ഭയാനകമായ രൂപത്തില്‍ യൗസേപ്പിതാവിനെ ഭയപ്പെടുത്തിയ സാത്താന്‍!

മറ്റ് പല വിശുദ്ധരെയും എന്നതുപോലെ വിശുദ്ധ യൗസേപ്പിതാവിനെയും സാത്താന്‍ പല തവണ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാത്താന്‍ ഒരു വ്യക്തിയെ ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ആ വ്യക്തികള്‍ ദൈവത്തിന് പ്രീതികരമായ വിധത്തില്‍ ജീവിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.

ദൈവത്തെ വെറുക്കുന്ന ഒരാളെയും സാത്താന്‍ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന കാര്യവും നാം ഓര്‍മ്മിക്കണം. കാരണം അത്തരം വ്യക്തികള്‍ സാത്താന് തന്നെ സ്വന്തമായിട്ടുളളവരാണല്ലോ.

എന്നാല്‍ നന്മ ചെയ്യുകയും ദൈവത്തെ അനുസരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ സാത്താന്‍ പേടിപ്പെടുത്താന്‍ ശ്രമിക്കും.

വിശുദ്ധ ജോസഫും ഇക്കാര്യത്തില്‍ ഒഴിവാക്കപ്പെട്ടിരുന്നില്ല. ജോസഫിന്റെ പ്രാര്‍ത്ഥനാസഹായത്താല്‍ മരണാസന്നര്‍ കൂടുതല്‍ ആത്മീയശക്തി പ്രാപിക്കുകയും തിന്മയുടെ ശക്തി ക്ഷയിക്കുകയും ചെയ്തിരുന്നതാണ് സാത്താനെ കോപാകുലനാക്കിയത്.

ആത്മാക്കളെ നിത്യരക്ഷയിലേക്ക് ആനയിക്കാനുള്ള വിശേഷാല്‍ കൃപ ദൈവം ജോസഫിന് നല്കിയിരുന്നു. ജോസഫിന്റെ പരസ്‌നേഹത്തിന്റെ ഈ പ്രവൃത്തിയില്‍ സാത്താന്‍ രോഷാകുലനായിത്തീരുകയും കോപാക്രാന്തനായ സാത്താന്‍ ഭയാനകമായ രൂപത്തില്‍ ജോസഫിന്റെ മുമ്പിലെത്തി ഈ പ്രവൃത്തിയില്‍ നിന്ന് പിന്തിരിയുന്നില്ലെങ്കില്‍ ജോസഫിനെ നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ആ ഭീകരരൂപത്തെ ദര്‍ശിച്ച ജോസഫ് ഭയന്നുവിറച്ചുപോയി.

പെട്ടെന്ന് തന്നെ ജോസഫ് ദൈവത്തെ സഹായത്തിനായി വിളിച്ചപേക്ഷിക്കുകയും അങ്ങനെ ആ പുരാതന സര്‍പ്പം അപ്രത്യക്ഷമാകുകയും ചെയ്തു.

ദൈവത്തിന് പ്രീതികരമായ വിധത്തില്‍ പെരുമാറുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോള്‍ സാത്താന്‍ നമ്മെയും ആക്രമിക്കാന്‍ വരുമെന്നും എന്നാല്‍ ആ സമയം നാം കൂടുതലായി ദൈവത്തില്‍ ശരണം പ്രാപിക്കുകയാണ് വേണ്ടതെന്നുമാണ് ജോസഫിന്റെ ജീവിതത്തിലെ ഈ സംഭവം നമ്മോട് പറയുന്നത്.

നാരകീയ ശക്തികളോടുളള പോരാട്ടത്തില്‍ വിശുദ്ധ യൗസേപ്പേ ഞങ്ങളെ സഹായിക്കണമേ.

ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.