മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗ്ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്ന് നിലനില്ക്കുന്ന ആശങ്ക: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗ്ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്ന് നിലനില്ക്കുന്ന ആശങ്കയെന്ന് പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മതേതരത്വത്തിന്റെയും പുരോഗമനചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്.

സമുദായത്തെ കാര്‍ന്നുതിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രെ. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നു. സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ത്ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല. തെറ്റുകള്‍ക്കെതിരെ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരെ ഒരുമിച്ചുകൈകോര്‍ക്കുന്നതുകൊണ്ട് മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപടമതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്. മതസമൂഹവും സെക്കുലര്‍സമൂഹവും ഒന്നിച്ചുജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിന് മാതൃകയാകുന്നത്..

ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവാമെങ്കിലും സമൂഹത്തില്‍ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാന്‍ ആരും കാരണമാകരുത്. തിന്മകള്‍ക്കെതിരെ നമ്മള്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുകളഅ# നല്കപ്പെടുമ്പോള്‍ നമ്മുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹികതിന്മകള്‍ക്കെതിരെ നമുക്ക് വേണ്ടത് മൗനമോ തമസ്‌ക്കരണമോ തിരസ്‌ക്കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണ്. സമൂഹത്തിന്റെ സുസ്ഥിതിക്കും നിലനില്പിനും ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഇത് അനിവാര്യമാണ്.

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ദീപിക ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് മാര്‍ കല്ലറങ്ങാട്ട് ഈ ചിന്തകള്‍ പങ്കുവച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.