മതപീഡനത്തിന്റെ ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പയുടെ ജനുവരി മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം

വത്തിക്കാന്‍ സിറ്റി: മതപീഡനവും മതപരമായ വിവേചനവും നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനുവരിയിലെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. മതപീഡനം മനുഷ്യത്വരഹിതവും ഭ്രാന്തുമാണെന്ന് പാപ്പ പറഞ്ഞു.

ഇത്തരത്തിലുളള വിവേചനങ്ങള്‍ നേരിടുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഇന്നലെ പുറത്തിറക്കിയ വീഡിയോയില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. 2021 മാര്‍ച്ചില്‍ ഇറാക്കിലേക്ക് നടത്തിയ സന്ദര്‍ശനവേളയില്‍ കണ്ട തകര്‍ക്കപ്പെട്ട ദേവാലയങ്ങളുടെ ദൃശ്യങ്ങളും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മതപീഡനത്തിന്റെ രൂക്ഷതയെക്കുറിച്ച് ബോധവല്‍ക്കരിക്കാനും പ്രാര്‍ത്ഥന തീക്ഷ്ണമാക്കാനുമായിട്ടാണ് ഈ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകമെങ്ങും ക്രൈസ്തവര്‍ പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പാപ്പ വ്യക്തമാക്കി.

ഓപ്പണ്‍ ഡോര്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് നോര്‍ത്ത് കൊറിയ, അഫ്ഗാനിസ്ഥാന്‍, സോമാലിയ, നൈജീരിയ തുടങ്ങിയവയാണ് ക്രൈസ്തവമതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുമ്പന്തിയിലുള്ളത്.

ഇറാക്ക്, സിറിയ എന്നിവ 11,12 സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. 340 മില്യന്‍ ക്രൈസ്തവരാണ് മതപീഡനങ്ങള്‍ക്ക് ഇരകളാകുന്നതെന്നും മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ ഇത് 30 മില്യന്‍ കൂടുതലാണെന്നും ഓപ്പണ്‍ ഡോര്‍സ് 2021 ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 22 കത്തോലിക്കാ മിഷനറിമാരാണ് കൊല ചെയ്യപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.