വത്തിക്കാന്‍ സിറ്റി: സ്നേഹിക്കുന്നയാളെ താന്‍ എവിടെയായിരുന്നാലും സദാ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ഒരു കാമുകനെപോലെയാണ് പ്രാര്‍ത്ഥിക്കുന്ന വ്യക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ത്ഥനയെ സംബന്ധിച്ച് നടത്തിപ്പോരുന്ന വചനവിചിന്തനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ദൈവവുമായുള്ള സംഭാഷണമാണ് പ്രാര്‍ത്ഥന. ഈ സംഭാഷണത്തില്‍ സകലതും അടങ്ങിയിരിക്കുന്നു. സന്തോഷം..സഹായാഭ്യര്‍ത്ഥന.. ഓരോ സന്തോഷവും സ്തുതിപ്പിന് കാരണമായിത്തീരുന്നു. ഓരോ പരീക്ഷണവും സഹായാഭ്യര്‍ത്ഥനയ്ക്കുള്ള അവസരമാകുന്നു. അധരം സംസാരിക്കാത്തപ്പോഴും പ്രാര്‍ത്ഥന ജീവിതത്തില്‍ കനലുപോലെ സദാ സജീവമാണ്.
ക്രിസ്തീയ പ്രാര്‍ത്ഥന മനുഷ്യഹൃദയത്തില്‍ പ്രത്യാശ സമ്മാനിക്കുന്നു. നമ്മുടെ യാത്രയില്‍ എന്ത് അനുഭവം ഉണ്ടായാലും ദൈവസ്നേഹത്തിന് അതിനെ നന്മയായി പരിണമിപ്പി്കകാന് കഴിയും. എല്ലായ്പ്പോഴും എല്ലാറ്റിനും എല്ലാവര്ക്കും വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കും അറിയുന്നവര്‍ക്കും വേണ്ടി മാത്രമല്ല അറിയാത്തവര്‍ക്കു വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം. അസന്തുഷ്ടരായ ആളുകള്‍ക്കുവേണ്ടി, ഏകാന്തതയില്‍ കേഴുന്നവര്‍ക്കായി എല്ലാം നാം പ്രാര്‍ത്ഥിക്കണം.
ദുര്‍ബലരായ നമുക്ക് പ്രാര്‍ത്ഥിക്കാന്‍ അറിയാം എന്നത് വലിയൊരു കാര്യമാണ്. ഓരോ നിമിഷവും ഓരോ ചുറ്റുപാടിലും പ്രാര്‍ത്ഥിക്കുക. കാരണം എന്റെ അടുത്ത് കര്‍ത്താവുണ്ട്. പാപ്പ പറഞ്ഞു.