വിനോദയാത്രയ്ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; കത്തോലിക്കാ സ്‌കൂളിന് നേരെ നാട്ടുകാര്‍ അക്രമം അഴിച്ചുവിട്ടു

റായ്പ്പൂര്‍: മഹാനദിയില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സ്‌കൂളിന് നേരെ നാട്ടുകാര്‍ പ്രക്ഷോഭം നടത്തി. ജീസസ്, മേരി ആന്റ് ജോസഫ് കന്യാസ്ത്രീകള്‍ നടത്തുന്ന ഭാരത് മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ കുശ്ദീപ് സന്ധു, അമാന്‍ ശക്കുള എന്നീ വിദ്യാര്‍ത്ഥികളാണ് വിനോദയാത്രയ്ക്കിടയില്‍ മഹാനദിയില്‍ മുങ്ങിമരിച്ചത്.

വിനോദയാത്രയ്ക്ക് പോയ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. 1.6 മില്യന്‍ തുകയാണ് കുട്ടികളുടെ വീട്ടുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികാരികള്‍ ഖേദം പ്രകടിപ്പിച്ചു. നഷ്ടപരിഹാരം നല്കിയാല്‍ തന്നെ കേസ് പിന്‍വലിക്കുമോയെന്ന കാര്യത്തില്‍ സംശയമാണ് എന്ന് ഇടവകവികാരി ഫാ. ജോണ്‍ ഡേവിഡ് മാധ്യമങ്ങളോട് പറഞ്ഞു.

170 വിദ്യാര്‍ത്ഥികളുമായി പിക്‌നിക്കിന് പോയ സംഘത്തില്‍ 15 അധ്യാപകരുമുണ്ടായിരുന്നു, കുട്ടികള്‍ അപകടത്തില്‍ പെട്ട സഥലം അപകടമേഖലയായതുകൊണ്ട് അവിടെ കുളി നിരോധിച്ചിട്ടുണ്ടായിരുന്നു, അപകടം നടക്കുന്നതിന് ഏതാനും മിനിറ്റ് മുമ്പ് പോലീസ് അവിടെ നിന്ന് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മടക്കി അയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കുട്ടികള്‍ അവിടെ ഇറങ്ങിയകാര്യം അധ്യാപകര്‍ മനസ്സിലാക്കിയിരുന്നില്ല. ഉച്ചഭക്ഷണസമയത്താണ് കുട്ടികളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. രാത്രി ഒമ്പതുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

മുഖ്യമന്ത്രി നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം കുട്ടികളുടെ വീട്ടുകാര്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഏഴ് മരണങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.