മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം; അറിയാം ചില ചരിത്രസത്യങ്ങള്‍

ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ആ ദിവസം ഇതാ അടുത്തുവന്നു കഴിഞ്ഞു. ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ആദ്യമായി ഇതാ ഇറാക്കിന്റെ മണ്ണില്‍ കാലുകുത്താന്‍പോകുന്നു. ചരിത്രപരവും വിശ്വാസപരവുമായിപ്രാധാന്യമുള്ളതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം. മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെ തീയതികളിലാണ് പാപ്പായുടെ അപ്പസ്‌തോലിക പര്യടനം.

ഇസ്രായേല്‍ കഴിഞ്ഞാല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ഏറ്റവും അധികമായി പരാമര്‍ശിക്കപ്പെടുന്ന രാജ്യമാണ് ഇറാക്ക്. പുരാതന ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ ഏറ്റവും പൗരാണികമായ രാജ്യം. അതാണ് ഇറാക്ക്.

വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ദേശം ഇറാക്കിലെ ഊര്‍ ആയിരുന്നുവത്രെ. ദാനിയേല്‍ പ്രവാചകന്‍ ജീവിതത്തില്‍ ഏറെ ഭാഗവും കഴിച്ചൂകൂട്ടിയതും ഇറാക്കിലായിരുന്നു. ഏദെന്‍ തോട്ടവും ഇറാക്കിലായിരുന്നുവെന്ന് ഇന്ന് ചില തെളിവുകള്‍ പറയുന്നു.

എസക്കിയേല്‍ പ്രവാചകന്റെയും യോനാ പ്രവാചകന്റെയും നാമത്തിലുള്ള നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ ഇന്നും ഇറാക്കിലുണ്ട്. വിശുദ്ധ തോമാശ്ലീഹായില്‍ നിന്നും യൂദാശ്ലീഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ചവരാണ് ഇറാക്കുകാര്‍.

1950 വരെ ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനത്തോളം ആളുകള്‍ ക്രൈസ്തവരായിരുന്നു. എന്നാല്‍ ഐഎസ് അധിനിവേശത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളോട് അനുബന്ധിച്ച് ഇപ്പോഴത് നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇങ്ങനെ ക്രൈസ്തവവിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന മണ്ണിലേക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വന്നിറങ്ങുന്നത്.

അതുകൊണ്ട് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ സന്ദര്‍ശനം ഏറെ ചരിത്രപ്രധാനവും ഒപ്പം പ്രത്യാശാഭരിതവുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.