ന് വിവിധ വിഷയങ്ങളില്‍ കത്തോലിക്കാസംബന്ധമായ വീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഈ പത്രം വിശ്വാസികള്‍ക്കിടയില്‍ ആഴത്തില്‍ സ്വാധീനം നേടിയിരിക്കുന്നു. 1949 മുതല്‍ 2007 വരെ ഒമ്പതു ഭാഷകളില്‍ ഈ പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതില്‍ മലയാളവും ഉള്‍പ്പെടുന്നുണ്ട്.

ഇംഗ്ലീഷ് ഭാഷയിലുള്ള പത്രത്തിനാണ് കൂടുതല്‍ പ്രചാരമുള്ളത്. 129 രാജ്യങ്ങളില്‍ ഇത് ലഭ്യമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് പല വെല്ലുവിളികളും പത്രം നേരിടുകയുണ്ടായി. ഇത്രയും നീണ്ട വര്‍ഷത്തിനിടയില്‍ മൂന്നുതവണ മാത്രമാണ് പത്രത്തിന്റെ അച്ചടി തടസ്സപ്പെട്ടിട്ടുളളത്. അതിലൊന്ന് 2020 ല്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലായിരുന്നു.

താന്‍ എല്ലാദിവസവും ഒസര്‍വത്താരോ റൊമാനോ വായിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.