ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കാന്‍ പിയൂസ് പന്ത്രണ്ടാമനെ സ്വാധീനിച്ചത് ആരാണെന്നറിയാമോ?

മാര്‍ച്ച് 25 ന് ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കാന്‍ പോവുകയാണല്ലോ. ലോകം മുഴുവനും ഇതിനായി പ്രാര്‍ത്ഥിച്ചൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പിയൂസ് പന്ത്രണ്ടാമന്‍ നടത്തിയ വിമലഹൃദയ സമര്‍പ്പണത്തെയും അതിന് കാരണമായ വ്യക്തിയെയും കുറിച്ച് അറിയുന്നത് നല്ലതാണ്.

1942 ലാണ് പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. ഇതിന് പാപ്പായെ സ്വാധീനിച്ചത് വാഴ്ത്തപ്പെട്ട അലക്‌സാണ്ട്രീനയായിരുന്നു. 1904 ല്‍ ബാലാസാറില്‍ ജനിച്ച അവള്‍ 20 ാം വയസില്‍ ശയ്യാവലംബിയായി. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഒരുവനില്‍ നിന്ന് രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു അലക്‌സാണ്ട്രീനയ്ക്ക് ആ അപകടമുണ്ടായത്.

പിന്നീടുള്ള 30 വര്‍ഷക്കാലം അവള്‍ കിടക്കയിലാണ് കഴിച്ചുകൂട്ടിയത്. സഹനം തന്റെ വിളിയാണെന്ന് അവള്‍ മനസ്സിലാക്കി അവളതിനെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ചു. ക്രിസ്തുവിന്റെ ദര്‍ശനമനുസരിച്ച് 1936 ല്‍ അലക്‌സാണ്ട്രീന ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് പരിശുദ്ധ പിതാവിനോട് ആവശ്യപ്പെട്ടു. ഫാ. മരിയന്‍ പിന്‍ഹോ എന്ന തന്റെ ആത്മീയപിതാവ് വഴിയായിരുന്നു ഈ അഭ്യര്‍ത്ഥന. 1941 വരെ പലതവണ ഈ അഭ്യര്‍ത്ഥന ആവര്‍ത്തിക്കപ്പെട്ടു.

പക്ഷേ വത്തിക്കാന്‍ അത് ചെവിക്കൊണ്ടില്ല. ഒടുവില്‍ 1942 ഒക്ടോബര്‍ 31 ന് പിയൂസ് പന്ത്രണ്ടാമന്‍ ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു.

ഫാത്തിമായിലെ മാതാവുമായി ബന്ധപ്പെട്ട നിരവധി ബന്ധം അലക്‌സാണ്ട്രീനയ്ക്കുണ്ടായിരുന്നു.. ഉപവസിക്കുക, പാപം ചെയ്യാതിരിക്കുക, മാനസാന്തരപ്പെടുക. കൊന്ത ചൊല്ലുക, ദിവ്യകാരുണ്യം സ്വീകരിക്കുക ഇതായിരുന്നു അലക്‌സാണ്ട്രീനയ്ക്ക് മാതാവ് നല്കിയ ബോധ്യം. 1938 മുതല്‍ 1942 വരെ എല്ലാ വെള്ളിയാഴ്ചകളിലും ഈശോയുടെ പീഡാസഹനവും അലക്‌സാണ്ട്രീന അനുഭവിച്ചിരുന്നു.

ജീവിതത്തിലെ അവസാനത്തെ 13 വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രമായിരുന്നു ആഹാരം. 1955 ഒക്ടോബര്‍ 12 ന് അന്ത്യകൂദാശ സ്വീകരിച്ച അവള്‍ അടുത്ത ദിവസം മരണമടഞ്ഞു. 2004 ഏപ്രില്‍ 25 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.