“പാപികള്‍ പശ്ചാത്തപിക്കുന്നില്ലെങ്കില്‍ കഠിനമായ ശിക്ഷകള്‍ നേരിടേണ്ടിവരും”ഔര്‍ ലേഡി ഓഫ് അക്കിത്തായുടെ ദര്‍ശനങ്ങള്‍ നമുക്ക് നല്കുന്ന മുന്നറിയിപ്പ്

ഇരുപതാം നൂറ്റാണ്ടില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനങ്ങളില്‍ ആധികാരികമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ഒന്നാണ് അക്കിത്തായില്‍ മാതാവ് നല്കിയ പ്രത്യക്ഷീകരണങ്ങള്‍. ജപ്പാനിലെ അക്കിത്തായില്‍ സിസ്റ്റര്‍ ആഗ്നസിന് 1973 ല്‍ മാതാവ് പ്രത്യക്ഷപ്പെട്ട നല്കിയ മൂന്നു സന്ദേശങ്ങള്‍ ആണ് ഇതില്‍ ഉള്‍പ്പെടുന്നത്.

കത്തോലിക്കാസഭ ഈ ദര്‍ശനങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. സ്വകാര്യ വെളിപാടുകളെ വിശ്വാസികള്‍ സ്വീകരിക്കണമെന്ന് സഭ പഠിപ്പിക്കാറില്ല. വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം അക്കാര്യത്തില്‍ സഭ വിശ്വാസികള്‍ക്ക് നല്കുന്നുണ്ട്.

അതുകൊണ്ടുതന്നെ അക്കിത്തായില്‍ മാതാവ് നല്കിയ ദര്‍ശനങ്ങള്‍ വിശ്വസിക്കണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പുമാണ്. പക്ഷേ ആ സന്ദേശങ്ങളുടെ സാംഗത്യം നമുക്ക് അംഗീകരിക്കാതിരിക്കാനാവില്ല. പശ്ചാത്താപത്തിനും പ്രാര്‍ത്ഥനയ്ക്കും നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് ആ സന്ദേശം. ഈ കാലം നാം കൂടുതലായി പശ്ചാത്താപത്തിലേക്കും പ്രാര്‍ത്ഥനയിലേക്കുമായി ക്ഷണിക്കപ്പെട്ടിരിക്കുന്നു.

1973 ജൂലൈ 6, 1973 ഓഗസ്റ്റ് 3, 1973 ഒക്ടോബര്‍ 13 എന്നീ ദിനങ്ങളിലായിരുന്നു മാതാവിന്റെ ദര്‍ശനങ്ങള്‍. പിതാവായ ദൈവം കോപിച്ചിരിക്കുകയാണെന്നും അവിടുത്തെ കോപം തണുപ്പിക്കാന്‍ പ്രാര്‍ത്ഥനയും ഉപവാസവും പശ്ചാത്താപവും അത്യാവശ്യമാണെന്നുമായിരുന്നു മാതാവ് നല്കിയ ദര്‍ശനങ്ങളുടെയെല്ലാം ആകെത്തുക.

സാത്താന്‍ ദൈവത്തില്‍ നിന്നും ആത്മാക്കളെ അകറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നഷ്ടപ്പെട്ടുപോയ ആത്മാക്കളെക്കുറിച്ചുള്ള വേദന തന്റെ ദു:ഖമാണെന്നും മാതാവ് വെളിപ്പെടുത്തി. പാപത്തിന്റെ തീവ്രതയിലും എണ്ണത്തിലും വര്‍ദ്ധനവുണ്ടായിരിക്കുന്നതായും മാതാവ് അറിയിച്ചു.

ഇതിനെല്ലാം പോംവഴിയായി മാതാവ് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. അതെ ഈ ലോകത്തിന്റെ മാനസാന്തരത്തിന് വേണ്ടി, നാം ഓരോരുത്തരുടെയും മാനസാന്തരത്തിന് വേണ്ടി നമുക്ക് കൂടുതലായി പ്രാര്‍ത്ഥനയിലായിരിക്കാം. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.