രോഗം മൂലം ഏകാകികളായി കഴിയുകയാണോ ?ഈ പ്രാര്‍ത്ഥന ചൊല്ലി ദൈവത്തില്‍ ആശ്വാസം കണ്ടെത്തൂ

കോവീഡ് 19 ന്റെ ഭീതി പലരെയും ഇന്ന് ഏകാകികളാക്കിയിരിക്കുകയാണ്. രോഗനിരീക്ഷണത്തിനായി കഴിയുന്ന വേളകള്‍.. വീടിന് വെളിയിലേക്ക് പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥ…

ഇവയെല്ലാം രോഗികളെ മാത്രമല്ല ആരോഗ്യമുള്ളവരെപോലും മാനസികമായി തളര്‍ത്തിക്കളയുന്നുണ്ട്. ഈ അവസ്ഥയില്‍ നാം അറിയേണ്ട ഒരു കാര്യം നാം ഒരിക്കലും തനിച്ചല്ല എന്നതാണ്. നാം നമ്മുടെ വേദനകളും സങ്കടങ്ങളും സ്വയം വഹിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതാണ് തനിച്ചാണ് എന്ന ഭാരം നമുക്ക് അനുഭവപ്പെടാന്‍ കാരണം.

എന്നാല്‍ അതിന് പകരം നാം നമ്മുടെ സങ്കടങ്ങളും വേദനകളും പ്രയാസങ്ങളും ഒറ്റപ്പെടലുകളും ദൈവത്തിന്റെ കരങ്ങളിലേക്ക് വച്ചുകൊടുക്കുക. നമ്മെ ആശ്വസിപ്പിക്കാനുള്ള ശക്തി ദൈവത്തിനുണ്ട്. ശാരീരികവും മാനസികവുമായ വേദനകള്‍ ഇല്ലാതാകുന്നത് നാം അപ്പോള്‍ അറിയും.

ഇത്തരം ചുറ്റുപാടുകളില്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

കര്‍ത്താവേ ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥകളെ , വേദനകളെ, സങ്കടങ്ങളെ, നൊമ്പരങ്ങളെ എല്ലാം അങ്ങയുടെ കൈയില്‍ നിന്ന് സ്വീകരിക്കുന്നു. എന്റെ ഹിതങ്ങളെല്ലാം നിന്റെ കൈയിലേക്ക് വച്ചുതരുന്നു. എനിക്ക് സംഭവിക്കാനുളളത് മരണമോ ജീവിതമോ എന്തുമായിരുന്നുകൊള്ളട്ടെ എന്റെ ഹിതമല്ല നിന്റെ ഹിതം നിറവേറട്ടെ. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നിന്റെ ഇഷ്ടം നിറവേറട്ടെ.

എങ്കിലും കര്‍ത്താവേ എന്റെ വേദനകളും രോഗത്തിന്റെ ബുദ്ധിമുട്ടുകളും ഞാന്‍ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. എന്റെ ജീവിതത്തില്‍ ഇന്നുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ അങ്ങയോട് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു.

ഓ മാധുര്യമുള്ള ഈശോയേ, എന്നെ നീ സ്വീകരിക്കണമേ എന്റെ ദുരിതകാലത്ത് നീയെനിക്ക് അഭയമായിരിക്കണമേ. നിന്റെ മുറിവുകളുടെ ഇടയില്‍ എന്നെ നീ മറയ്ക്കണമേ. അങ്ങേ അമൂല്യമായ തിരുരക്തത്താല്‍ എന്റെ ആത്മാവിനെ കഴുകണമേ

എന്റെ ഈശോയേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. എന്റെ മുഴുവന്‍ ഹൃദയത്തോടും ആത്മാവോടും കൂടി എല്ലാറ്റിനെയുംകാളും ഉപരിയായി. എന്നെയും എനിക്കുള്ളതിനെയും സര്‍വതിനെയും നീയെടുത്തുകൊള്ളുക. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.