ജാമ്യം പ്രതീക്ഷിച്ച് നേപ്പാളിലെ ജയിലില്‍ സൗത്ത് കൊറിയായിലെ രണ്ടു കന്യാസ്ത്രീകള്‍

കാഠ്മണ്ഡു: ദീപാവലി കഴിഞ്ഞ് കോടതി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതും പ്രതീക്ഷിച്ച് ജയിലില്‍ കഴിയുകയാണ് സിസ്റ്റര്‍ ജെമ്മ ലൂസിയായും സിസ്റ്റര്‍ മാര്‍ത്താ പാര്‍ക്കും. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് പോള്‍ ഓഫ് ചാര്‍ട്ടേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ ഇരുവരും സൗത്ത് കൊറിയായില്‍ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകളാണ്.

മതപരിവര്‍ത്തനം നടത്തി എന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്. ഇരുവരും പോക്ക്ഹാര ജയിലിലാണ്. നേരത്തെ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും അത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്. തെരുവുകുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്ന കന്യാസ്ത്രീകളെയാണ് മതപരിവര്‍ത്തനം എന്ന കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നത്.

സെന്റ് പോള്‍സ് ഹാപ്പി ഹോം എന്ന പുനരധിവാസകേന്ദ്രത്തില്‍ 120 തെരുവുകുട്ടികളുണ്ട്. തങ്ങളുടെ സന്യാസസഭയുടെ പേട്രണായ സെന്റ് പോളിന്റെ പേരിലാണ് സ്ഥാപനം നടത്തുന്നത്. വാസ്തവവിരുദ്ധവും നീതിരഹിതവുമാണ് കന്യാസ്ത്രീമാര്‍ക്കെതിരെയുള്ള ആരോപണങ്ങളെന്നും ഇത് നേപ്പാളിലെ കത്തോലിക്കാസമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണെന്നും നേപ്പാളിലെ അപ്പസ്‌തോലിക് വികാര്‍ ബിഷപ് പോള്‍ സിമിക്ക് അറിയിച്ചു.

നേപ്പാളിലെ 30 മില്യന്‍ ജനസംഖ്യയില്‍ 1.4 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്. ഹിന്ദു ഭൂരിപക്ഷരാജ്യമായ ഇവിടെ ക്രൈസ്തവര്‍ പലതരത്തിലുള്ള പീഡനങ്ങള്‍ക്കും ഇരകളായിക്കൊണ്ടിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.