പ്രാര്‍ത്ഥിക്കുമ്പോള്‍ ഇതാ ഞാന്‍ എന്ന് ദൈവം മറുപടി തരണോ, അതിനുള്ള പോംവഴി ഈ വചനം പറഞ്ഞുതരും

ജീവിതത്തില്‍ ഒരുപാട് നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ പല കാര്യങ്ങളും ദൈവം സാധിച്ചുതരാറില്ല. ഇത് നമ്മെ നിരാശരും പ്രാര്‍ത്ഥനാജീവിതത്തില്‍ നിന്ന് അകന്നുനില്ക്കുന്നവരുമായി മാറ്റും. നോമ്പുകാലങ്ങളിൽ നാം പലതരത്തിലുള്ള ഭക്ത്യാഭ്യാസങ്ങളും ശീലിക്കാറുണ്ട്. കുരിശിന്റെ വഴി, ഉപവാസം, ദാനധര്‍മ്മം.നോമ്പ്.. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇവയും ആഗ്രഹിക്കുന്ന ഫലം നല്കാറില്ല. എന്തുകൊണ്ടാണ് ഇത്? തിരുവചനം ഇക്കാര്യത്തെക്കുറിച്ച് വിശദമായും വ്യക്തമായും നമുക്ക് പ്രബോധനം നല്കുന്നുണ്ട്.

ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്‌? ഒരു ദിവസത്തേക്ക്‌ ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച്‌ ചാരവും വിതറികിടക്കുന്നതും ആണോ അത്‌?

ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നുംവിളിക്കുക?ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന് കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?

വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന്‌ ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്‌?

അപ്പോള്‍, നിന്റെവെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്‍െറ മുന്‍പിലും കര്‍ത്താവിന്‍െറ മഹത്വം നിന്റെ പിന്‍പിലും നിന്നെ സംരക്‌ഷിക്കും. നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ്‌ ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന്‌ അവിടുന്ന്‌ മറുപടി തരും. മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന്‌ ദൂരെയകറ്റുക.(ഏശയ്യാ 58 : 5- 9)

ദൈവം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഉപവാസം ഇതാണ്. ഇത്തരത്തിലുള്ള ഉപവാസത്തിലൂടെയാണ് നാം ദൈവാനുഗ്രഹം പ്രാപിക്കേണ്ടത്. ഇതിന് വിരുദ്ധമായി നില്ക്കുന്നവയെ നാം നമ്മുടെജീവിതത്തില്‍ നിന്ന് ദൂരെയകറ്റണം.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുുറ്റാരോപണവും ദുര്‍ഭാഷണവും. നാം എത്രയോ അധികമായിട്ടാണ് ഓരോരുത്തരെയും കുറ്റം പറയുന്നത്. എത്രയോ ആഹ്ലാദത്തോടെയാണ് ദുര്‍ഭാഷണം നടത്തുന്നത്. ഇതൊക്കെ നമ്മുടെ ജീവിതത്തിലെ ചില തഴക്കദോഷങ്ങളാണ്. ഇവയെ ഇല്ലാതാക്കി പരിശുദ്ധമായ ഹൃദയത്തോടെ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യൂ. നമ്മുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം നല്കും. അവിടുത്തെ വചനം പറയുന്നതുപോലെ ഇതാ ഞാന്‍ എന്ന് അവിടുന്ന് മറുപടി തരും.

അതുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍തഥിക്കാം. ദൈവമേ ഇതാ ഞാന്‍ എന്ന് അവിടുന്നെനിക്ക് ഉത്തരം നല്കണമേ, അതനുസരിച്ച് എന്റെ ജീവിതത്തെ ക്രമീകരിക്കണമേ..അനുഗ്രഹിക്കണമേ. ആമ്മേന്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.