ക്രൈസ്തവരോടുള്ള വിവേചനം പ്രതിഷേധാര്‍ഹം: പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

കൊച്ചി: രാജ്യത്തെ ആറു വിജ്ഞാപിത മതന്യൂനപക്ഷങ്ങളിലൊന്നായ ക്രൈസ്തവരോട് ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചന പരമായ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ യോഗം.
ന്യൂനപക്ഷ ക്ഷേമ വകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന വിവേചനപരമായ അനുപാതം ഭരണഘടനാ വിരുദ്ധമാണെന്നും സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്ക് വീതിക്കണമെന്നും കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഇതിന്മേല്‍ സമര്‍പ്പിച്ച പുന: പരിശോധനാഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. സര്‍വകക്ഷിയോഗത്തിലും മറ്റും സര്ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ നിന്ന് ചുവടുമാറിയത് ചില സമര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്നാണ് അനുമാനിക്കപ്പെടുന്നത്.

ഹൈക്കോടതിയുടെ 24355/2020 വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം, ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാടു തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെയുള്ള നിയമനടപടികളുമായി പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ മുന്നോട്ടുപോകുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ആര്ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, അംഗങ്ങളായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സെക്രട്ടറി റവ. ഡോ. എബ്രഹാം കാവില്‍പുരയിടത്തില്‍, അസി. സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.