മാതൃസന്നിധി അണയൂ, ജപമാല കൈയിലെടുക്കൂ , ഈ കൊന്തമാസം


ഒക്ടോബര്‍.

കേള്‍ക്കുമ്പോള്‍ തന്നെ ഓരോ കത്തോലിക്കന്റെയും മനസ്സിലേക്ക് കടന്നുവരുന്നത് കൊന്തയുടെ ചിത്രമായിരിക്കും. കാതുകളില്‍ മുഴങ്ങുന്നത് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയായിരിക്കും. കാരണം ഓരോ കത്തോലിക്കാവിശ്വാസിയുടെയും ഹൃദയത്തുടിപ്പാണ് ജപമാല.

ഒക്ടോബറില്‍ ഒരുന ന്മ നിറഞ്ഞ മറിയമേയെങ്കിലും കൂടുതലായി ചൊല്ലാത്ത ഒരു മരിയഭക്തന്‍ പോലുമുണ്ടാവില്ല. എന്തുകൊണ്ടാണ് നമ്മള്‍ ജപമാലയക്ക് വളരെയധികം പ്രാധാന്യം നല്കുന്നത്? പരിശുദ്ധഅമ്മ വഴി ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാല. രക്ഷാകര കര്‍മ്മത്തിന്റെ യോഗ്യത നാം അമ്മ വഴി ജപമാലയിലൂടെ സ്വീകരിക്കുന്നു.

ഇങ്ങനെ ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യം പല കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജപമാലയെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തിയാണ് വിശുദ്ധ ഡൊമിനിക്ക്. പാഷണ്ഡതകളോടുള്ള പോരാട്ടത്തില്‍ ശക്തമായ ആയുധമായി ജപമാലയെയും പരിശുദ്ധമറിയത്തെയും കൂട്ടുപിടിച്ചത് ഈ വിശുദ്ധനായിരുന്നു.

മാതാവ് തന്നെയാണ് ജപമാലയുടെ പ്രാധാന്യം ഡൊമിനിക്കിന് വെളിപെടുത്തിക്കൊടുത്തതും. പാപത്തിനും ദൈവദൂഷണത്തിനും എതിരെയുള്ള ശക്തമായ മറുപടിയാണ് ജപമാല എന്നാണ് അന്ന് മാതാവ് ഡൊമിനിക്കിനോട് പറഞ്ഞത്.

1571 ഒക്ടോബറില്‍ നടന്ന ലെപ്പാന്റോ യുദ്ധത്തില്‍ വിശുദ്ധ പിയൂസ് അഞ്ചാമനും ഭക്തജനങ്ങളും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതാണ് വിജയത്തിന് കാരണമായതെന്നും പാരമ്പര്യവിശ്വാസമുണ്ട്. ക്രിസ്ത്യാനികളുടെ ഈ വിജയത്തിന്റെ ദിവസം പിന്നീട് വിജയമാതാവിന്റെ തിരുനാളായി. പതിമൂന്നാം ഗ്രിഗോറിയോസ് മാര്‍പാപ്പയാവട്ടെ പില്ക്കാലത്ത് ഈ തിരുനാളിലെ ജപമാല തിരുനാള്‍ എന്ന് പുനനാമകരണം ചെയ്തു.

1716 മുതല്ക്കാണ് ജപമാല തിരുനാള്‍ സാര്‍വ്വത്രികസഭയില്‍ കൊണ്ടാടാനരംഭിച്ചത്. പതിമൂന്നാം ലെയോണ്‍ മാര്‍പാപ്പയാണ് ഒക്ടോബര്‍ മാസം ജപമാല മാസമായി പ്രഖ്യാപിച്ചത്.

ഒക്ടോബറില്‍ നമുക്ക് മാതാവിനെ കൂടുതലായി സ്‌നേഹിക്കാം. ജപമാല കൈയിലെടുക്കാം. നമ്മുടെ വീടുകളെ, ജപമാല പ്രാര്‍ത്ഥനകള്‍ കൊണ്ട് മുഖരിതമാക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.