വ്യാകുലതയുടെ വാള്‍

പരിശുദ്ധ മറിയത്തിന്റെ മുഖത്ത് എപ്പോഴും വ്യാകുലതയുടെ  നിഴലുണ്ട്. ആത്മാര്‍ത്തമായ സ്‌നേഹം എപ്പോഴും വ്യാകുലതകളെ ക്ഷണി്ച്ചുവരുത്തും. അത് ജീവിതത്തിന്റെ അനിവാര്യതയാണ്. നിനക്ക് അപരനോടുള്ള സ്‌നേഹം വ്യാകുലതകള്‍ സൃഷ്ടിക്കുന്നില്ലെങ്കില്‍ ആ സ്‌നേഹം  നൈമിഷികമാണ്. തീവ്രതയില്ലാത്തതാണ്. കാല്‍വരിയിലാണ്് ഏറ്റവും തീവ്രമായി വ്യാകുലതയുടെ  സ്‌നേഹസൗന്ദര്യം ലോകത്തിന് വെളിപ്പെട്ടുകിട്ടുന്നത്. അവിടെ പ്രിയപ്പെട്ടവരൊക്കെ കൈവിട്ടുപോകുന്ന നിസ്സഹായയാ മേരിയെ നാം കാണുന്നു.
 മേരിക്ക് ഈ ഭൂമിയില്‍ അവകാശപ്പെടാന്‍ രണ്ട് ആശ്രയസ്ഥലങ്ങളേ ഉണ്ടായിരുന്നുള്ളൂ.

അവളെ സ്വന്തമായി കരുതി പരിഗണിച്ചവര്‍. ആദ്യത്തെയാള്‍ കാലങ്ങള്‍ക്ക് മുമ്പേ മരിച്ചുകഴിഞ്ഞിരിക്കുന്നു. താങ്ങും തണലുമായ കാവല്‍ക്കാരന്‍- തച്ചനായ ജോസഫ്_ രണ്ടാമത്തെയാള്‍ മരക്കുരിശില്‍ മരണം കാത്തുകിടക്കുന്നു. പ്രിയ മകന്‍ യേശു. ഒരാളുടെ പിന്നാലെ മറ്റെയാളും അപ്രത്യക്ഷനാകുകയാണ്. അവള്‍ മാത്രം മാറ്റിനിര്‍ത്തപ്പെടുന്നു. പുരുഷന്റെ ആശ്രയമില്ലാത്ത ഒരു സ്ത്രീയാണ് ഏറ്റവും ഭൗര്‍ഭാഗ്യവതിയായവള്‍. ഭര്‍ത്താവോ മകനോ ഇല്ലാതെ സഹായമോ സാന്ത്വനമോ ഇല്ലാതെ ഒറ്റയ്ക്ക് ഇനി ജീവിതം തള്ളിനീക്കേണ്ടിവരും.

മകന്‍ അകാലത്തില്‍ മരിക്കുകയാണെങ്കില്‍ ഭര്‍ത്താവിന് ഭാര്യയെ ആശ്വസിപ്പിക്കമായിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാട് മകനിലൂടെ പരിഹരിക്കപ്പെടാമായിരുന്നു, ഒരാളെങ്കിലും ശേഷിച്ചിരുന്നുവെങ്കില്‍. കാല്‍വരിയില്‍ അതുപോലുംഅവള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഇനി അവളുടെ വിതുമ്പുന്ന കണ്ണുകള്‍ ആരു തുടയ്ക്കും ആര്‍ക്കുവേണ്ടി അവള്‍ അത്താഴമൊരുക്കിവയ്ക്കും? ആര്‍ക്കുവേണ്ടി അവള്‍ ഉറക്കമിളച്ച് കാത്തിരിക്കും? കാല്‍വരിയിലെ മേരിയുടെ ഒറ്റപ്പെടലിനെ നിര്‍വചിക്കാന്‍ വാക്കുകള്‍ പോരാ.
 

ഈ മറിയത്തിന്റെ വ്യാകുലവഴികളിലൂടെ കടന്നുപോയ  മറ്റൊരു അമ്മയുടെ ഓര്‍മ്മകളാണ് മനസ്സില്‍. ആത്മസുഹൃത്തിന്റെ അമ്മയാണ്. ഫിലോമിന എന്നാണ് പേര്. ഭര്ത്താവായ ജോസഫിനെ നഷ്ടമായ മേരിക്കു സമം അവര്‍ക്കും അവരുടെ വിവാഹജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ പങ്കാളിയെ ദൈവത്തിന് വിട്ടുകൊടുക്കേണ്ടിവന്നു. പിന്നെയുള്ള ഏകമകന്‍, സങ്കടത്തിലും സന്തോഷത്തിലും പങ്കുചേരേണ്ട ഏക ആശ്രയമായിരുന്നവന്‍ പുരോഹിതനാവണമെന്ന് ആഗ്രഹിച്ചപ്പോള്‍ പരിഭവമില്ലാതെ അവനെയും തിരുസഭയ്ക്ക് കൊടുത്തു. സെമിനാരിയിലെ ആദ്യവര്‍ഷത്തില്‍ തന്നെ മകന്‍ തിരിച്ചുവന്നിട്ടു പറഞ്ഞു

‘ഞാന്‍ പുരോഹിതനാകുന്നില്ല. അമ്മയ്ക്ക് ആദ്യം തുണയാവുകയാണ്  എന്റെ കടമ’. തെല്ലൊരു നിര്‍മമ്മതയോടെ അമ്മ മറുപടി നല്കി വാര്‍ദ്ധക്യത്തില്‍ നീ എന്നെ നോക്കുമെന്ന് എന്താ ഉറപ്പ്? നിന്നെക്കാള്‍ നന്നായിട്ട് ദൈവമെന്നെ കാത്തുകൊള്ളും. നീ സമര്‍പ്പണ വഴിയിലേക്ക് തിരിച്ചുപോകുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ആ ആശ്വാസവാക്കിന്റെ പ്രചോദനത്തില്‍ മകന്‍ തിരികെ സെമിനാരിയിലേക്ക് മടങ്ങി.

കാനായിലെ കല്യാണവീട്ടില്‍ വച്ച് എന്റെ സമയമിനിയും ആയിട്ടില്ലെന്ന് പറഞ്ഞ മകനെ അനിവാര്യമായ സഹനവഴിയിലേക്ക് പോകുന്നതിനുള്ള വാതില്‍ തുറന്നു കൊടുത്ത അമ്മമേരിയുടെ നിഴലനക്കമുള്ള മറ്റൊരമ്മയെ  നാമിവിടെ കാണുന്നു.
അങ്ങനെ ദീര്‍ഘനാളത്തെ പരിശീലനത്തിനൊടുവില്‍ പൊന്നുരുന്നിയിലെ കപ്പൂച്ചിന്‍ ആശ്രമ ദേവാലയത്തില്‍  എന്നോടൊപ്പം ആ സഹോദരനും തിരുപ്പട്ടം സ്വീകരിച്ചപ്പോള്‍ അള്‍ത്താരയ്ക്കടുത്ത് അചഞ്ചലമായ  മനസ്സോടെ അമ്മയും ഇരിപ്പുണ്ടായിരുന്നു.

തന്റെ ഏകമകനെ ദൈവത്തിന് കൊടുത്തതിന്റെ നിര്‍വൃതിയില്‍.പിന്നീട് ഏകയായി രോഗക്ലേശങ്ങളില്‍ കഴിയുമ്പോഴും പരിഭവപ്പെട്ടില്ല. ഒടുവില്‍ മരിക്കുന്നതിന് മുമ്പ് ഒരു മരണപത്രമെഴുതിവച്ചു. എന്റെ  ശരീരം മെഡിക്കല്‍ കോളജിന് കൊടുക്കണമെന്ന്. ഏതൊരാള്‍ക്കും അവശേഷിക്കുന്ന ഒരാഗ്രഹമാമ് മരിക്കുമ്പോള്‍ നല്ലൊരു കല്ലറയില്‍ അടക്കം ചെയ്യപ്പെടണമെന്നത്. പ്രിയപ്പെട്ടവര്‍ക്ക് വര്‍ഷാവര്‍ഷം വന്ന് പ്രാര്‍ത്ഥിക്കാനും മെഴുകുതിരി കത്തിക്കാനും പൂക്കള്‍ വയ്ക്കാനും ഇത്തിരിയിടം. അതുപോലും വേണ്ടെന്ന് പറഞ്ഞ് അവര്‍ കടന്നുപോയിരിക്കുന്നു. തീര്‍ച്ചയായും പരിശുദ്ധ മേരിയുടെ വ്യാകുലതകളുടെ ഓര്‍മ്മയാണി അമ്മ. സത്യമാണ്,വ്യാകുലപ്പെടുന്ന എല്ലാ നല്ല അമ്മമാരുടെയും ഹൃദയത്തില്‍ മേരിയുടെ ശേഷിപ്പുകളുണ്ട്.
 

ഒരുകുട്ടി ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം പഠിക്കുകയാണ്. ദണ്ഡി കടപ്പുറത്തുകൂടി മഹാത്മാഗാന്ധി നടന്നുപോകുന്ന ഒരു ചിത്രമുണ്ടായിരുന്നു അവന്റെ  പാഠപുസ്തകത്തില്‍. അടുത്തിരുന്ന  അമ്മയോടവന്‍ ചോദിച്ചു നമ്മുടെ ഗാന്ധിജിക്ക് എന്തുകൊണ്ടാണ് മൊട്ടത്തല? ചിരിച്ചുകൊണ്ടാണ് അമ്മ പ്രതികരിച്ചത്’ മോനേ, സത്യം മാത്രം പറയുന്ന മഹാത്മാവ് ആയതുകൊണ്ടാണ്.’ അല്പസമയത്തെ നിശ്ശബ്ദതയ്ക്ക് ശേഷം മകന്‍ പറഞ്ഞു: എനിക്ക് ഒരു കാര്യം കൂടി മനസ്സിലായി എന്തുകൊണ്ടാണ്  ലോകത്തിലെ എല്ലാസ്ത്രീകളുടെയും മുടി നീണ്ടുപോയതെന്ന് അമ്മയെപോലെ എല്ലാവരോടും നുണ പറയുന്നതുകൊണ്ടായിരിക്കും അല്ലേ? ഈ കഥ വായിച്ചപ്പോള്‍ ഞാനോര്‍ത്തത് എന്റെ അമ്മയെയാണ്. അമ്മയ്്ക്കും നല്ലതുപോലെ നുണ പറയാനറിയാം.

ദരിദ്രമാകുന്ന ഞങ്ങളുടെ കുടുംബപശ്ചാത്തലത്തില്‍ ഞങ്ങള്‍ അഞ്ചുമക്കള്‍ക്ക് വിളമ്പി ഭക്ഷണം മതിവരാതെ വരുമ്പോള്‍ അമ്മ , അമ്മയ്ക്കുള്ളതുകൂടി ഞങ്ങളുടെ പാത്രത്തിലിട്ടിട്ട്  ഒരു നുണപറയും എനിക്ക് വിശക്കുന്നില്ല. പകലന്തിയോളം വയലില്‍ പണിയെടുത്ത് സന്ധ്യയ്ക്ക് വന്ന് വീണ്ടും വീട്ടുകാര്യങ്ങള്‍ ചെയ്യുമ്പോള്‍ തളര്‍ന്ന മുഖത്തുനോക്കി അമ്മേ ഒന്ന് വിശ്രമിക്ക് എന്ന് പറയുമ്പോള്‍ വീണ്ടും നുണ ആവര്‍ത്തിക്കും എനിക്ക് ക്ഷീണമില്ല എന്ന്.

സാമ്പത്തികപ്രതിസന്ധികള്‍ക്കിടയില്‍ അപ്പച്ചന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്ക്കുമ്പോള്‍ അമ്മ തന്റെ അവസാനസ്വര്‍ണ്ണപൊട്ടുപോലും കൊടുത്തിട്ട് പറയും എനിക്ക്‌സ്വര്‍ണ്ണത്തില്‍ അത്ര താല്പര്യമില്ലെന്ന്. അവധിക്ക് വീട്ടിലെത്തുമ്പോള്‍ തിരുഹൃദയ നടയില്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന അമ്മയോട് എന്തിനാണിത്ര  കരയുന്നതെന്ന് ചോദിക്കുമ്പോള്‍ വീണ്ടും അതേ കള്ളം കണ്ണില്‍ കരടുപോയതാണെന്ന്.
 

ഓരോ പ്രാവശ്യവും അമ്മയുടെ നുണ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ മക്കള്‍ക്കറിയാം ഇത് നുണയല്ല  നന്മയുടെ അഗാധതയില്‍ നിന്നുയരുന്ന സ്‌നേഹവാക്കാണെന്ന്. എല്ലാ നല്ല അമ്മമാരും ഇങ്ങനെയൊക്കെ തന്നെയാണ്. സ്വന്തം വ്യാകുലതകളെ മറച്ചുപിടിച്ച് പുഞ്ചിരിക്കാന്‍ മാത്രം അറിയാവുന്നവര്‍. ഇപ്പോള്‍ ഇതുവായിക്കുന്ന എല്ലാ നല്ല മക്കളും ഓര്‍മ്മിക്കുന്നത് അവരുടെ അമ്മമാരുടെ ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന,, നീറിപ്പുകയുന്ന വ്യാകുലാനുഭവങ്ങളായിരിക്കും. ഭൂമിക്കായി ദൈവം നല്കിയ നന്മയുടെ ശേഷിപ്പുകളാണ് അമ്മമാര്‍. അവരുടെ വ്യാകുലതകളെ പ്രണമിച്ചുകൊണ്ട് കൂട്ടിചേര്‍ക്കട്ടെ എല്ലാവരുടെയും തകര്‍ച്ചകളുടെ നേരത്ത് താങ്ങും തണലുമായി ദൈവം നല്കിയ സഹായകയാണ് മേരി.

കൈയില്‍ ജപമാലയെടുക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് ഈ മേരിയുടെ മുഖമാണ്. അവളോടുള്ള ആദരവാണ്., ദൈവത്തിന്റെ സ്‌നേഹത്തിനും മനുഷ്യരുടെ സഹനത്തിനുമിടയില്‍ മേരി നെയ്‌തെടുത്ത അനുഗ്രഹങ്ങളുടെ മാന്ത്രികചരടാണ്  ജപമാല.  എല്ലാവരും അവരുടെസ്വാര്‍ത്ഥതയിലേക്ക് പിന്‍വാങ്ങുമ്പോള്‍ മെഴുകുതിരി വെട്ടത്തില്‍ തിരുഹൃദയനടയില്‍ ചൊല്ലപ്പെടുന്ന കുടുംബപ്രാര്‍ത്ഥനകള്‍ ദൈവം കടാക്ഷിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥനാമണികള്‍  അനുഗ്രഹങ്ങള്‍ക്ക് കാരണവും ശിക്ഷാവിധിയില്‍ നിന്നുള്ള മോചനവുമാകുമെന്നത് മേരിയിലൂടെ ലഭിച്ച പ്രവചനഭംഗിയുള്ള വാഗ്ദാനമാണ്.

അതുകൊണ്ട് മേരിയുടെ കൈപിടിച്ച് യേശുവിന്റെ പിന്നാലെ സുവിശേഷവഴിയിലൂടെ നമുക്ക് നടക്കാം. സന്തോഷത്തിന്റെ, ദു:ഖത്തിന്റെസ മഹത്വത്തിന്റെ പ്രകാശവഴിയിലൂടെ ഇടറാതെ നടക്കാം.

ജോനാഥ് കപ്പൂച്ചിന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.