എല്ലാം ചെയ്യാന്‍ കഴിയുന്ന യേശുവിനോട് നിര്‍ബന്ധബുദ്ധിയോടെ ആവശ്യപ്പെടണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: എല്ലാം ചെയ്യാന്‍ കഴിയുന്ന യേശുവിനോട് നിര്‍ബന്ധബുദ്ധിയോടെ എല്ലാം ആവശ്യപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായം 46 മുതല്‍ 52 വരെയുള്ള വാക്യങ്ങള്‍ വായിച്ച് വചന സന്ദേശം നല്കുകയായിരുന്നു പാപ്പ. അന്ധയാചകനായ ബര്‍ത്തിമേയൂസിന് യേശു കാഴ്ച നല്കുന്ന സംഭവമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

ബര്‍ത്തിമേയൂസ് അധികം വാക്കുകള്‍ ഉപയോഗിക്കുന്നില്ല എന്ന് പാപ്പ നിരീക്ഷിച്ചു. കാതലായതു മാത്രമാണ് ബര്‍ത്തിമേയൂസ് പറയുന്നത്. ദൈവത്തിന്റെ സ്‌നേഹത്തിന് അവന്‍ സ്വയം സമര്‍പ്പിക്കുകയാണ്. ദൈവത്തോട് ഒരിക്കലും അവന്‍ ഭിക്ഷ യാചിക്കുന്നില്ല. ഹൃദയത്തിലെ മുറിവുകളും അപമാനങ്ങളും തകര്‍ന്ന സ്വപ്‌നങ്ങളും തെറ്റുകളും പശ്ചാത്താപവും എല്ലാമാണ് അവന്‍ സമര്‍പ്പിക്കുന്നത്. ഹൃദയം കൊണ്ടാണ് അവന്‍ പ്രാര്‍ത്ഥിച്ചത്. പക്ഷേ നമ്മുടെ പ്രാര്‍ത്ഥന എങ്ങനെയാണ്.? ദൈവത്തോട് ഒരുഅനുഗ്രഹം ചോദിക്കുമ്പോള്‍ സ്വന്തം ചരിത്രം, മുറിവുകള്‍, അപമാനങ്ങള്‍, തകര്‍ന്ന സ്വപ്‌നങ്ങള്‍, തെറ്റുകള്‍, കുറ്റബോധം എന്നിവയെല്ലാം പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ? നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥന എങ്ങനെയുള്ളതാണെന്ന് നാം ആത്മശോധന നടത്തണം.

ബര്‍ത്തിമേയൂസിന്റെ നിര്‍ബന്ധബുദ്ധിയുണ്ടോ നമുക്ക് പ്രാര്‍ത്ഥനയില്‍? കടന്നുപോകുന്ന കര്‍ത്താവിനെ എങ്ങനെ പിടിച്ചുനിര്‍ത്തണമെന്ന് നമുക്കറിയാമോ? മന്ദോഷ്ണ പ്രാര്‍ത്ഥനകള്‍ കൊണ്ട് യാതൊരു ഉപകാരവും ഇല്ലെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

വിശ്വാസം ജീവസുറ്റതായിരിക്കുമ്പോള്‍ പ്രാര്‍ത്ഥന ഹൃദയസ്പര്‍ശിയാണ്. അത് ചില്ലിക്കാശിനായി യാചിക്കുന്നില്ല എല്ലാം ചെയ്യാന്‍ കഴിയുന്ന യേശുവിനോട് എല്ലാം ചോദിക്കണം. ഇക്കാര്യം മറക്കരുത്. എല്ലാം ചെയ്യാന്‍ കഴിയുന്ന യേശുവിനോട് നിര്‍ബന്ധബുദ്ധിയോടുകൂടി എല്ലാം ആവശ്യപ്പെടണം.

ദാവീദിന്റെ പുത്രനായ യേശുവേ എന്നില്‍ കനിയണമേയെന്ന പ്രാര്‍ത്ഥന ബര്‍ത്തിമേയുസിനെ പോലെ നമുക്ക് ഏറ്റുചൊല്ലാം എന്നും പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.