പുരോഹിതന്റെ അമ്മ കന്യാസ്ത്രീയായി

മകന്‍ വൈദികന്‍, അമ്മ കന്യാസ്ത്രീ.. കേള്‍ക്കുന്ന മാത്രയില്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നാം. പക്ഷേ സംഭവം സത്യമാണ്. ബ്രസീലിലാണ് അസാധാരണമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഫാ. ജോവാനസ് മാഗ്നോ ദെ ഒലിവേയ്‌റയുടെ അമ്മയാണ് കന്യാസ്ത്രീയായത്. അച്ചന്‍ തന്നെയാണ് സോഷ്യല്‍ മീഡിയായിലൂടെ അസാധാരണമായ ഈ ദൈവവിളിയുടെ കഥ പറഞ്ഞത്.

എട്ടാം വയസുമുതല്‍ പൗരോഹിത്യജീവിതത്തിലേക്ക് ആകര്‍ഷണം തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നാണ് അച്ചന്‍ പറയുന്നത്. തുടര്‍ച്ചയായി ദേവാലയത്തില്‍ പോകുന്നതും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതും പതിവായിരുന്നു. രൂപതാ വൈദികനായി തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിക്കണമെന്നതായിരുന്നു ആഗ്രഹം. അമ്മ മകനെ വൈദികനാകാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെങ്കിലും അവന്റെ ആഗ്രഹത്തിന് എല്ലാവിധ ആശീര്‍വാദവും പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു. പതിമൂന്നുവയസുളളപ്പോള്‍ ഇഗ്നേഷ്യസ് ലൊയോളയുടെ ആധ്യാത്മികസാധനയുമായി പരിചയപ്പെട്ടു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ് സെമിനാരിയിലെ റെക്ടര്‍ ദൈവവിളി വേര്‍തിരിച്ചറിയാനും തിരഞ്ഞെടുക്കാനും ഏറെ സഹായിച്ചു. ഏകമകനായിരുന്നിട്ടും അമ്മയെ തനിച്ചാക്കി ഒരുനാള്‍ അവന്‍ സെമിനാരിയിലേക്ക് പുറപ്പെട്ടു. ഇന്‍കാര്‍നേറ്റ് വേര്‍ഡ് സന്യാസസമൂഹത്തിന്റെ ഒരു ശാഖയായിരുന്ന വെര്‍ജിന്‍ ഓഫ് മറ്റാറയിലെ കന്യാസ്ത്രീകള്‍ ഈ സമയം അച്ചന്റെ അമ്മയെ തങ്ങള്‍ക്കൊപ്പം ജീവിക്കാനായി ക്ഷണിച്ചു. മാനസികവൈകല്യം നേരിടുന്നവരുടെ ശുശ്രൂഷയുമായി അമ്മ അവിടെ ജീവിതം തുടര്‍ന്നപ്പോള്‍ അമ്മയുടെ ഭാവി അതിശയകരമായി മാറിയിരിക്കുന്നതായി ജോവാനസിന് തോന്നി.

അധികം വൈകാതെ സന്യാസിനിജീവിതത്തിലേക്ക് അമ്മ പ്രവേശിച്ചു. ഇറ്റലിയില്‍ ഇന്ന് കന്യാസ്ത്രീയായിജീവിക്കുകയാണ് അച്ചന്റെ അമ്മ. ഫാ. ജോനാസ് വൈദികനായത് 2020 മെയ് എട്ടിനാണ്. അദ്ദേഹം റോമിലാണ്. അസാധാരണമായ ദൈവവിളിയാണ് ഇവരുടേതെന്നാണ് ഇവരെ പരിചയമുള്ളവരുടെ സാക്ഷ്യപ്പെടുത്തല്‍.

ദൈവം എനിക്ക് ഒരുപാട് ഉപകാരം ചെയ്തിരിക്കുന്നു. അമ്മയെയും എന്റെ അരികില്‍ എത്തിച്ചിരിക്കുന്നു. ഫാ.ജോനസ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.