ലൈംഗികാപവാദ ആരോപണങ്ങളില്‍ സഭ നിര്‍ബന്ധമായും വിശ്വാസം വീണ്ടെടുക്കണം: പോളണ്ട് ആര്‍ച്ച് ബിഷപ്

ക്രാക്കോവ്: വൈദികര്‍ ഉള്‍പ്പെടുന്ന ലൈംഗികാരോപണക്കേസുകളില്‍ കത്തോലിക്കാസഭയ്ക്ക ചെയ്യാനാവുന്നത് നഷ്ടപ്പെട്ടുപോയ വിശ്വാസം വീണ്ടെടുക്കുക എന്നതാണെന്ന്‌ പോളണ്ട് ആര്‍ച്ച് ബിഷപ് പോളക്ക്. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തുകയും ചെയ്യുക. സത്യത്തിന് ഭാഗമായി നില്ക്കുക.പോളണ്ടിലെ സഭയിലുള്ള വിശ്വാസ്യത നമ്മുക്ക് വീണ്ടെടുക്കാം. അദ്ദേഹം പറഞ്ഞു.

കുട്ടികളുടെയും യുവജനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താനുള്ള പോളീഷ് മെത്രാന്‍സംഘത്തിലെ പ്രതിനിധികൂടിയാണ് ആര്‍ച്ച് ബിഷപ് പോളക്ക്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പീഡനപ്രതിസന്ധിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇറ്റലിയിലെ ലാ റിപ്പബ്ലിക്കയില്‍ വന്ന ഫുള്‍പേജ് പരസ്യത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

1990 നും 2018 നും ഇടയില്‍ പോളണ്ടിലെ വൈദികര്‍ ഉള്‍പ്പെട്ട 382 ലൈംഗികപീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി 2013 ല്‍ ഈശോസഭ വൈദികനായ ഫാ. ആദമിനെ സഭ നിയോഗിക്കുകയും ചെയ്തിരുന്നു.

ടെല്‍ നോ വണ്‍ എന്ന പേരില്‍ പോളണ്ടിലെ ലൈംഗികപീഡനങ്ങളെ ആസ്പദമാക്കി അടുത്തയിടെ ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു. 24 മില്യന്‍ പേരാണ് യൂട്യൂബില്‍ ഈ ഡോക്യുമെന്ററി കണ്ടത്.

ഡോക്യുമെന്ററി കണ്ടതിന് ശേഷം നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ തനിക്ക് നിശ്ശബ്ദനോ നിഷ്‌ക്രിയനോ ആയിരിക്കാന്‍ കഴിയില്ലെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.