Day 09-മാതാവിന്റെ വണക്കമാസം

പരിശുദ്ധ കന്യകയുടെ വിവാഹം

പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്‌നേഹാദരങ്ങളോടു കൂടിയാണ് അവള്‍ പെരുമാറിയിരുന്നത്. അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍ വസിക്കുക അഭിലഷണീയമല്ലായിരുന്നതിനാല്‍ മേരി യൗവ്വനയുക്തയായപ്പോള്‍ അവളെ വിവാഹം കഴിച്ചയയ്ക്കാന്‍ ദേവാലയ അധികൃതര്‍ തീരുമാനിച്ചു.

ബാഹ്യമായ സൗന്ദര്യം കൊണ്ടും ആദ്ധ്യാത്മികമായ സമ്പത്ത് കൊണ്ടും സമ്പന്നയായ മേരിക്ക് അനുരൂപനായ ഒരു വരനെ ലഭിക്കേണ്ടത് അവരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. യഹൂദനിയമമനുസരിച്ച് സ്വഗോത്രത്തിലുള്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹമാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഗോത്രത്തിന്‍റെ ആചാരങ്ങള്‍ പരിരക്ഷിക്കുന്നതിനായിരിക്കാം ഇപ്രകാരം നിര്‍ദ്ദേശിച്ചിരുന്നത്.

മേരി ദാവീദ് ഗോത്രജയായിരുന്നതിനാല്‍ പ്രസ്തുത ഗോത്രത്തിലുള്ള യുവാക്കന്മാരെ മാത്രമായിരിക്കാം വിവാഹത്തിനുള്ള ഉദ്ദേശമറിയിച്ചത്. എന്നാല്‍ വരുവാനിരിക്കുന്ന ലോകപരിത്രാതാവിന്‍റെ മാതാവിന് അനുരൂപനായ ഒരു വരനെ കണ്ടുപിടിക്കുക ദേവാലയ അധികൃതര്‍ക്കു ദുഷ്‌കരമായിരിക്കണം. തന്നിമിത്തം ദൈവ പ്രചോദനത്താല്‍ അവര്‍ അത്ഭുതകരമായി ഒരാളെ തെരഞ്ഞെടുക്കുവാനാണ് തീരുമാനിച്ചത്.

യഹൂദ പാരമ്പര്യമനുസരിച്ച് ഒരു സ്ത്രീ വിവാഹിതയാകാതിരിക്കുന്നത് അപമാനമായിട്ടാണ് കരുതപ്പെടുന്നത്. അതുകൊണ്ട് പരിശുദ്ധ കന്യകയും യഹൂദാചാരപ്രകാരം വിവാഹിതയായി എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. കൂടാതെ പരിശുദ്ധ കന്യക പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ദൈവസുതന്റെ മാതാവായാലും, അവളുടെ അഭിമാനം സംരക്ഷിക്കുന്നതിനും വിവാഹം ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് പ. കന്യകയും വി.യൗസേപ്പും തമ്മിലുള്ള വിവാഹം നടന്നത്.

വിവാഹാനന്തരം വി.യൗസേപ്പും പ. കന്യകയും യഹൂദാചാര വിധികള്‍ക്കനുസരണമായി വിവാഹ ധര്‍മ്മാനുഷ്ഠാനമൊഴിച്ച് ഒരു മാതൃകാ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ക്രിസ്തീയ കുടുംബങ്ങളുടെയും പ്രതീകമാണ് നസ്രത്തിലെ തിരുക്കുടുംബം. രണ്ടു ക്രിസ്ത്യാനികള്‍ വിവാഹിതരാവുന്നത് വിശുദ്ധി പ്രാപിക്കുവാനായിട്ടാണല്ലോ. പ.കന്യകയുടെയും വി,യൗസേപ്പിന്റെയും മാതൃക അനുകരിച്ച് കൊണ്ട് വേണം നമ്മുടെ കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കാന്‍.

സംഭവം

കുടുംബ സമാധാനം ലഭിക്കുന്നതിനു പ.കന്യകയുടെ നേരെയുള്ള ഭക്തി വളരെ സഹായകമാകുന്നതാണ്. ഫാ. പാട്രിക് വെയ്റ്റര്‍ പ്രസിദ്ധനായ ജപമാല പ്രേഷിതനാണ്. 1965ല്‍ ഫിലിപ്പൈന്‍സില്‍ ജപമാല പ്രചാരണത്തിനായിട്ടു അദ്ദേഹം ചെന്നു. തദവസരത്തില്‍ അവിടെ ഒരു വലിയ ജപമാല റാലി സംഘടിപ്പിക്കപ്പെട്ടു. ഫിലിപ്പൈന്‍സിലെ ഒരു പ്രൊവിന്‍സിന്റെ ഗവര്‍ണ്ണറാണ് അതിനു നേതൃത്വം കൊടുത്തത്. ഗവര്‍ണ്ണറുടെ മൂത്തപുത്രന്‍ മദ്യപാനവും അസന്മാര്‍ഗ്ഗിക ജീവിതവും വഴി ഗവര്‍ണര്‍ക്ക് അപമാനം വരുത്തിവച്ചിട്ട് വീട്ടില്‍ നിന്നും പുറപ്പെട്ടു പോയിരുന്നു.

അതിനാല്‍ ജപമാലയുടെ പരിസമാപ്തിയില്‍ അദ്ദേഹത്തിന്‍റെ പുത്രനും അദ്ദേഹത്തോടൊന്നിച്ച് ജപമാല ജപിക്കുവാന്‍ ഇടയാക്കണമെന്ന് ഗവര്‍ണര്‍ മാതാവിനോടപേക്ഷിച്ചു. ഗവര്‍ണറും കുടുംബാംഗങ്ങളും ജപമാല ജപിച്ചു കൊണ്ടു നില്ക്കുമ്പോള്‍ അത്ഭുതമെന്നോണം അദ്ദേഹത്തിന്റെു മൂത്തപുത്രനും അവരോടൊത്ത് ജപമാലയില്‍ പങ്കുകൊണ്ടു. ജപമാല റാലിക്കു ശേഷം ഗവര്‍ണ്ണര്‍ തന്നെ ഇതു പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.

പ്രാര്‍ത്ഥന

പ.കന്യകയെ അവിടുന്ന്‍ വി. യൗസേപ്പുമായിട്ടു വിവാഹിതയായിക്കൊണ്ട് കുടുംബ ജീവിതത്തിന്‍റെ മാഹാത്മ്യവും അതിന്‍റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയ കുടുംബങ്ങള്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായി തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. വിവാഹ ജീവിതം വിശുദ്ധിയ്ക്കുള്ള ഒരു ആഹ്വാനമാണെന്നു മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരുടെ വൈവാഹിക ജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവന സന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭൗമികമായ ജീവിതം സ്വര്‍ഗീയ ജീവിതത്തിന്‍റെ മുന്നാസ്വാദാനമാക്കി തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു പ്രാപിച്ചു തരണമേ. അങ്ങുതന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

എത്രയും ദയയുള്ള മാതാവേ! .

ലുത്തിനിയ

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

അറിവിന്റെ ദര്‍പ്പണമായ ദൈവമേ, ദൈവിക കാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കേണമേ.