മഞ്ഞുമാതാവിന്റെ ചരിത്രം അറിയാമോ?


ഇന്ന് മഞ്ഞുമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുകയാണല്ലോ? മഞ്ഞുമാതാവിന്റെ തിരുനാളിന് കാരണമായ പാരമ്പര്യവിശ്വാസങ്ങളിലൊന്ന് ഇപ്രകാരമാണ്.

റോമിലെ എസ്‌ക്വിലിന്‍ മലയില്‍ വേനല്‍ക്കാലത്ത് മഞ്ഞ് പെയ്യിച്ച് അവിടെ ഒരു ദേവാലയം നിര്‍മ്മിക്കാന്‍ ജോണ്‍ എന്ന പ്രഭുദമ്പതികള്‍ക്കും ലിബേരിയൂസ് മാര്‍പാപ്പയ്ക്കും ഒരേ സമയം പരിശുദ്ധ കന്യാമറിയം സ്വപ്‌നദര്‍ശനം നല്കുകയുണ്ടായി. അതനുസരിച്ച് അവിടെ നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിന് മഞ്ഞുമാതാവിന്റെ പേര് നല്കുകയായിരുന്നു. ഔര്‍ ലേഡി ഓഫ് സ്‌നോ എന്നാണ് ഈ ദേവാലയം അറിയപ്പെട്ടത്. പിന്നീട് സെന്റ് മേരി മേജര്‍ ബസിലിക്ക എന്ന 1969 മുതല്‍ ഈ ദേവാലയം അറിയപ്പെടുകയായിരുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുല്ലപ്പെരിയാറിലൂടെ ഒഴുകിയെത്തിയതാണ് പള്ളിപ്പുറത്തെ മഞ്ഞുമാതാവിന്റെ രൂപം എന്നാണ് പാരമ്പര്യവിശ്വാസം. അന്നത്തെ പള്ളിവികാരിക്ക് പുഴയിലൂടെ ഒഴുകിവരുന്ന പരിശുദ്ധ മാതാവിന്റെ അത്ഭുതചിത്രത്തെക്കുറിച്ച് രാത്രിയില്‍ ഒരു സ്വപ്‌നദര്‍ശനം ഉണ്ടായിരുന്നുവത്രെ. പള്ളിപ്പുറത്തെ മഞ്ഞുമാതാവിന്റെ മാധ്യസ്ഥതയില്‍ നിരവധിയായ അത്ഭുതങ്ങള്‍ നടന്നതായി പള്ളിയുടെ ചരിത്രം പറയുന്നു. ടിപ്പുസുല്‍ത്താന്റെ ആക്രമണ വേളയില്‍ പള്ളിപ്പുറം രക്ഷിക്കപ്പെട്ടത് അതില്‍പ്രത്യേകമായി എടുത്തുപറയുന്നു. ഉള്‍ക്കടലില്‍ പെട്ടുപോയ ഔര്‍ ലേഡി ഓഫ് സ്‌നോ എന്ന മത്സ്യബന്ധന ബോട്ടില്‍ പതിനെട്ട് ദിവസം മാതാവിനെ വിളിച്ചു കരഞ്ഞുപ്രാര്‍ത്ഥിച്ച മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി തിരിച്ചെത്തിയ അത്ഭുതവും ഇതിനോട് ചേര്‍ത്തുപറയപ്പെടുന്നുണ്ട്.

പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാന്‍ മഞ്ഞുമാതാവിന്റെ മാധ്യസ്ഥശക്തിക്ക് അത്ഭുതശക്തിയുള്ളതായി വേറൊരു ചരിത്രം പറയുന്നു. റോമില്‍ കോളറ പടര്‍ന്നുപിടിച്ചപ്പോള്‍ 1837 ല്‍ ഗ്രിഗറി പതിനാറാമന്‍ പാപ്പ മാതാവിന്റെ ഈ ചിത്രവുമായി പ്രദക്ഷിണം നടത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തതിന്റെ പേരില്‍ നഗരം കോളറ വിമുക്തമായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.