ശുദ്ധീകരണാത്മാക്കള്‍ ജീവിച്ചിരിക്കുന്നവരോട് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുമോ?

ശുദ്ധീകരണാത്മാക്കള്‍ ജീവിച്ചിരിക്കുന്നവരോട് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുമോ?പലര്‍ക്കും അങ്ങനെയൊരു സംശയമുണ്ട്. എന്നാല്‍ ഇത് സത്യമാണെന്നാണ് പല വിശുദ്ധരുടെയും ജീവിതം പറയുന്നത്. അതിലൊരാളാണ് നമ്മുടെ വിശുദ്ധ മറിയം ത്രേസ്യ.

ഒരു ദിവസം രാത്രിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ മുമ്പില്‍ ഒരാള്‍ കരഞ്ഞുകൊണ്ടു നില്ക്കുന്നതായി  വിശുദ്ധ മറിയം ത്രേസ്യാ കാണുകയുണ്ടായി. അടുത്തയിടെ പുത്തന്‍ച്ചിറയില്‍ മരിച്ച ഒരു വ്യക്തിയായിരുന്നു അയാള്‍.

തന്റെ ഉത്തരിപ്പുകടം തീര്‍ക്കണമെന്നും ഇല്ലെങ്കില്‍ ശുദ്ധീകരണസ്ഥലത്ത് തനിക്ക് കഴിയേണ്ടിവരുമെന്നും അയാള്‍ ത്രേസ്യായെ അറിയിച്ചു. ത്രേസ്യാ ഇക്കാര്യം അയാളുടെ വീട്ടുകാരെ അറിയിക്കുകയും അവര്‍ അയാള്‍ക്കുവേണ്ടി ഉത്തരിപ്പുകടം തീര്‍ക്കുകയും ദാനധര്‍മ്മങ്ങള്‍ നടത്തുകയും കുര്‍ബാന ചൊല്ലിപ്പിക്കുകയും ചെയ്തു.

പിന്നീട് ഇയാളെ പരിശുദ്ധ മറിയം സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റിക്കൊണ്ടുപോകുന്നതിനും മറിയം ത്രേസ്യാ സാക്ഷ്യം വഹിക്കുകയുണ്ടായി. തന്റെ ആത്മകഥയിലാണ് ഈ സംഭവം മറിയം ത്രേസ്യാ വിശദീകരിക്കുന്നത്.


വിതയത്തിലച്ചന്റെ കുര്‍ബാനയുടെ സമയത്ത് ഒരാത്മാവ് ശുദ്ധീകരണ സ്ഥലത്തുനിന്ന് മോക്ഷത്തില്‍ പോകുന്നത് താന്‍ കണ്ടുവെന്ന് മറിയം ത്രേസ്യാ  അവിടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്്.  നൂറു വര്‍ഷത്തേക്ക് ശുദ്ധീകരണസ്ഥലത്തേക്ക് വിധിക്കപ്പെട്ട ഒരു ആത്മാവിന് ആറുമാസം കൂടി അവധിയുള്ള അവസരത്തിലായിരുന്നു വിശുദ്ധയുടെ പ്രാര്‍ത്ഥനയുടെ മാധ്യസ്ഥം വഴി കാലാവധി കുറഞ്ഞുകിട്ടി ആത്മാവ് സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചത്.


ആത്മകഥയിലെ തുടര്‍ന്നുള്ള വാക്കുകള്‍ ഇങ്ങനെയാണ്: എത്രയും ബ.പിതാവിനും അയോഗ്യപാപിയായിരിക്കുന്ന എനിക്കും വേണ്ടി അപേക്ഷിക്കാമെന്ന് ആ ആത്മാവ് എന്നോട് പറയുകയും ചെയ്തു. ആ നേരത്തു തന്നെ പിതാവിനോട് പറയുന്നതിനായി കര്‍ത്താവ് എന്നോട് കല്പിച്ചത് അമ്മ പറഞ്ഞുതന്നതുപോലെ ശരിയായി നടക്കണമെന്നും പിതാവ് വിചാരിക്കുന്ന കാര്യം സാധിക്കുമെന്നും… ഇങ്ങനെ ആ വാചകം തുടര്‍ന്നുപോകുന്നു.


ത്രേസ്യായുടെ അയല്‍വാസിയായ ഒരാള്‍ മരിച്ചതിന്റെ എട്ടാം പക്കം അവളുടെ അടുക്കലെത്തി സഹായം ചോദിച്ചു. നാളെ എനിക്കുവേണ്ടി ഒരു കുര്‍ബാന ചൊല്ലിയാല്‍ നാളെത്തന്നെ ഞാന്‍ ശുദ്ധീകരണസ്ഥലത്തു നിന്ന് മോചനം പ്രാപിക്കും. അതുകൊണ്ട് എനിക്കുവേണ്ടി ഒരു കുര്‍ബാന ചൊല്ലാന്‍ ആത്മപിതാവിനോട് പറയണം. ആത്മാവ് അറിയിച്ച കാര്യങ്ങള്‍ പിറ്റേന്നു തന്നെ ത്രേസ്യാ ആത്മപിതാവിനോട് പങ്കുവയ്ക്കുകയും അദ്ദേഹം ആ ആത്മാവിന് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അച്ചന്‍ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന സമയം തന്നെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക കയറിപ്പോകുന്നത് കാണാനും ത്രേസ്യയ്ക്ക്  ഭാഗ്യമുണ്ടായി. ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു എന്ന് ആത്മാവ്  യാത്രാമൊഴി നേരുകയും ചെയ്തു.


കര്‍മ്മലമാതാവിന്റെ #തിരുനാള്‍ ദിവസം ഒരു പൂര്‍ണ്ണദണ്ഡവിമോചനം ശുദ്ധീകരണസ്ഥലത്ത് പീഡകള്‍ സഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ത്രേസ്യാ കാഴ്ചവച്ചത്. അന്ന് ഒരു ആത്മാവ് പ്രത്യക്ഷപ്പെട്ട് അവളെ  അതിന്റെ പേരില്‍ നന്ദി അറിയിക്കുകയും ചെയ്തു. ഇന്ന് ആത്മപിതാവ് ചൊല്ലിയ കുര്‍ബാനയുടെ ഫലവും നീ കാഴ്ച വച്ച പൂര്‍ണ്ണദണ്ഡ വിമോചനവും എനിക്ക് ലഭിച്ചതിനാല്‍ എനിക്ക് സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ സാധിച്ചു.


ഇങ്ങനെ ശുദ്ധീകരണ സ്ഥലത്തിലെ പല ആത്മാക്കളും മറിയം ത്രേസ്യായ്ക്ക് കാണപ്പെടുകയും തങ്ങളുടെ സങ്കടം തീര്‍ത്തുകിട്ടുന്നതിനായി  പ്രാര്‍ത്ഥനാസഹായം ചോദിക്കുകയും ചെയ്തിട്ടുള്ളതിന്റെയും ചിലരൊക്കെ മരിച്ചതിന്റെ ആദ്യ ശനിയാഴ്ച തന്നെ മോക്ഷപ്രാപ്തി നേടുന്നത് കാണുവാന്‍ അവസരം ലഭിച്ചതിന്റെയുമായ നിരവധി സാക്ഷ്യങ്ങള്‍ വിശുദ്ധയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പശ്ചാത്താപമില്ലാതെ മരിക്കുന്നവരുടെ ആത്മാക്കള്‍ നിത്യനരകാഗ്നിയില്‍ വെന്തുനീറുന്നത് ത്രേസ്യക്ക് കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് അവളുടെ ഏറ്റവും വലിയ പ്രാര്‍ത്ഥനകളിലൊന്ന് വ്യക്തികള്‍ നല്ല മരണം പ്രാപിക്കണം എന്നതായിരുന്നു. രാവും പകലും ഭേദമില്ലാതെയെന്നോണം പാപികളുടെ മാനസാന്തരത്തിന് വേണ്ടി ത്രേസ്യാ പ്രാര്‍ത്ഥിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.