ഇടതുകൈ അറിയാതെ വലതുകരം ദാനം ചെയ്തിട്ടും രഹസ്യം പുറത്തായി, ഗായകന്‍ മാര്‍ക്കോസിന് വൃക്ക നല്കിയത് ഫാ. കുര്യാക്കോസ് വര്‍ഗ്ഗീസ്

തിരുവല്ല: ദാനം ചെയ്യുമ്പോള്‍ അതെങ്ങനെയായിരിക്കണമെന്ന് ബൈബിള്‍ കൃത്യമായി പറയുന്നുണ്ട്. അങ്ങനെ ദാനം ചെയ്തിട്ടും ആ രഹസ്യം പുറത്താകുമ്പോള്‍ ദൈവം തന്നെ അതിന് വഴിയൊരുക്കിയതാണെന്നേ പറയാന്‍ കഴിയൂ. ഗായകന്‍ കെ. ജി മാര്‍ക്കോസിന്റെ ജീവിതത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം പുറത്തറിഞ്ഞത് ഇപ്പോഴാണ്.

2013 സെപ്റ്റംബറിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. കഠിനമായ ക്ഷീണത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മാര്‍ക്കോസിന് വൃക്കയ്ക്ക ഗുരുതരമായ രോഗമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അനുയോജ്യമായ വൃക്കയ്ക്ക് വേണ്ടിയുള്ള അന്വേഷണമായിരുന്നു.

ഒരു ദിവസം മാര്‍ക്കോസിന്‌റെ ഫോണിലേക്ക് അപരിചിതമായ നമ്പരില്‍ നിന്ന് ഒരു ഫോണ്‍കോളെത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചുമതലയില്‍ ജില്ലയിലെ ആനിക്കാട് പ്രവര്‍ത്തിക്കുന്ന സെന്റ് അന്തോണിയോസ് ദയറയുടെ മാനേജരായ ഫാ. കുര്യാക്കോസ് വര്‍ഗ്ഗീസായിരുന്നു അത്. വൃക്കദാനത്തിനുള്ള തന്റെ സന്നദ്ധത അറിയിച്ചുകൊണ്ടുള്ളതായിരുന്നു ഫോണ്‍. എന്നാല്‍ ഇക്കാര്യം പുറത്തുപറയരുതെന്നും തന്റെ പേര് അറിയാന്‍ പാടില്ലെന്നുമായിരുന്നു വൈദികന്റെ നിലപാട്.

അതുകൊണ്ട് അക്കാലത്ത് ഈ സംഭവം ആരും അറിയാതെ പോയി. എന്തായാലും 2013 ഡിസംബര്‍ അഞ്ചിന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയപ്രദമായി നടന്നു. മാസങ്ങള്‍ക്ക് മുമ്പ് വൃക്ക ആര്‍ക്കാണ് നല്കിയതെന്ന് വെളിപ്പെടുത്തേണ്ട സാഹചര്യമുണ്ടായപ്പോള്‍ മാത്രമാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചതെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞു.

വൈദികന്റെ ഈ മാതൃക അനുകരണീയമാണ്. രണ്ടു നോട്ടുബുക്കും ഒരു സ്‌കൂള്‍ ബാഗും കൊടുത്താല്‍ പോലും പത്രത്തില്‍ എട്ടുകോളം വാര്‍ത്തയാക്കി മാറ്റുന്ന ആത്മീയരെന്ന് ഭാവിക്കുന്നവര്‍ക്ക് ഈ ദാനത്തിന്റെ പേരില്‍ ചില തിരുത്തലുകളും വീണ്ടുവിചാരങ്ങളുമൊക്കെയാവാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.