ചോദിക്കുന്നത് നല്കുന്ന ദൈവത്തിന്റെ മാന്ത്രികശക്തിയും അത്ഭുതകരമായ ഇടപെടലും പ്രതീക്ഷിക്കുന്നതല്ല പ്രാര്‍ത്ഥന: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയെ വിശ്വാസാനുഭവമായി കാണാതെ നാം ചോദിക്കുന്നത് നല്കുന്ന ദൈവത്തിന്റെ മാന്ത്രികശക്തിയും അത്ഭുതകരമായ ഇടപെടലുമായി കരുതുന്നതില്‍ അപകടമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രതീക്ഷിക്കുന്ന അത്ഭുതവും അടയാളവും ലഭിക്കാതെ വരുമ്പോഴാണ് പ്രാര്‍ത്ഥന നിരാശപ്പെടുന്ന അനുഭവമാകുന്നത്. പ്രാര്‍ത്ഥന ന്യായമായിരുന്നിട്ടും അത് കേള്‍ക്കപ്പെടുന്നില്ല എന്ന് തോന്നുന്നതുകൊണ്ട് നിരാശപ്പെടുന്നവര്‍ ധാരാളമുണ്ടെന്നും പാപ്പ പറഞ്ഞു.

ദൈവം നമ്മെ അനുഗ്രഹങ്ങളാല്‍ സേവിക്കുന്നതല്ല പ്രാര്‍ത്ഥന മറിച്ച് നാം പ്രാര്‍ത്ഥനയില്‍ ദൈവത്തോട് ഐക്യപ്പെടുകയും അവിടുത്തെ ശുശ്രൂഷിക്കുകയുമാണ് ചെയ്യേണ്ടത്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴുമുള്ളത് നമ്മുടെ പദ്ധതികളും സ്വപ്‌നങ്ങളുമാണ്. എന്നാല്‍ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ ദൈവഹിതം തേടുന്ന വ്യക്തിയാണ് വിശ്വാസി. അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ എന്നാണ് ഈശോ പഠിപ്പിച്ചത്.

അതുകൊണ്ട് ദൈവതിരുമനസ്സ് ലോകത്തില്‍ നടപ്പിലാകുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കണം. അത് യഥാര്‍ത്ഥ പ്രാര്‍ത്ഥനയാണ്,
നമ്മുടെ പ്രാര്‍ത്ഥന എളിമയുള്ളതായിരിക്കണം. പൊള്ളയായ വാക്കുകളോ വ്യാജമായ ഭാഷണമോ പ്രാര്‍ത്ഥനയില്‍ ഉപയോഗിക്കരുത്.

ദൈവം നമ്മോടുകൂടെ എന്ന് എഴുതിവയ്ക്കാന്‍ എളുപ്പമാണെന്ന് അഭിപ്രായപ്പെട്ട പാപ്പ, പലരും വിചാരിക്കുന്നത് ദൈവം അവരുടെ കൂടെയാണെന്നാണ്. പ്രാര്‍ത്ഥനയില്‍ ദൈവം നമ്മെ രൂപാന്തരപ്പെടുകയാണ്. അല്ലാതെ ദൈവത്തെ നാം പ്രാര്‍ത്ഥന കൊണ്ട് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയല്ല. പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.