കിണറ്റിൽ വീണ തൊട്ടിയും എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയും; മാതാവിന്റെ മാധ്യസ്ഥശക്തിയെക്കുറിച്ചുള്ള ഒരു വൈദികന്റെ ഓര്‍മ്മപ്പെടുത്തല്‍


എന്റെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട  പരി. മാതാവ് കുറവിലങ്ങാട്‌ മുത്തിയമ്മയാണ്. എന്തു പ്രശ്നം വന്നാലും അമ്മ പറയും “കുറവിലങ്ങാട്ട് മുത്തിയമ്മയ്ക്ക് ഞാൻ എണ്ണ നേർന്നിട്ടുണ്ട്. മുത്തിയമ്മ ശരിയാക്കിത്തരും ” ഈ മുത്തിയമ്മയെപ്പറ്റി പല കഥകളും അമ്മ ഞങ്ങൾക്ക് പറഞ്ഞു തരുമായിരുന്നു. ഇപ്പോഴും മനസ്സിൽ തങ്ങി നില്‌ക്കുന്ന ഒരു കഥ ഇങ്ങനെയാണ്.

തിരുവിതാംകൂറിൽ നിന്നും  മലബാറിൽ സ്ഥലം വാങ്ങിക്കാൻ  വന്ന ഒരാളെ കള്ളൻമാർ  പിടിച്ച് പണവും ആഭരണവും വാച്ചും കവർന്നുവത്രേ. തുടർന്ന് കത്തി എടുത്ത്  കുത്തി കൊല്ലാൻ തുടങ്ങിയപ്പോൾ അയാൾ”എന്റെ കുറവിലങ്ങാട് മുത്തിയമ്മേ എന്നെ രക്ഷിക്കണമേ ” എന്ന് നിലവിളിച്ച്‌ കരഞ്ഞുവത്രേ!!! അപ്പോൾ കള്ളൻമാർ ഭയപ്പെടുകയും കൊല്ലാൻ ഉയർത്തിയ കത്തി പിൻവലിച്ചിട്ട്  വണ്ടിക്കൂലിക്കുള്ള പണവും, വാച്ചും തിരികെ നല്കി പറഞ്ഞു വിടുകയും ചെയ്തത്രേ.  ഈ കഥ  പല പ്രാവശ്യം അമ്മ പറഞ്ഞിട്ടുണ്ട്. അമ്മ പറയുന്നതിന്റെ പൊരുൾ ഇതാണ്, മക്കളേ നമ്മൾ മലബാറിൽ ചെന്നാലും മുത്തിയമ്മ  കൂടെയുണ്ടാകും. അതുകൊണ്ട് പേടിക്കേണ്ട !!!. ഞാൻ വൈദികനായപ്പോൾ അമ്മ എന്നോടു പറഞ്ഞു, “കുറവിലങ്ങാട്ട് പോയി എണ്ണ ഒഴിക്കണം. ഞാൻ നിനക്കു വേണ്ടി നേർന്നിട്ടുണ്ടായിരുന്നു.” ഞാൻ അത് നിറവേറ്റുകയും ചെയ്തു.

പരി.മാതാവുമായി ബന്ധപ്പെടുത്തി അമ്മ ഞങ്ങളെ പഠിപ്പിച്ച രണ്ടാമത്തെ കാര്യം, എന്തെങ്കിലും സാധനങ്ങൾ കാണാതെ പോയാൽ തിരിച്ചു കിട്ടുന്നതിനു വേണ്ടി  അഞ്ച് പ്രാവശ്യം  എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ചൊല്ലണം എന്നുള്ളതാണ്. താക്കോൽ, അടുക്കളയിലെ ഉപകരണങ്ങൾ, പണിയായുധങ്ങൾ , ചീപ്പ്, പേന, കല്ലുപെൻസിൽ തുടങ്ങിയ ഏത് സാധനങ്ങൾ കാണാതെ പോയാലും അമ്മ പറയുമായിരുന്നു. അഞ്ച് പ്രാവശ്യം എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ചൊല്ലിയതിന് ശേഷം അന്വേഷിക്കാൻ . അദ്ഭുതമെന്നല്ലാതെ എന്തു പറയാൻ …. അതൊക്കെ കണ്ടു കിട്ടുകയും ചെയ്യുമായിരുന്നു. 
 

എന്റെ മനസ്സിൽ ഇന്നും തളിർത്തു  നില്ക്കുന്ന ഒരു സംഭവമുണ്ട്.  അത് പറയാം. വേനല്ക്കാലത്ത് വീട്ടിലെ കിണറുകളിൽ വെള്ളം വളരെ കുറയും.  അപ്പാൾ ഞങ്ങളെ കുളിപ്പിക്കാനായി കുറച്ചകലെയുള്ള ഒരു കിണറ്റിൻ കരയിലേയ്ക്ക് കൊണ്ടു പോകും. ഞങ്ങളുടെ ഒരു ബന്ധുവിന്റ പറമ്പാണത്.  വെള്ളം കോരാനുള്ള തൊട്ടിയും കയറും, അലക്കാനുള്ള തുണിയും ഒക്കെയായി  ആഘോഷമായിട്ടാണ് പോവുക. വൈകുന്നേരങ്ങളിൽ അഞ്ച് മക്കളെയും തെളിച്ചു കൊണ്ടുള്ള അമ്മയുടെ ക്ലേശകരമായ തീർത്ഥാടനങ്ങളായിരുന്നു അതെല്ലാം എന്ന് ഇന്നു മനസ്സിലാകുന്നു. 
അമ്മ വസ്ത്രം അലക്കുന്നു. മൂത്തവർ ഇളയവരെ കളിപ്പിക്കുന്നു. ഇതിനിടയിൽ ഒരു വലിയ പ്രതിസന്ധി…. കയറു പൊട്ടി തൊട്ടി കിണറ്റിൽ വീണു.  ശ്ശൊ !!! ഇനി എന്തു ചെയ്യും???? തൊട്ടിയടുക്കാതെ എങ്ങനെ തിരിച്ചു പോകും. അന്നത്തെ കാലത്ത് വെള്ളം കോരുന്ന തൊട്ടി ഒരു വീട്ടിലെ ഏറ്റവും അത്യാവശ്യ സാധനങ്ങളിൽ ഒന്നാണ്. ഇനി എന്തു ചെയ്യും???

അമ്മ പറഞ്ഞു. “നിങ്ങളെല്ലാവരും അഞ്ച് പ്രാവശ്യം എത്രയും ദയയുള്ള മാതാവേ ചൊല്ലുക, തൊട്ടി മാതാവ് എടുത്തു തരും ” ഞങ്ങൾ പ്രാർത്ഥന ചൊല്ലാൻ ആരംഭിച്ചു. ഈ സമയത്ത്  അമ്മ  ആ പറമ്പിലുണ്ടായിരുന്ന കപ്പക്കോലുകൾ വാഴനാരു കൊണ്ട്  കൂട്ടിക്കെട്ടി ഒരു നീളൻ ‘തോട്ടി’  ഉണ്ടാക്കുകയാണ്.  എന്നിട്ട് വളരെ ശ്രദ്ധയോടെ കിണറ്റിൽ നിന്നും വെള്ളം നിറഞ്ഞ തൊട്ടി പുറത്തെടുക്കുകയാണ്. തൊട്ടി കരക്കെത്തിയപ്പോൾ അമ്മ പറഞ്ഞു “കണ്ടില്ലേ  എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയുടെ ശക്തി”. അന്നെനിക്ക്  അതത്ര ബോധ്യം വന്നില്ല. കാരണം തൊട്ടി പുറത്തെടുത്തത്  എന്റെ അമ്മയല്ലേ. മാതാവ് എടുത്തു തരുമെന്നല്ലേ അമ്മ പറഞ്ഞത്.?

എന്നാൽ ഇന്നെനിക്ക്  ഒരു സംശയവുമില്ല എന്റെ അമ്മയിലൂടെ യേശുവിന്റെ അമ്മയാണ് തൊട്ടി പുറത്തെത്തിച്ചതെന്ന് . (ബലം  വളരെ കുറഞ്ഞതാണ് കപ്പക്കോലും വാഴനാരും. ).

ഇന്നും എന്തെങ്കിലും സാധനങ്ങള്‍കാണാതെ പോകുമ്പോഴും ,  പ്രത്യേക ആവശ്യങ്ങൾ വരുമ്പോഴും   ഞാൻ അഞ്ച് പ്രാവശ്യം എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ചൊല്ലാറുണ്ട്’. ഇവിടെ ഹോസ്റ്റലിലുള്ള കുട്ടികളെക്കൊണ്ട് ചൊല്ലിക്കാറുമുണ്ട്. അപ്പോഴെല്ലാം  അദ്ഭുതകരമായി മാതാവ് എന്നെ സഹായിക്കാറുമുണ്ട്.. 

ഇക്കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എന്റെ ഒരു സുഹൃത്ത് വിളിച്ചിച്ചിട്ട് പറഞ്ഞു ” അച്ചാ എന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് കാണുന്നില്ല. അച്ചനൊന്ന് പ്രാർത്ഥിക്കണം.” ഞാൻ  പറഞ്ഞു ” സുഹൃത്തേ അഞ്ച് പ്രവശ്യം ഭക്തിപൂർവ്വം  എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ചൊല്ല്. മാതാവ് പരിഹാരം ഉണ്ടാക്കും.

യേശു ഇന്നെന്നോടു പറഞ്ഞു. “എനിക്കും  നിനക്കും ഒരോ അമ്മമാരുണ്ട്. എന്നാൽ നമ്മുക്ക് രണ്ടു പേർക്കും കൂടി ഒരമ്മയുണ്ട്. ” …ഞാൻ പറഞ്ഞു, എനിക്കറിയാം കുരിശിൻ ചുവട്ടിലെ അമ്മയല്ലേ ” മറുപടിയായി അവൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. പരിശുദ്ധ അമ്മയെ എനിക്ക കാണിച്ചു തന്ന എൻറ അമ്മയ്ക്കു വേണ്ടി ഞാനിന്ന് അഞ്ച്  പ്രാവശ്യം ” എത്രയും ദയയുള്ള മാതാവേ ” ചൊല്ലും, തീർച്ച.

‘യേശു യോഹന്നാനോട് അരുളി ചെയ്തു ” ഇതാ നിന്റെ അമ്മ” (യോഹന്നാൻ, 19:27)

ഫാ. അജി പുതിയാപറമ്പിൽ(താമരശ്ശേരി രൂപത)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.