രാജുവാണ് താരം

രാജുവാണ് താരം. അതെ അഭയകേസില്‍ സാക്ഷിയായി മാറിയതിലൂടെ രണ്ടു ദിവസമായി രാജുവാണ് താരമായി മാറിയിരിക്കുന്നത്. രാജുവിനെ നല്ല കള്ളനോട് ഉപമിച്ച് പറുദീസായില്‍ എത്തിച്ചവരുണ്ട്. നീതിക്കുവേണ്ടി പോരാടിയ വ്യക്തിയായിട്ടുള്ള വാഴ്ത്തലുകളുണ്ട്. പ്രലോഭനങ്ങള്‍ക്കു വഴങ്ങാത്തതിന്റെ പേരില്‍ ധീരതയുടെ കുപ്പായമണിയിച്ചവരുണ്ട്. ഹോ.രാജു പോലും ഇത്രയൊന്നും കരുതിയിട്ടുണ്ടാവില്ല ഒരൊറ്റ ദിവസം കൊണ്ട് താന്‍ ഇങ്ങനെയൊക്കെയായിത്തീരുമെന്ന്.

രാജു പറഞ്ഞത് സത്യമെന്നോ അസത്യമെന്നോ മറ്റൊരാള്‍ക്ക് വിലയിരുത്താനാവില്ല. അത് അയാള്‍ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കേണ്ടതും മനസ്സാക്ഷിയെ തൃപ്്തിപ്പെടുത്തേണ്ടതുമായ ഉത്തരമാണ്. അതുപോലെ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും തെറ്റ് ചെയ്‌തോയെന്നും നമുക്കറിയില്ല. അതും അവര്‍ സ്വന്തം മനസ്സാക്ഷിക്കു മുമ്പില്‍ ഉത്തരം കൊടുക്കേണ്ടതാണ്. കോടതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണം അവിശ്വസനീയം എങ്കിലും കോടതിവിധിയെ മാനിക്കുന്നു എന്നാണല്ലോ സഭ പോലും പ്രതികരിച്ചത്.

വിഷയംഅതല്ല രാജുവിനെ സൂപ്പര്‍ പരിവേഷത്തോടെ അവതരിപ്പിക്കുന്നതിനോടാണ് വിയോജിപ്പ്, അത്തരം പ്രവണതയോടാണ് നാം ആരോഗ്യപരമായി കലഹിക്കേണ്ടത്. സോഷ്യല്‍ മീഡിയായില്‍ നാം പൊതുവെ കാണുന്ന പ്രവണത ആര്‍ക്കും എന്തും പറയാം എന്നതാണ്. തന്റെ അഭിപ്രായങ്ങള്‍ അടിച്ചേല്പിക്കാന്‍ കഴിയുന്നു എന്നതാണ്. സെന്‍സറിംങ് ഇല്ലാത്തതുകൊണ്ടു ആര്‍ക്കും വ്യക്തിഹത്യ നടത്താം. സ്വന്തം ലക്ഷ്യം സാധിച്ചെടുക്കാന്‍ എന്തും എഴുതാം. വളരെ നിഷേധാത്മകമായ സമീപനമാണ് ഇത്.

രാജുവിന് വേണ്ടി സ്തുതിപാടുകയും പ്രതികളെ കല്ലെറിയുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ഓര്‍മ്മവന്നത് ബറാബാസിനെ മോചിപ്പിക്കുക, ക്രിസ്തുവിനെ ക്രൂശിക്കുക എന്ന് അലമുറയിട്ട ആ ജനതയെയാണ്. ക്രിസ്തു തെറ്റ് ചെയ്തിരുന്നോ..ബറാബാസ് നീതിമാനായിരുന്നോ..

പക്ഷേ ആ സംഭവം ബറാബാസിന്റെ ജീവിതത്തില്‍ മാറ്റം വരുത്തി. അതുപോലെ പീലാത്തോസിന്റെ ജീവിതത്തിലും. ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് പറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു. നിഷ്‌ക്കളങ്ക രക്തത്തെ ഞാന്‍ ഒറ്റുകൊടുത്തു എന്ന് പറഞ്ഞ് യുദാസ്അവസാനം തൂങ്ങിച്ചത്തു. കൈ കഴുകാനും ഹൃദയം പൊടിയാനും നമുക്ക് അവസരമുണ്ട്. പക്ഷേ കുറ്റബോധം കൊണ്ട് നിറഞ്ഞ് ആത്മഹത്യയിലേക്ക് തിരിയരുത്.

നിഷ്‌ക്കളങ്ക രക്തത്തെ ആരെങ്കിലും ഒറ്റുകൊടുത്തിട്ടുണ്ടെങ്കില്‍ വീണ്ടുവിചാരത്തിന് ഇനിയും അവസരമുണ്ട്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ക്രൂശിക്കപ്പെടരുത് എന്നതാണല്ലോ നീതിവാക്യം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.