വത്തിക്കാന്‍ സിറ്റി: വ്യത്യസ്തമായ ഭാവി തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ ഭാവി എപ്രകാരം ആയിരിക്കും എന്നത് നാം എടുക്കുന്ന പ്രതിബദ്ധതകള്‍ അനുസരിച്ചായിരിക്കും. നമ്മുടെ സമീപനങ്ങളില്‍ മാറ്റം വരുത്താനുള്ള ധാരാളം അവസരങ്ങള്‍ ഇക്കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നാം നഷ്ടം വരുത്തിയിട്ടുണ്ടെന്ന് നമുക്ക് സമ്മതിക്കേണ്ടിവരും.
ഭൂമിയുടെ സംരക്ഷണം, വാക്സിന് വിതരണം, പട്ടിണി, ദാരിദ്ര്യം, വ്യാപാരം എന്നിവയുടെ വര്‍ദ്ധനവ്, ആയുധ വില്പനകള് എന്നിങ്ങനെയുള്ളവ ഇപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഹ്രസ്വകാല ലാഭമോ ലാഭ വിപുലീകരണമോ ലക്ഷ്യം വയ്ക്കാതെ എത്രമാത്രം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് സ്വതന്ത്രമാക്കാമെന്നും എത്ര പേര്‍ക്ക് മാന്യമായി തൊഴില്‍ ചെയ്യാന്‍ അവസരങ്ങള്‍ ഒരുക്കാമെന്നുമായിരിക്കണം ലക്ഷ്യം. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സമഗ്രമാനവ വികസന ഡികാസ്റ്ററി വിളിച്ച സമ്മേളനത്തില്‍ പങ്കെടുത്തവരോട് സംസാരിക്കുകയായിരുന്നു പാപ്പ.
ഭാവി തയ്യാറാക്കുക ഒപ്പം സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പുനരുല്പാദനം ഉറപ്പുവരുത്തുന്നതുമായ ഒരു സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തുക എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം.