സഭ എന്നാൽ അൽമായരോ?


             തിരുസഭയിൽ അൽമായരുടെ അനന്യതയും ശ്രേഷ്ഠതയും ബോധ്യപ്പെടുത്തുന്ന ഏറ്റവും വിപ്ലവകരമായ പ്രബോധങ്ങൾ നൽകപ്പെട്ടിരിക്കുന്ന ഒരു അദ്ധ്യായമാണിത്. അൽമായർക്ക് വളരെയേറെ ഉത്തേജനവും ഊർജ്ജവും നൽകുന്ന ഈ അദ്ധ്യായത്തിൽ ‘ആരാണ് അൽമായർ’ തിരുസഭയിൽ അൽമായരുടെ വിളിയും ദൗത്യവും എന്തെല്ലാമാണ് എന്നെല്ലാം വളരെ മനോഹരമായി അവതരിക്കുന്നുണ്ട്.                

 “സഭയ്ക്ക് ലോകത്തിലുളള രക്ഷാദൗത്യം മുഴുവൻ സ്വന്തം തോളിൽ വഹിക്കാനല്ല ക്രിസ്തു തങ്ങളെ അഭിഷേകം ചെയ്തിരിക്കുന്നത് എന്ന പരാമർശം മെത്രാന്മാർക്ക് അജ്ഞാതമല്ല” (ഖണ്ഡിക 30) എന്ന് വിവരിക്കുന്നതിലൂടെ സഭയിൽ അൽമായർക്കുള്ള വിളിയും ദൗത്യവും രണ്ടാം വത്തിക്കാൻ കൗൺസിൽ വെളിപ്പെടുത്തുകയാണ്.  തുടർന്ന് ‘ആരാണ് അൽമായർ’ എന്ന് ഖണ്ഡിക 31-ൽ പഠിപ്പിക്കുന്നു; “തിരുപ്പട്ടം സ്വീകരിക്കാത്തവരും സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള സന്യാസ സഭകളിൽ പെടാത്തവരുമായ സഭയിലെ എല്ലാ വിശ്വാസികളെയുമാണ് അൽമായർ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.”

ഈ നിർവ്വചനമനുസരിച്ച് കണക്കാക്കുകയാണെങ്കിൽ സഭയിലെ 99 ശതമാനത്തിലധികംപേരും അൽമായരാണെന്ന് കാണാൻ കഴിയും. മറ്റൊരർത്ഥത്തിൽ സഭയെന്നു പറഞ്ഞാൽ അൽമായരാണെന്നു പറയാം.

ഇതിനെക്കുറിച്ച് പന്ത്രണ്ടാം പീയൂസ് പാപ്പ വളരെ മനോഹരമായി വിവരിക്കുന്നതിപ്രകാരമാണ്; “തങ്ങൾ (അൽമായർ) സഭയോട് ബന്ധപ്പെട്ടവരാണ് എന്നുമാത്രമല്ല, തങ്ങൾ തന്നെയാണ് സഭ എന്ന് അവർക്ക് സുവ്യക്തമായ ബോധ്യമുണ്ടായിരിക്കണം.” കാരണം സഭയിലെ മഹാഭൂരിപക്ഷമാണ് അൽമായർ.

സഭയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികൾ അൽമായരാണ്. മെത്രാൻമാരെയും പുരോഹിതരെയും സംബന്ധിച്ച് അവരുടെ ശുശ്രൂഷകൾ പ്രധാനമായും സഭയിലാണ്. എന്നാൽ അൽമായരെ സംബന്ധിച്ചിടത്തോളം അവർ ഒരേസമയം സഭയിലും ലോകത്തിലും ശുശ്രൂഷ ചെയ്യുന്നവരാണ് . അതുകൊണ്ടുതന്നെ സഭയുടെ യഥാർത്ഥ മുഖം ലോകത്തിന് ദൃശ്യമാകുന്നത് അൽമായരിലൂടെയാണ്.                

തിരുസഭയിൽ ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും തുല്യമാഹാത്മ്യമുള്ളവരാണെന്നു ഖണ്ഡിക 32-ൽ പറയുന്നുണ്ട്. ഇതുവഴി സഭയിൽ ശുശ്രൂഷ ചെയ്യുവാനും, അതുവഴി വിശുദ്ധരാകാനും  മാമോദീസാ സ്വീകരിച്ച എല്ലാവർക്കും യോഗ്യതയും കടമയുമുണ്ടെന്ന് ഇവിടെ പഠിപ്പിക്കുകയാണ്. എങ്കിലും “ചില സ്ഥലങ്ങളിൽ സഭയ്ക്ക് ഭൂമിയുടെ ഉപ്പായി പ്രവർത്തിക്കുവാൻ അൽമായരിലൂടെ മാത്രമേ സാധിക്കൂ” ( ഖണ്ഡിക 33) എന്നോർമ്മപ്പെടുത്തുന്നതിലൂടെ തിരുസഭ അൽമായരുടെ അനന്യതയും ശ്രേഷ്ഠതയും എടുത്തു പഠിപ്പിക്കുകയും അത്രമാത്രം സഭ അൽമായരെ ആശ്രയിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. 

കൂടുതൽ പഠനങ്ങൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/ageQkeG85Zcമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.