വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം – മൂന്നാം ദിവസം
എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു (ലൂക്കാ 4:22).
വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹത്വം
ദൈവം ഒരു വ്യക്തിയെ ഒരു പ്രത്യേക ദൗത്യനിര്‍വഹണത്തിനോ ജോലിക്കോ ജീവിതാന്തസ്സിലേക്കോ തെരഞ്ഞെടുത്താല്‍ അതിനാവശ്യമായിട്ടുള്ള എല്ലാ ആദ്ധ്യാത്മികവും ഭൗമികവുമായിട്ടുള്ള ദാനങ്ങളും ആ വ്യക്തിക്ക് നല്‍കുമെന്ന് വി. തോമസ് അക്വിനാസ് അഭിപ്രായപ്പെടുന്നു. മനുഷ്യ ജന്മം വരിച്ച ദൈവത്തിന്‍റെ വളര്‍ത്തുപിതാവും ദൈവമാതാവായ പ.കന്യകയുടെ വിരക്തഭര്‍ത്താവും എന്ന മഹോന്നതമായ ദൗത്യം നിര്‍വഹിക്കുവാനായി ദൈവം വിശുദ്ധ യൗസേപ്പിനെ തെരഞ്ഞെടുത്തു. അപ്പോള്‍ അതിനാവശ്യമായ എല്ലാ ദാനങ്ങളാലും ദൈവം വിശുദ്ധ യൗസേപ്പിനെ സമ്പന്നനാക്കി.
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവെന്ന ദൗത്യനിര്‍വഹണത്താല്‍ വി.യൗസേപ്പ്, പിതാവായ ദൈവത്തിന്‍റെ സ്ഥാനം അലങ്കരിക്കുന്നു. പ. കന്യകയുടെ വിരക്ത ഭര്‍ത്താവെന്ന നിലയില്‍ പരിശുദ്ധാത്മാവിന്‍റെ മഹനീയ വരവും വി.യൗസേപ്പിനുണ്ട്. ഇതില്‍ നിന്നെല്ലാം വി.യൗസേപ്പിന്‍റെ മഹത്വം നമുക്ക് അനുമാനിക്കാന്‍ സാധിക്കും. ദൈവപിതാവിനെ പ്രതിനിധീകരിച്ച് സുതനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള സ്ഥാനം വി. യൗസേപ്പിനെ മറ്റെല്ലാ വിശുദ്ധരിലും മാലാഖാമാരിലും അതീതനാക്കിത്തീര്‍ക്കുന്നുണ്ട്. തന്നിമിത്തം വി.യൗസേപ്പ് സര്‍വഗുണ സമ്പൂര്‍ണ്ണനാണ്.
വരപ്രസാദത്തിന്‍റെ ഏറ്റവും ഉയര്‍ന്ന മണ്ഡലത്തിലാണ് അദ്ദേഹം ജീവിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിശിഹായില്‍ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഏക വ്യക്തിയില്‍ സമ്മേളിക്കുന്ന അത്ഭുതപ്രക്രിയയ്ക്ക് ‘Hypostatic Union’ അഥവാ ഉപസ്ഥിതിബന്ധമെന്ന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ അഭിസംബോധന ചെയ്യുന്നു. ആ തലത്തോടു ബന്ധപ്പെട്ടാണ് വി.യൗസേപ്പിന്‍റെ വ്യക്തിത്വം രൂപം നമ്മുക്ക് കാണാന്‍ സാധിയ്ക്കും. മാംസമായ വചനത്തോട് ദൈവമാതാവായ കന്യക കഴിഞ്ഞാല്‍ ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് വി.യൗസേപ്പായിരിന്നു. വി.യൗസേപ്പ് ഈശോമിശിഹായോടു കൂടിയും ഈശോമിശിഹായ്ക്കു വേണ്ടിയുമാണ് സര്‍വതും പ്രവര്‍ത്തിച്ചിട്ടുള്ളത്.
പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിരക്ത ഭര്‍ത്താവ് എന്ന നിലയില്‍ വി.യൗസേപ്പിന് ദൈവമാതാവിനോടു അടുത്ത ദാനങ്ങളും വരങ്ങളും ലഭിച്ചിരിക്കണമെന്ന് ന്യായമായി അനുമാനിക്കാന്‍ സാധിക്കും. വിശുദ്ധ യൌസേപ്പ് പിതാവ് കണ്ട സ്വപ്നത്തില്‍, ദിവ്യസൂര്യനായ ഈശോമിശിഹായും, ചന്ദ്രനെ പാദപീഠമാക്കിയിരിക്കുന്നവളായ പ.കന്യകയും മറ്റ് വിശുദ്ധരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ വിശുദ്ധ യൗസേപ്പിന്‍റെ സ്ഥാനമാഹാത്മ്യം അതുല്യമാണെന്നു അനുമാനിക്കാം.
സംഭവം
മദ്യപാനിയായ ഒരു മനുഷ്യന്‍റെ വീട്ടില്‍ എന്നും വലിയ കലാപമായിരുന്നു. എല്ലാ ദിവസവും സന്ധ്യാസമയത്ത് അയാള്‍ മദ്യപിച്ച് വീട്ടില്‍ വരും. ഭാര്യയേയും കുട്ടികളെയും കാരണമില്ലാതെ തല്ലിച്ചതയ്ക്കും. ഇതിനാല്‍ വളരെ ക്ലേശങ്ങള്‍ സഹിച്ച അയാളുടെ ഭാര്യ ഒരു ദിവസം ഇങ്ങനെ പറഞ്ഞു: “മദ്യപിക്കരുതെന്ന് പറഞ്ഞാല്‍ അങ്ങ് അതു കാര്യമാക്കുകയില്ല. എന്തുതന്നെയായിരുന്നാലും ശരി, ഇന്നുമുതല്‍ നമ്മുടെ കുടുംബത്തെ തിരുക്കുടുംബത്തിനു പ്രതിഷ്ഠിക്കുകയും തിരുക്കുടുംബ പാലകനായ വി. യൗസേപ്പിനോടു മാദ്ധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുകയാണ്. ദയവായി അങ്ങ് ഈ പ്രാര്‍ത്ഥനയില്‍ പങ്കു ചേരണം. അതിനുശേഷം പോയി മദ്യപാനം ചെയ്യുന്നതില്‍ എനിക്ക് എതിര്‍പ്പില്ല.” ഭാര്യയുടെ വാക്കുകള്‍ അയാള്‍ സ്വീകരിച്ചു. ആ വീട്ടില്‍ സമാധാനം വിളയാടി. നവനാള്‍ അവസാനിക്കുന്ന ദിവസം കുടുംബനായകനില്‍ വലിയ പരിവര്‍ത്തനം ഉണ്ടായി. അയാള്‍ മദ്യപാനം പാടേ ഉപേക്ഷിച്ചു
ജപം
ഭൂമിയില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ.കന്യകയുടെ വിരക്ത ഭര്‍ത്താവുമായ വി.യൗസേപ്പേ, അങ്ങയെ അനിതരസാധാരണമായ വരങ്ങളാല്‍ ദൈവം അലങ്കരിച്ചിരിക്കുന്നു. അവിടുത്തെ അതുല്യമായ മഹത്വം ഞങ്ങള്‍ ഗ്രഹിച്ച് അങ്ങയെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പരിശ്രമിക്കുന്നതാണ്. പാപികളായ ഞങ്ങള്‍ അങ്ങില്‍ അഭയം പ്രാപിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള അനുഗ്രഹങ്ങള്‍ അങ്ങേ സര്‍വ്വ വല്ലഭമായ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്കു ലഭിച്ചു തരേണമേ. ഞങ്ങളുടെ ബലഹീനതകളില്‍ അങ്ങ് ഞങ്ങള്‍ക്ക് പ്രത്യാശയും സങ്കേതവുമാകുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
മഹത്വമുള്ള മാര്‍ യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.