ശുദ്ധീകരണ സ്ഥലത്ത് നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പിതാവിന്റെ ആത്മാവ് പ്രവേശിക്കുന്നത് കാണാന്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ ഭാഗ്യം ലഭിച്ച ഒരു പെണ്‍കുട്ടിയുടെ അനുഭവസാക്ഷ്യം

പതിനേഴാം നൂറ്റാണ്ടിലാണ് ഈ സംഭവം. പിതാവ് മരിച്ചുപോയതിന്റെ വിഷമത്തില്‍ കഴിയുകയായിരുന്ന ആ പെണ്‍കുട്ടി ബെനഡിക്ടന്‍ സന്യാസാധിപനെ സന്ദര്‍ശിച്ചത് പിതാവിന്റെ ആത്മരക്ഷയ്ക്കുവേണ്ടി മൂന്നു വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയായിരുന്നു. പിതാവിനെ ശുദ്ധീകരണസ്ഥലത്ത് നിന്ന് മോചിപ്പിക്കാനും സഹനങ്ങളില്‍ നിന്ന് മോചിതനാക്കാനും ഈ കുര്‍ബാനകള്‍ക്ക് കഴിയുമെന്ന ശിശുസഹജമായ വിശ്വാസമായിരുന്നു ആ പെണ്‍കുട്ടിക്കുണ്ടായിരുന്നത്.

അടുത്തദിവസം തന്നെ മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന ചൊല്ലാമെന്ന് വൈദികന്‍ പെണ്‍കുട്ടിക്ക് വാക്കുനല്കി. അന്നേദിവസം വൈദികന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പെണ്‍കുട്ടി പങ്കെടുക്കുകയും ചെയ്തു.വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പെണ്‍കുട്ടി അതിശയകരമായ ഒരു കാഴ്ച കണ്ടു.

കുര്‍ബാന അര്‍പ്പിക്കുന്ന വൈദികന്റെ സമീപം മുട്ടുകുത്തി പിതാവ് നില്ക്കുന്നു. അദ്ദേഹത്തിന് ചുറ്റും അഗ്നിജ്വാലകള്‍.

രണ്ടാം ദിവസത്തെ കുര്‍ബാനയ്ക്കിടയിലും പെണ്‍കുട്ടി പിതാവിനെ കണ്ടു. അദ്ദേഹം അപ്പോഴും ശുദ്ധീകരണസ്ഥലത്ത് തന്നെയായിരുന്നു. എന്നാല്‍ ആദ്യത്തേതുപോലെ അഗ്നിജ്വാലകള്‍ അദ്ദേഹത്തെ സ്പര്‍ശിക്കുന്നുണ്ടായിരുന്നില്ല. മൂന്നാം ദിവസത്തെ കുര്‍ബാനയിലും പെണ്‍കുട്ടി പിതാവിനെ കണ്ടു. ഇപ്പോള്‍ അദ്ദേഹം തൂമഞ്ഞുപോലെത്തെ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.

അത്ഭുതകരമായ ഒരു ദൃശ്യത്തിനാണ് പെണ്‍കുട്ടി അന്നേ ദിവസം സാക്ഷ്യംവഹിച്ചത്. പിതാവിന്റെ ആത്മാവ് ആകാശത്തിലേക്ക് പറന്നുപോകുന്നത് പെണ്‍കുട്ടി കണ്ടു. പിന്നീടൊരിക്കലും പെണ്‍കുട്ടിക്ക് തന്റെ പിതാവ് മരിച്ചുപോയതോര്‍ത്തുളള സങ്കടം അനുഭവപ്പെട്ടില്ല. തന്റെ പിതാവ് സ്വര്‍ഗ്ഗത്തിലെത്തിചേര്‍ന്നുവെന്ന് ആ പെണ്‍കുട്ടിക്ക് ഉറപ്പായിരുന്നു.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ദിവ്യബലികളും പ്രാര്‍ത്ഥനകളും പ്രയോജനപ്പെടും എന്ന സത്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. അതുകൊണ്ട് നമുക്കും നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കായി വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.