സര്‍പ്പത്തെ പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്‌ക്കളങ്കരുമാകണോ, ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ മതി

ഒരു ക്രിസ്ത്യാനിയായി ഈ ലോകത്തില്‍ ജീവിക്കുക എന്നത് പറയും പോലെ എളുപ്പമായ കാര്യമല്ല. പലവിധ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയുമാണ് നമുക്ക് ഓരോ ദിവസവും നേരിടേണ്ടിവരുന്നത് എന്നതുതന്നെ കാരണം.

ഈശോ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത് സര്‍പ്പത്തെ പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്‌ക്കളങ്കരുമായിരിക്കാനാണ്. ഇതും അത്ര എളുപ്പമായ കാര്യമല്ല. പക്ഷേ പ്രാര്‍ത്ഥനയിലൂടെ നമുക്ക് ഇത് സാധ്യമാകും എന്നാണ് ഹെന്റി ന്യൂമാന്‍ പറയുന്നത്.

തന്റെ ജീവിതത്തിലെ പ്രയാസകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നത് സര്‍പ്പത്തെപോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്‌ക്കളങ്കനുമാകാനുള്ള കൃപയ്ക്ക് വേണ്ടിയായിരുന്നു. അതുകൊണ്ട് നമുക്കും ഇങ്ങനെ പ്രാര്‍ത്ഥിക്കാം,

എന്റെ പ്രിയപ്പെട്ട കര്‍ത്താവേ നിന്റെ വചനം അനുസരിച്ച് ജീവിക്കാനായാണല്ലോ എന്നെ നീ അയച്ചിരിക്കുന്നത്. എന്നാല്‍ ലോകത്തിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ കാര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. ലോകത്തിലെ പലരും അവരുടെ പ്രശ്‌നങ്ങളുമായി എന്നെകൂട്ടിക്കെട്ടുകയും എന്റെ ജീവിതത്തെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

സര്‍പ്പത്തെ പോലെ വിവേകിയും പ്രാവുകളെ പോലെ നിഷ്‌ക്കളങ്കനുമാകാന്‍ എന്നെ ഇത്തരം അവസരങ്ങളില്‍ സഹായിക്കണമേ. സങ്കീര്‍്ണ്ണമായ ഈ ലോകത്തില്‍ നിഷ്‌ക്കളങ്കതയോടെ വ്യാപരിക്കാനും ലാളിത്യത്തോടെ ജീവിക്കാനും എന്നെ സഹായിക്കണമേ. തിന്മകളെന്റെ ജീവിതത്തില്‍ അനുവദിക്കരുതേ. വ്യക്തതയോടെ ചിന്തിക്കുവാനും സ്വാതന്ത്ര്യത്തോടെ സംസാരിക്കാനും ധീരതയോടെ പ്രവര്‍ത്തിക്കുവാനും എന്നെ സഹായിക്കണമേ.

എനിക്ക് ധൈര്യം നല്കിയാലും. പ്രാവിന്റെ നിഷ്‌ക്കളങ്കതയും സര്‍പ്പത്തിന്റെ വിവേകവും എനിക്ക് നല്കിയാലും. അപ്പോള്‍ എന്റെ ജീവിതം കൂടുതല്‍ ദൈവഹിതപ്രകാരമാകുമല്ലോ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.