പ്രാര്‍ത്ഥനയില്ലെങ്കില്‍ സഭ വെറുമൊരു പുറന്തോട് മാത്രമായിത്തീരും: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയില്ലെങ്കില്‍ സഭ വെറുമൊരു പുറന്തോട് മാത്രമായിത്തീരുമെന്നും സുവിശേഷവല്‍ക്കരണത്തിന്റെ ദിശ നഷ്ടമാകുമെന്നും ഫലദായകമായ മാറ്റങ്ങള്‍ സഭയില്‍ സംഭവിക്കുകയില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പൊതുദര്‍ശന വേളയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

കോണ്‍വെന്റുകളും ആശ്രമങ്ങളും ആത്മീയപ്രകാശത്തിന്റെ കേന്ദ്രങ്ങളായി മാറണം. അവ പ്രാര്‍ത്ഥനാസമൂഹങ്ങളായിക്കൊണ്ട് ആത്മീയതയെ പ്രകാശിപ്പിക്കണം. വിശുദ്ധര്‍ പ്രാര്‍ത്ഥനയെന്ന ആയുധം കൊണ്ട് സഭയെ പിന്തുണച്ചവരായിരുന്നു. അവരുടെ കൈയില്‍ പണം, അധികാരം, മാധ്യമശുശ്രൂഷകള്‍ എന്നിവയൊന്നും ഉണ്ടായിരുന്നില്ല. ലോകത്തിന്റെ കണ്ണില്‍ അവര്‍ വളരെ ചെറിയവരും നിസ്സാരരരുമായിരുന്നു. പക്ഷേ അവര്‍ പ്രാര്‍ത്ഥനകൊണ്ട് സഭയെ പിന്തുണച്ചു.

വിശുദ്ധരായ മനുഷ്യരുടെ ജീവിതം മറ്റുള്ളവരെ തട്ടിച്ചുനോക്കുമ്പോള്‍ ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല. നിരവധിയായ പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും അവരുടെ ശക്തി പ്രാര്‍ത്ഥനയായിരുന്നു.

സഭയ്‌ക്കെതിരെ പോരാടുന്ന സാത്താന്‍ ആദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് പ്രാര്‍ത്ഥനയില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുക എന്നതാണ്. സഭയെന്നത് പ്രാര്‍ത്ഥനയുടെ ഒരു മഹാവിദ്യാലയമാണ്. നാം ഓരോരുത്തരും എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് സ്വയം വിലയിരുത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. തത്ത ചൊല്ലും പോലെയാണോ നാം പ്രാര്‍ത്ഥിക്കുന്നത്. അതോ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായിട്ടാണോ? പാപ്പ ചോദിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.